Headlines

രാമനായി രൺബീർ കപൂർ, രാവണനായി യഷ്, സീതയായി സായ് പല്ലവി; ദൃശ്യ വിസ്മയമായി ‘രാമായണ: പാർട്ട് 1’ ട്രെയ്‌ലർ | സിനിമാ വാർത്ത


Last Updated:

ശോഭന കൈകേയിയായി വേഷമിടുന്നു എന്നതാണ് മലയാളികൾക്ക് ഈ ചിത്രത്തിലെ മറ്റൊരു പ്രധാന ആകർഷണം

'രാമായണ: പാർട്ട് 1' ട്രെയ്‌ലർ
‘രാമായണ: പാർട്ട് 1’ ട്രെയ്‌ലർ

‘രാമായണ: പാർട്ട് 1’ (Ramayana: Part 1) എന്ന ബ്രഹ്മാണ്ഡ ചിത്രത്തിൻറെ ട്രെയ്‌ലർ പുറത്തിറങ്ങി. നമിത് മൽഹോത്രയുടെ പ്രൈം ഫോക്കസ് സ്റ്റുഡിയോസും എട്ട് തവണ ഓസ്കർ പുരസ്കാരം നേടിയ പ്രമുഖ വിഷ്വൽ ഇഫക്റ്റ്സ് സ്റ്റുഡിയോയായ ഡിഎൻഇജിയും യഷിൻറെ മോൺസ്റ്റർ മൈൻഡ് ക്രിയേഷൻസും സംയുക്തമായി നിർമ്മിക്കുന്ന ചിത്രത്തിൻറെ ഔദ്യോഗിക ട്രെയ്‌ലർ മലയാളം, ഹിന്ദി, കന്നഡ, തെലുങ്ക്, തമിഴ് എന്നീ അഞ്ച് ഭാഷകളിലാണ് അണിയറപ്രവർത്തകർ പുറത്തുവിട്ടത്. മനംമയക്കുന്ന ദൃശ്യ വിസ്മയമായാണ് ട്രെയ്‌ലർ എത്തിയിരിക്കുന്നത്. നിതീഷ് തിവാരി സംവിധാനം ചെയ്യുന്ന ഈ ചിത്രം 2026 ദീപാവലി റിലീസായി ആഗോളതലത്തിൽ തിയേറ്ററുകളിലെത്തും. സോണി പിക്ചേഴ്സ് ആണ് ചിത്രത്തിൻറെ അന്താരാഷ്ട്ര വിതരണം ഏറ്റെടുത്തിരിക്കുന്നത്. ഉത്തരേന്ത്യയിൽ ധർമ്മ പ്രൊഡക്ഷൻസാണ് ചിത്രം തിയേറ്ററുകളിലെത്തിക്കുന്നത്.

ഇന്ത്യൻ സിനിമ കണ്ട ഏറ്റവും വലിയ താരനിരയാണ് ഈ ഇതിഹാസ സിനിമയ്ക്കായി അണിനിരക്കുന്നത്. ഇന്ത്യയിലും അതിരുകൾക്കപ്പുറത്തും തലമുറകളായി ആരാധിക്കപ്പെടുന്ന ധർമ്മബോധത്തിൻറെ പ്രതീകമായ ശ്രീരാമനെ രൺബീർ കപൂറാണ് അവതരിപ്പിക്കുന്നത്. ചരിത്രത്തിലെ ഏറ്റവും ആദരിക്കപ്പെടുന്ന വനിതകളിലൊരാളായ സീതാദേവിയായി സായ് പല്ലവി എത്തുമ്പോൾ, പ്രൈം ഫോക്കസ് സ്റ്റുഡിയോസിനൊപ്പം തൻറെ മോൺസ്റ്റർ മൈൻഡ് ക്രിയേഷൻസിലൂടെ ഈ ചിത്രം നിർമ്മിക്കുന്ന നടൻ യഷ്, ലോകസിനിമ കണ്ട ഏറ്റവും ശക്തനും അജയ്യനുമായ പ്രതിനായകന്മാരിൽ ഒരാളായ രാവണനായി വരുന്നു. മലയാളികളുടെ പ്രിയനടി ശോഭന കൈകേയിയായി വേഷമിടുന്നു എന്നതാണ് മലയാളികൾക്ക് ഈ ചിത്രത്തിലെ മറ്റൊരു പ്രധാന ആകർഷണം. പണ്ട് ടെലിവിഷൻ രാമായണ പരമ്പരയിൽ ശ്രീരാമനായി എത്തി ജനഹൃദയങ്ങൾ കീഴടക്കിയ അരുൺ ഗോവിൽ ദശരഥ മഹാരാജാവായി തിരിച്ചെത്തുന്നു.

