Last Updated:
ഓപ്പറേഷൻ തൂഫാനിൽ മാക്ടയുടെ പങ്കാളിത്തവും സഹകരണവും ഔദ്യോഗികമായി പ്രഖ്യാപിച്ചു കൊണ്ടുള്ള ലോഗോ ആഭ്യന്തര വകുപ്പ് മന്ത്രി രമേശ് ചെന്നിത്തല പ്രകാശനം ചെയ്തു
മയക്കുമരുന്നിനും ലഹരിക്കുമെതിരെ സംസ്ഥാന ആഭ്യന്തരവകുപ്പിന്റെ ആഭിമുഖ്യത്തിൽ സംഘടിപ്പിക്കപ്പെടുന്ന ഓപ്പറേഷൻ തൂഫാനൊപ്പം മലയാള ചലച്ചിത്ര സാങ്കേതിക പ്രവർത്തകരുടെ ഏറ്റവും വലിയ സാംസ്കാരിക കൂട്ടായ്മയായ മാക്ടയും (മലയാളം സിനി ടെക്നിഷൻസ് അസോസിയേഷൻ ) കൈകോർക്കുന്നു.
ഓപ്പറേഷൻ തൂഫാനിൽ മാക്ടയുടെ പങ്കാളിത്തവും സഹകരണവും ഔദ്യോഗികമായി പ്രഖ്യാപിച്ചു കൊണ്ടുള്ള ലോഗോ ആഭ്യന്തര വകുപ്പ് മന്ത്രി രമേശ് ചെന്നിത്തല പ്രകാശനം ചെയ്തു. മലയാള സിനിമയിലെ മഹാരഥൻമാരായ കലാകാരൻമാരുടെ കൂട്ടായ്മയായ മാക്ടയെ പോലൊരു പ്രസ്ഥാനം മുന്നോട്ടുവന്ന് ഈ ഉദ്യമവുമായി സഹകരിക്കുന്നു എന്നത് ഓപ്പറേഷൻ തൂഫാന്റെ ആശയവും ഉദ്ദേശലക്ഷ്യങ്ങളും പുതു തലമുറയിലേക്ക് ഏറ്റവും നല്ല രീതിയിൽ എത്തിക്കുന്നതിന് ഇടയാക്കുമെന്ന് ലോഗൊ പ്രകാശനം നിർവഹിച്ചു കൊണ്ട് രമേശ് ചെന്നിത്തല പ്രസ്താവിച്ചു. മൂന്ന് പതിറ്റാണ്ടിന്റെ പാരമ്പര്യമുള്ള സാംസ്കാരിക പ്രസ്ഥാനം കാലഘട്ടം ആവശ്യപ്പെടുന്ന ഇങ്ങനെയൊരു ദൗത്യം ഏറ്റെടുത്തിരിക്കുന്നത് കേരളത്തിലെ മറ്റ് സംഘടനകൾക്കും പ്രചോദനമാകട്ടെയെന്നും ആഭ്യന്തരമന്ത്രി ആശംസിച്ചു.
മാക്ട ചെയർമാൻ ജോഷി മാത്യു, ജനറൽ സെക്രട്ടറി ശ്രീകുമാർ അരൂക്കുറ്റി, ജോയിന്റ് സെക്രട്ടറി ഉത്പൽ വി. നായനാർ, കമ്മിറ്റിയംഗം എ.എസ്. ദിനേശ് തുടങ്ങിയ മാക്ട ഭാരവാഹികൾക്കൊപ്പം ശ്രീകുമാർ ഹരിപ്പാട്, സജി ഹരിപ്പാട്, സാബു എന്നിവരും ഹരിപ്പാട് നടന്ന ലോഗോ പ്രകാശനച്ചടങ്ങിൽ പങ്കെടുത്തു.
Summary: The Malayalam Cine Technicians Association (MACTA), the largest cultural organisation representing Malayalam film technicians, has joined hands with Operation Toofan, the anti-drug and anti-addiction campaign organized by the State Home Department. The official logo announcing MACTA’s participation and support for Operation Toofan was unveiled by State Home Minister Ramesh Chennithala
Thiruvananthapuram,Kerala
Jul 27, 2026 12:17 PM IST
