Headlines

Thomas Isaac mocks VD Satheesan;’Looks like he has forgotten all the tricks to fill the state treasury without borrowing.’ | ‘കടമെടുക്കാതെ ഖജനാവ് നിറയ്ക്കാനുള്ള സൂത്രപ്പണിയൊക്കെ മറന്നുപോയി’, സതീശനെ പരിഹസിച്ച് തോമസ് ഐസക്


Kerala

oi-Sajitha Gopie

അധികാരത്തിൽ വന്ന് മൂന്ന് മാസത്തിനിടെയുളള യുഡിഎഫ് സർക്കാരിന്റെ വൻ കടമെടുപ്പിനെ രൂക്ഷമായി വിമർശിച്ച് മുൻ ധനവകുപ്പ് മന്ത്രി ഡോ. ടിഎം തോമസ് ഐസക്. പ്രതിപക്ഷ നേതാവായിരിക്കുമ്പോൾ കടമെടുക്കാതെ സംസ്ഥാന ഖജനാവ് നിറയ്ക്കും എന്ന് പറഞ്ഞിരുന്ന വിഡി സതീശൻ ഇപ്പോൾ കടമെടുപ്പിൽ റെക്കോർഡിട്ട് കൊണ്ടിരിക്കുകയാണെന്ന് തോമസ് ഐസക് പരിഹസിച്ചു.

ആരും അറിയാതെ 1 ശതമാനം കൂടി അധികവായ്പ എടുക്കാൻ വിഡി സതീശൻ കേന്ദ്രത്തിന് അപേക്ഷ നൽകിയത് ഇരട്ടത്താപ്പ് ആണെന്നും തോമസ് ഐസക് കുറ്റപ്പെടുത്തി. ബിജെപിയെ മണിയടിച്ച് വായ്പ കൂടുതൽ തരപ്പെടുത്താമെന്നുള്ള വ്യാമോഹത്തിലാണ് മുഖ്യമന്ത്രി വിഡി സതീശനെന്നും ഫേസ്ബുക്ക് പോസ്റ്റിൽ തോമസ് ഐസക് കുറിച്ചു.

‘ഓരോ ദിവസവും യുഡിഎഫ് സർക്കാരിന്റെ ഇരട്ടത്താപ്പുകൾ വെളിപ്പെട്ടുകൊണ്ടിരിക്കുകയാണ്. വി.ഡി. സതീശൻ ഭരണത്തിൽവന്ന് മൂന്ന് മാസംകൊണ്ട് 10,400 കോടി രൂപ കടമെടുത്തു കഴിഞ്ഞു. മറ്റൊരു 1800 കോടിക്ക് അപേക്ഷയും കൊടുത്തിട്ടുണ്ട്. ഇങ്ങനെ പോയാൽ ഈ വർഷം അനുവദനീയമായ വായ്പാപരിധി പകുതി വർഷം കഴിയുമ്പോഴേക്കും മറികടന്നിരിക്കും. അപ്പോൾ പിന്നെ എന്താണ് പോംവഴി?

Thomas Isaac

സംസ്ഥാന ജിഡിപിയുടെ 3% വായ്പയെടുക്കാനാണ് സംസ്ഥാനങ്ങളെ അനുവദിക്കുക. 1% കൂടി അധികമായി വായ്പയെടുക്കാൻ അനുവദിക്കണമെന്നാണ് കേന്ദ്ര സർക്കാരിനോട് കേരള സർക്കാർ അപേക്ഷിച്ചിരിക്കുന്നത്. സത്യപ്രതിജ്ഞ കഴിഞ്ഞ് ആദ്യമാസം തന്നെ ഡൽഹിയിൽച്ചെന്ന് കേന്ദ്ര ധനമന്ത്രിയോട് മുഖ്യമന്ത്രി നടത്തിയ ഈ അപേക്ഷ ഇപ്പോഴാണ് പുറത്തുവന്നത്. സംസ്ഥാനത്തെ കടക്കെണിയിലാക്കി എന്നതായിരുന്നു എൽഡിഎഫ് സർക്കാരിനെതിരായ ഏറ്റവും വലിയ ആക്ഷേപം. കടം അഞ്ചുലക്ഷം കോടിയായി പെരുപ്പിച്ചുകാട്ടി എന്തെല്ലാം പരിഭ്രാന്തിയാണ് സൃഷ്ടിച്ചത്?

എ.കെ. ആന്റണിയുടെ ഭരണകാലത്താണ് കടം ഉച്ഛസ്ഥായിയിലെത്തിയത്. സംസ്ഥാന ജിഡിപിയുടെ ഏതാണ്ട് 45 ശതമാനം. ഇപ്പോൾ അത് 33 ശതമാനമായി കുറഞ്ഞിരിക്കുകയാണ്. എന്നുപറഞ്ഞിട്ടൊന്നും സമ്മതിച്ചുതരില്ല. അഞ്ചുലക്ഷം കോടിയുടെ തുക പറഞ്ഞ് മനുഷ്യരെ പേടിപ്പിച്ചു. അന്നത്തെ പ്രതിപക്ഷനേതാവ് വി.ഡി. സതീശൻ ആണെങ്കിലോ? കടം വാങ്ങാതെ ഖജനാവ് നിറയ്ക്കാനുള്ള സൂത്രങ്ങളുടെ ആശാനായിരുന്നു. 25000 കോടിയുടെ കുടിശിക പിരിക്കുക. 15000 കോടി സ്വർണ്ണത്തിന്റെ നികുതിയിൽ നിന്നും മാത്രം ഈടാക്കുക. ഇങ്ങനെ പല സൂത്രപ്പണികളും അദ്ദേഹം പാതി പറഞ്ഞു നിർത്തിയതാ.

