Headlines

ഒന്നിന് പിറകേ ഒന്നായി ദുരിതങ്ങൾ, കൂടെ പക്ഷാഘാതവും, അലീമിന് രക്ഷകനായി ലുലു ചെയർമാൻ എംഎ യൂസഫലി| Lulu Chairman MA Yusuff Ali Comes to Aleem’s Rescue, One Misfortune After Another, Then Paralysis Too


Gulf

oi-Sajitha Gopie

പ്രവാസികളും അല്ലാത്തവരുമായ നിരവധി പേര്‍ക്ക് രക്ഷകനായിട്ടുളള വ്യവസായിയാണ് ലുലു ഗ്രൂപ്പ് ചെയര്‍മാന്‍ എംഎ യൂസഫലി. നഷ്ടപ്പെട്ട് പോയെന്ന് ഉറപ്പിച്ചയിടത്ത് നിന്ന് പലരും യൂസഫലിയുടെ കൈ പിടിച്ച് ജീവിതത്തിലേക്ക് തിരികെ വന്നിട്ടുണ്ട്. അത്തരമൊരു അനുഭവം തന്നെയാണ് ഹൈദരാബാദ് സ്വദേശി മുഹമ്മദ് അബ്ദുള്‍ അലീമിനും പറയാനുളളത്.

പക്ഷാഘാതം ബാധിച്ച് വ്യക്തമായി സംസാരിക്കാന്‍ പറ്റാത്ത അവസ്ഥയില്‍ ആണെങ്കിലും മുറിഞ്ഞ് പോകുന്ന വാക്കുകളില്‍ യൂസഫലിക്കും ലുലു ഗ്രൂപ്പിനും അലീം നന്ദി പറയുന്നു. ജീവിതം പലപ്പോഴും അപ്രതീക്ഷിതമായ ആഘാതങ്ങള്‍ നമുക്ക് നല്‍കാറുണ്ട്. അലീമിനാകട്ടെ ഒന്നിന് പിറകേ ഒന്ന് എന്ന പോലെയായിരുന്നു ദുരിതങ്ങള്‍ തേടി വന്നത്.

സൗദി അറേബ്യയില്‍ ഏറെക്കാലമായി സെയില്‍സ്മാനായി ജോലി ചെയ്തിരുന്നു മുഹമ്മദ് അബ്ദുള്‍ അലീം. ആ സമയത്താണ് ആഗ്രഹിച്ച് സ്വന്തമായി ഒരു വാഹനം വാങ്ങിയത്. റൊക്കം പണം കൊടുക്കാന്‍ ഇല്ലാത്തത് കൊണ്ട് തന്നെ തവണ വ്യവസ്ഥയില്‍ ആയിരുന്നു വാഹനം വാങ്ങിയിരുന്നത്. അതിനിടെ ഭാര്യയുടെ രോഗാവസ്ഥ അറിഞ്ഞ് അലീമിന് നാട്ടിലേക്ക് പോകേണ്ടി വന്നു. എന്നാല്‍ അലീമിന്റെ ഭാര്യ മരണത്തിന് കീഴടങ്ങി.

Lulu

ഭാര്യയുടെ മരണം അലീമിനെ വല്ലാതെ തളര്‍ത്തി. അതുകൊണ്ട് തന്നെ അദ്ദേഹത്തിന് സൗദിയിലേക്ക് തിരിച്ച് വരാനും സാധിച്ചില്ല. അതോടെ വാഹനത്തിന്റെ അടവ് മുടങ്ങി. ഏതാനും വര്‍ഷങ്ങള്‍ക്ക് ശേഷം സൗദിയിലേക്ക് അലീം മടങ്ങിയെത്തി. പുതിയ വിസയില്‍ ഹൗസ് ഡ്രൈവറായി ജോലി ലഭിച്ചായിരുന്നു അലീം തിരിച്ച് എത്തിയത്. തന്റെ പഴയ വാഹനം പക്ഷേ അലീമിന് കണ്ടെത്താന്‍ സാധിച്ചില്ല. പണം തിരിച്ച് അടക്കാത്തത് കാരണം കേസും കോടതിയുമായി അലീം വലഞ്ഞു. കോടതി അലീമിന് യാത്രാ വിലക്ക് ഏര്‍പ്പെടുത്തി.

ഇതോടെ അലീം എല്ലാ അര്‍ത്ഥത്തിലും പെട്ടു. അതിനിടെ അടുത്ത ഇരുട്ടടിയായി അലീമിന് പക്ഷാഘാതം വന്ന ശരീരത്തിന്റെ ഒരു വശം തളര്‍ന്നു. ചികിത്സയ്‌ക്കൊന്നും അലീമിന്റെ അവസ്ഥയ്ക്ക് മാറ്റമുണ്ടാക്കാനായില്ല. ഉറ്റവരായി ആരും കൂടെ ഇല്ലാത്തത് കൊണ്ട് ആശുപത്രിയില്‍ നിന്ന് അലീമിനെ മാറ്റിയത് ഒരു അഭയകേന്ദ്രത്തിലേക്കായിരുന്നു. അലീമിന്റെ ആ ദുരവസ്ഥ വാര്‍ത്തകളിലൂടെ അറിഞ്ഞാണ് എംഎ യൂസഫലി അദ്ദേഹത്തിന് നേര്‍ക്ക് സഹായഹസ്തം നീട്ടിയത്.

വാഹനത്തിന്റെ മുഴുവന്‍ കുടിശ്ശികയും ലുലു ഗ്രൂപ്പ് അടച്ച് തീര്‍ത്തു. അലീമിന്റെ യാത്രാവിലക്ക് നീക്കാനുളള നടപടികള്‍ക്ക് മുന്‍കൈ എടുത്തതും എംഎ യൂസഫലി തന്നെയാണ്. മാത്രമല്ല ലുലു പ്രതിനിധി അഭയകേന്ദ്രത്തിലെത്തി നാട്ടിലേക്ക് മടങ്ങാനുളള ടിക്കറ്റും അലീമിന് കൈമാറി. നീണ്ട കാത്തിരിപ്പിന് ശേഷം നാട്ടിലേക്ക് മടങ്ങുമ്പോള്‍ ദൈവത്തിനൊപ്പം യൂസഫലിക്കും നന്ദി പറയുകയാണ് അലീം.



Source link

Leave a Reply

Your email address will not be published. Required fields are marked *