Headlines

ദുബായില്‍ ചൂട് കുയറും.. മഴയ്ക്കും മഞ്ഞിനും സാധ്യത; പുതിയ കാലാവസ്ഥ മുന്നറിയിപ്പ് ഇങ്ങനെ | UAE Weather: Cooler Weather and Chance of Rain In Eastern Areas Expects From Today, Details Inside


Gulf

oi-Jithin TP

യു എ ഇയില്‍ ഇന്ന് മുതല്‍ താപനിലയില്‍ കൂടുതല്‍ കുറവുണ്ടാകുമെന്ന് നാഷണല്‍ സെന്റര്‍ ഓഫ് മെറ്റീരിയോളജി ( എന്‍ സി എം ) അറിയിച്ചു. കിഴക്കന്‍ മേഖലകളില്‍ ഉച്ചകഴിഞ്ഞ് സംവഹന മേഘങ്ങള്‍ രൂപപ്പെടുന്നതിനാല്‍ നേരിയ മഴയ്ക്കും സാധ്യതയുണ്ട് എന്ന് കാലാവസ്ഥാ വിദഗ്ധര്‍ മുന്നറിയിപ്പ് നല്‍കി. അന്തരീക്ഷം തെളിഞ്ഞതോ ഭാഗികമായി മേഘാവൃതമോ ആയിരിക്കും എന്നും എന്‍ സി എം അറിയിച്ചു.

രാത്രിയിലും തിങ്കളാഴ്ച രാവിലെയുമായി അന്തരീക്ഷത്തില്‍ ഈര്‍പ്പം വര്‍ധിക്കുന്നതിനാല്‍ തീരപ്രദേശങ്ങളിലും ഉള്‍പ്രദേശങ്ങളിലും മൂടല്‍മഞ്ഞോ മഞ്ഞോ ഉണ്ടാകാന്‍ സാധ്യതയുണ്ടെന്നും കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം പുറത്തിറക്കിയ പ്രസ്താവനയില്‍ വ്യക്തമാക്കി. തെക്ക് – കിഴക്ക് മുതല്‍ വടക്ക്-പടിഞ്ഞാറ് വരെയുള്ള ദിശകളില്‍ നിന്ന് മിതമായ കാറ്റ് വീശുമെന്നും ചില സമയങ്ങളില്‍ കാറ്റിന്റെ വേഗത കൂടിയേക്കാമെന്നും പ്രവചിക്കപ്പെടുന്നു.

UAE Weather

അതേസമയം, അറബിക്കടലിലും ഒമാന്‍ കടലിലും കടല്‍ ശാന്തമായിരിക്കും. ഉള്‍പ്രദേശങ്ങളില്‍ താപനില 42 ഡിഗ്രി സെല്‍ഷ്യസ് മുതല്‍ 47 ഡിഗ്രി സെല്‍ഷ്യസ് വരെയും, തീരപ്രദേശങ്ങളിലും ദ്വീപുകളിലും 36 ഡിഗ്രി സെല്‍ഷ്യസ് മുതല്‍ 41 ഡിഗ്രി സെല്‍ഷ്യസ് വരെയും, മലനിരകളില്‍ 33 ഡിഗ്രി സെല്‍ഷ്യസ് മുതല്‍ 37 ഡിഗ്രി സെല്‍ഷ്യസ് വരെയും ആയിരിക്കുമെന്ന് എന്‍ സി എം അറിയിച്ചു.

കാറ്റിന്റെ വേഗത ഉള്‍പ്രദേശങ്ങളില്‍ മണിക്കൂറില്‍ 35 കിലോമീറ്റര്‍ വരെയും മലനിരകളില്‍ 40 കിലോമീറ്റര്‍ വരെയും എത്താന്‍ സാധ്യതയുണ്ട്. തിങ്കളാഴ്ച മുതല്‍ വ്യാഴാഴ്ച വരെയുള്ള ദിവസങ്ങളില്‍ പൊതുവെ തെളിഞ്ഞതോ ഭാഗികമായി മേഘാവൃതമായതോ ആയ കാലാവസ്ഥയായിരിക്കും അനുഭവപ്പെടുക. അതേസമയം, കിഴക്കന്‍ മേഖലകളില്‍ രൂപപ്പെടുന്ന മേഘങ്ങള്‍ കാരണം മിക്ക ദിവസങ്ങളിലും ഉച്ചയ്ക്കുശേഷം മഴയ്ക്ക് സാധ്യതയുണ്ട്.

തിങ്കള്‍, ചൊവ്വ, ബുധന്‍ ദിവസങ്ങളില്‍ വീശിയടിക്കുന്ന കാറ്റ് പൊടിപടലങ്ങള്‍ ഉയര്‍ത്താന്‍ സാധ്യതയുണ്ട്. അറബിക്കടലില്‍ തിരമാലകള്‍ ശാന്തമായിരിക്കും. ചില അവസരങ്ങളില്‍ മിതമായ നിലയില്‍ തിരമാലകള്‍ ഉയര്‍ന്നേക്കാം. ഒമാന്‍ കടലില്‍ ശാന്തമായ നിലയിലും തുടരുമെന്ന് പ്രതീക്ഷിക്കുന്നു. ചൊവ്വാഴ്ച തെക്കന്‍ മേഖലകളില്‍ മേഘരൂപീകരണത്തിനും മഴയ്ക്കും സാധ്യതയുണ്ട്.

ഒപ്പം വടക്കന്‍ തീരപ്രദേശങ്ങളില്‍ താപനിലയില്‍ കൂടുതല്‍ കുറവുണ്ടാകാനും സാധ്യത കാണുന്നു. രാത്രിയിലും പുലര്‍ച്ചെയുമുള്ള ഉയര്‍ന്ന ആര്‍ദ്രത തുടരുമെന്നും ചില തീരപ്രദേശങ്ങളില്‍ മൂടല്‍മഞ്ഞോ പുകമഞ്ഞോ അനുഭവപ്പെടാന്‍ സാധ്യതയുണ്ടെന്നും കാലാവസ്ഥാ വിഭാഗം അറിയിക്കുന്നു.



Source link

Leave a Reply

Your email address will not be published. Required fields are marked *