‘ദംഗൽ’ എന്ന ചിത്രത്തിലൂടെ ചൈന അടക്കമുള്ള ആഗോള വിപണികളിൽ ബോക്സ് ഓഫീസ് റെക്കോർഡുകൾ സൃഷ്ടിക്കുകയും, അതേസമയം ഇന്ത്യൻ വൈകാരികതയിലും സംസ്കാരത്തിലും ആഴത്തിൽ വേരൂന്നിയ കഥപറച്ചിൽ രീതിയിലൂടെ ലോകമെമ്പാടുമുള്ള പ്രേക്ഷകരെ സ്വീകരിച്ചതുമായ പ്രശസ്ത സംവിധായകൻ നിതീഷ് തിവാരിയെയും, ഇന്ത്യൻ സിനിമയിലെ വിവിധ തലമുറകളിലെ പ്രതിഭകളെയും നമിത് മൽഹോത്രയുടെ ‘രാമായണം’ ഒന്നിപ്പിക്കുകയാണ്. ലക്ഷ്മണനായി രവി ദുബെയും വിശ്വാമിത്ര മഹർഷിയായി അജിങ്ക്യ ദേവും ഇന്ദ്രദേവനായി കുനാൽ കപൂറൂം ശൂർപ്പണഖയായി രാകുൽ പ്രീത് സിംഗുമാണ് എത്തുന്നത്. ഓസ്കാർ ജേതാക്കളായ സംഗീത ഇതിഹാസങ്ങൾ ഹാൻസ് സിമ്മറും എ.ആർ. റഹ്മാനും ആദ്യമായി ഒന്നിക്കുന്നു എന്നതാണ് ഈ ചിത്രത്തിൻറെ മറ്റൊരു പ്രത്യേകത. ഓസ്കാർ ജേതാവായ ശ്രീധർ രാഘവനാണ് ചിത്രത്തിൻറെ തിരക്കഥ ഒരുക്കിയിരിക്കുന്നത്.

മൂന്ന് ലോകങ്ങൾ അരാജകത്വത്തിലേക്ക് കൂപ്പുകുത്തുമ്പോൾ, പ്രപഞ്ച സമതുലിതാവസ്ഥ വീണ്ടെടുക്കാനായി വിഷ്ണുഭഗവാൻ അവതാരമായി ഭൂമിയിലേക്ക് ഇറങ്ങിവരികയാണ്. മാനവ രാജകുമാരനായ രാമനായി വിഷ്ണു പുനർജനിക്കുന്നു. അഹങ്കാരത്താലും പ്രപഞ്ചത്തെപ്പോലും തകർക്കാൻ ശേഷിയുള്ള പ്രതികാരദാഹത്താലും നയിക്കപ്പെടുന്നവനും, ത്രിമൂർത്തികളുടെ അനുഗ്രഹം ലഭിച്ചവനും, അജയ്യനും അമരനുമായ രാവണൻ എന്ന അതിശക്തനും പണ്ഡിതനുമായ അസുരരാജാവാണ് രാമന് എതിരായി നിൽക്കുന്നത്. വിധിവൈപരീത്യം രാമനെ വനവാസത്തിലേക്കും, തുടർന്ന് രാവണനുമായി ഒടുങ്ങാത്ത പോരാട്ടത്തിലേക്കും നയിക്കുകയാണ്. ദേവന്മാരുടെയും മനുഷ്യരുടെയും വിധി നിർണ്ണയിക്കുന്ന വലിയൊരു ഏറ്റുമുട്ടലായി അത് മാറുന്നതാണ് ചിത്രത്തിൻറെ ആദ്യ ഭാഗത്തിലൂടെ അവതരിപ്പിക്കുന്നത്.

എട്ട് തവണ അക്കാദമി അവാർഡ് നേടിയ വി.എഫ്.എക്സ് സ്റ്റുഡിയോയായ ഡിഎൻഇജി ആണ് ചിത്രത്തിലെ ദൃശ്യവിസ്മയങ്ങൾക്ക് പിന്നിൽ. “രാമായണം എന്നത് കേവലം ഒരു കഥ മാത്രമല്ല, അത് നമ്മുടെ ജീവിതത്തിൻറെയും സംസ്കാരത്തിൻറെയും ഭാഗമാണ്. ഇന്ത്യയുടെ ഏറ്റവും വലിയ ഇതിഹാസം അതിൻറെ എല്ലാ ഭൗതിക സൗന്ദര്യത്തോടും അന്തസ്സോടും കൂടെ ലോകത്തിന് മുന്നിൽ അവതരിപ്പിക്കുക എന്നതാണ് ഞങ്ങളുടെ ലക്ഷ്യ”മെന്ന് നിർമ്മാതാവ് നമിത് മൽഹോത്ര ഇതിനകം വ്യക്തമാക്കിയിട്ടുണ്ട്. രണ്ട് ഭാഗങ്ങളായി പുറത്തിറങ്ങുന്ന ഈ സിനിമാ പരമ്പരയുടെ ആദ്യ ഭാഗം ഇന്ത്യൻ സിനിമയിലെ തന്നെ ഏറ്റവും ചെലവേറിയതും വലിയതുമായ പ്രൊജക്ടുകളിൽ ഒന്നാണ്. പി.ആർ.ഒ.- ആതിര ദിൽജിത്ത്.



Source link

Leave a Reply

Your email address will not be published. Required fields are marked *