Last Updated:
യാത്രക്കാരൻ കൈകൾ കൂപ്പി പ്രാർത്ഥിക്കുന്നതും സമീപത്ത് വിളക്ക് കത്തുന്നതുമായ ദൃശ്യങ്ങൾ എക്സിൽ പങ്കുവെച്ച വീഡിയോയിലുണ്ട്
ട്രെയിനിന്റെ എ.സി കോച്ചിൽ നിലവിളക്കും ചന്ദനത്തിരിയും കൊളുത്തി പൂജ നടത്തിയ യാത്രക്കാരന്റെ വീഡിയോ സമൂഹമാധ്യമങ്ങളിൽ വ്യാപകമായ പ്രതിഷേധത്തിന് ഇടയാക്കി. കോച്ചിന്റെ മുകൾ ബെർത്തിലിരുന്നായിരുന്നു യാത്രക്കാരന്റെ പൂജ . യാത്രക്കാരൻ കൈകൾ കൂപ്പി പ്രാർത്ഥിക്കുന്നതും സമീപത്ത് വിളക്ക് കത്തുന്നതുമായ ദൃശ്യങ്ങൾ എക്സിൽ പങ്കുവെച്ച വീഡിയോയിലുണ്ട്. പുക ഉയർന്നാൽ ട്രെയിനിലെ ഫയർ അലാറം സിസ്റ്റം പ്രവർത്തിക്കുമെന്നും അടച്ചിട്ട സ്ഥലത്ത് തീ ഉപയോഗിക്കുന്നത് വലിയ ദുരന്തത്തിന് കാരണമാകുമെന്നും സഹയാത്രക്കാരൻ ഇയാളോട് ആവർത്തിച്ച് മുന്നറിയിപ്പ് നൽകിയെങ്കിലും അദ്ദേഹം അത് വകവെക്കാതെ പ്രാർത്ഥന തുടരുകയായിരുന്നു.
പൊതുഗതാഗത സംവിധാനങ്ങളിൽ തീ ഉപയോഗിച്ചുള്ള ഇത്തരം ആചാരങ്ങൾ നടത്തുന്നത് നൂറുകണക്കിന് ആളുകളുടെ ജീവന് ഭീഷണിയാണെന്ന് ചൂണ്ടിക്കാണിച്ചുകൊണ്ട് നിരവധി സോഷ്യൽ മീഡിയ ഉപയോക്താക്കളാണ് രംഗത്തെത്തിയത്. എല്ലാവർക്കും സ്വന്തം വിശ്വാസങ്ങൾ പിന്തുടരാനുള്ള അവകാശമുണ്ടെങ്കിലും പൊതുസ്ഥലങ്ങളിൽ ഇത്തരം സുരക്ഷാ വീഴ്ചകൾ വരുത്തുന്നത് അംഗീകരിക്കാനാവില്ലെന്നാണ് പൊതുവികാരം.
കുറ്റക്കാരനായ വ്യക്തിക്കെതിരെ കർശന നടപടി സ്വീകരിക്കണമെന്നും ട്രെയിൻ യാത്രകളിൽ നിന്ന് ഇയാളെ ആജീവനാന്തം വിലക്കണമെന്നും ആവശ്യമുയർന്നിട്ടുണ്ട്. ഇത്തരക്കാർ സമൂഹത്തിന് അപകടമാണെന്നും യാത്രക്കാരുടെ സുരക്ഷ അപകടത്തിലാക്കുന്നവർക്ക് കടുത്ത ശിക്ഷ നൽകണമെന്നും ആളുകൾ അഭിപ്രായപ്പെട്ടു. പുകവലിക്കുന്നതും തീ കൊളുത്തുന്നതും ഒരുപോലെ കുറ്റകരമാണെന്നും ട്രെയിൻ റിസർവേഷനുകൾ ഉപയോഗിക്കുന്നതിൽ നിന്ന് ഇയാളെ പൂർണ്ണമായും വിലക്കണമെന്നും ആവശ്യപ്പെട്ട് നിരവധി പേർ പോസ്റ്റുകൾ പങ്കുവെച്ചിട്ടുണ്ട്.
New Delhi,New Delhi,Delhi
ട്രെയിനിലെ എസി കോച്ചിൽ വിളക്കും ചന്ദനത്തിരിയും കൊളുത്തി പൂജ; യാത്രക്കാരന് ആജീവനാന്ത വിലക്ക് വേണമെന്ന് സോഷ്യൽ മീഡിയ