എന്നിട്ട് ഇപ്പോഴോ? കടമെടുപ്പിൽ റെക്കോർഡിട്ടുകൊണ്ടിരിക്കുകയാണ്. ഇതൊക്കെ പറഞ്ഞ് പരിഭ്രാന്തി സൃഷ്ടിക്കാൻ ഞാൻ മുതിരുന്നില്ല. സംസ്ഥാന സർക്കാരിന് അർഹതപ്പെട്ട വായ്പ തന്നെയാണ് അവ. എൽഡിഎഫ് സർക്കാരും ഇതിനപ്പുറമൊന്നും വായ്പയെടുത്തിട്ടില്ല. സത്യം പറഞ്ഞാൽ, അർഹതപ്പെട്ട വായ്പയുടെ 30-40 ശതമാനം തുക ഓരോ തൊടുന്യായം പറഞ്ഞ് നിഷേധിക്കുകയാണ് കേന്ദ്ര സർക്കാർ അന്ന് ചെയ്തത്. യുഡിഎഫ് സർക്കാരിനോട് കൂടുതൽ ഉദാരമായ സമീപനമാണ് കൈക്കൊണ്ടിരിക്കുന്നത്.

പക്ഷേ, ആരോരുമറിയാതെ മുഖ്യമന്ത്രി വി.ഡി. സതീശൻ 1% അധികമായി വായ്പയെടുക്കാൻ അപേക്ഷ കൊടുത്തത് ശരിയായില്ല. കടപ്പേടി ലവലേശം ഇല്ലാത്ത ഒരാളാണ് ഞാൻ. കേരളം കടക്കെണിയിൽ നിന്നൊക്കെ വളരെ ദൂരെയാണെന്നാണ് നിരന്തരം വാദിച്ചുകൊണ്ടിരുന്നത്. മുഖ്യമന്ത്രി സതീശൻ നേരെ വിപരീതമായും. എന്നിട്ട് രഹസ്യമായി അധികമായി കടമെടുക്കാൻ നടത്തിയ ശ്രമം ഇരട്ടത്താപ്പാണ്.

അതുകൊള്ളാമല്ലോ. കടത്തിനെതിരായ ഗീർവാണ പ്രസംഗമൊക്കെ വിഴുങ്ങി. കടമെടുക്കാതെ ഖജനാവ് നിറയ്ക്കാനുള്ള സൂത്രപ്പണിയൊക്കെ മറന്നുപോയി. സാധാരണഗതിയിൽ ലഭിക്കുന്ന അനുവദനീയ വായ്പയോടൊപ്പം മൂന്നിലൊന്ന് തുക കൂടി വായ്പ അനുവദിക്കണമെന്ന് താണുകേണ് അപേക്ഷിച്ചിരിക്കുന്നത്. കേന്ദ്രം അതിനു കഴിയില്ലായെന്ന മറുപടിയും നൽകി. ഈ മറുപടി വന്നപ്പോഴാണ് ഇങ്ങനെയൊരു അപേക്ഷ കൊടുത്തിരുന്നൂവെന്ന് നാം അറിഞ്ഞത്.

ഇപ്പോഴാണ് മനസിലായത് എന്തുകൊണ്ടാണ് ധവളപത്രത്തിലോ, നയപ്രഖ്യാപനത്തിലോ ബജറ്റിലോ കേന്ദ്ര സർക്കാരിന്റെ നയങ്ങൾക്കെതിരെ മിണ്ടാതിരുന്നതെന്ന്. ബിജെപിയെ മണിയടിച്ച് വായ്പ കൂടുതൽ തരപ്പെടുത്താമെന്നുള്ള വ്യാമോഹത്തിലാണ് ഇപ്പോഴും മുഖ്യമന്ത്രി വി.ഡി. സതീശൻ. മുഖ്യമന്ത്രി ഒരുകാര്യം മനസിലാക്കിയാൽ നന്ന്. നമ്മുടെ കേരളം കേന്ദ്ര ബിജെപി സർക്കാരിന് ചതുർത്ഥിയാണ്. വികസനത്തിന് വേറിട്ടൊരു പാതയാണ് നാം സ്വീകരിച്ചത്. അത് അംഗീകരിച്ചുതരാൻ സംഘികൾക്കാവില്ല.

ഇപ്പോൾ നിങ്ങൾ ചെയ്യുന്നതുപോലെ ബിജെപി നയങ്ങളോട് മൃദുസമീപനം സ്വീകരിച്ചും ഗവർണർ ഉന്നതവിദ്യാഭ്യാസ മേഖല തകർക്കുന്നതിനെ പ്രതിരോധിക്കാതെയും കേന്ദ്ര സർക്കാരിന്റെ ശാഠ്യങ്ങൾക്ക് പ്രതിഷേധം പോലുമില്ലാതെ വഴങ്ങിക്കൊടുത്തും കേരള വികസനത്തെ മുന്നോട്ട് കൊണ്ടുപോകാനാകില്ല. ഒന്ന്, കേന്ദ്രം കനിയാൻ പോകുന്നില്ല. രണ്ട്, ഈ കീഴടങ്ങൽ ഞങ്ങൾ സമ്മതിച്ചുതരാനും പോകുന്നില്ല. ജനങ്ങളെ അണിനിരത്തി പ്രതിരോധിക്കും’.



Source link

Leave a Reply

Your email address will not be published. Required fields are marked *