Headlines

കോടീശ്വരൻമാരുടെ സ്വന്തം നഗരമായി ദുബായ്; 20 ശതകോടീശ്വരന്മാരുമായി മുന്നേറ്റം, നിലവിൽ 18-ാം സ്ഥാനം | Dubai A City Of Billionaires Home To 20 Billionaires, Now Ranked 18th Globally, Says Report


Gulf

oi-Nidhin Illikkambath

ദുബായ്: ലോകത്തിൽ സമ്പന്നരെ ഏറ്റവും കൂടുതൽ ആകർഷിക്കുന്ന നഗരങ്ങളുടെ പട്ടികയിൽ വീണ്ടും മുന്നേറ്റവുമായി ദുബായ്. ഹെൻലി ആൻഡ് പാർട്നേഴ്‌സ് വേൾഡ്സ് വെൽത്തിയസ്‌റ്റ് സിറ്റീസ് റിപ്പോർട്ട് 2025 വ്യക്തമാക്കുന്നു. നിലവിൽ ദുബായിൽ 81,200 കോടീശ്വരന്മാരും, 100 മില്യൺ ഡോളറിലധികം നിക്ഷേപിക്കാവുന്ന ആസ്‌തിയുള്ള 237 സെന്റി-മില്യണർമാരും, 20 ശതകോടീശ്വരന്മാരും (ബില്യണർമാർ) താമസിക്കുന്നതായി റിപ്പോർട്ടിൽ പറയുന്നു.

2014 മുതൽ 2024 വരെയുള്ള കാലയളവിൽ ദുബായിലെ കോടീശ്വരന്മാരുടെ എണ്ണം 102 ശതമാനം വർധിച്ചതായും ഇതോടെ ലോകത്തിലെ ഏറ്റവും സമ്പന്നരായ 50 നഗരങ്ങളുടെ പട്ടികയിൽ ദുബായ് 21-ാം സ്ഥാനത്ത് നിന്ന് 18-ാം സ്ഥാനത്തേക്ക് ഉയർന്നതായും റിപ്പോർട്ട് ചൂണ്ടിക്കാട്ടുന്നു. നിക്ഷേപക സൗഹൃദ നയങ്ങൾ, വ്യക്തിഗത വരുമാനത്തിനും മൂലധന ലാഭത്തിനുമുള്ള നികുതി ഇല്ലായ്‌മ, അന്താരാഷ്ട്ര സാമ്പത്തിക കേന്ദ്രമെന്ന നിലയിൽ ദുബായ് കൈവരിച്ച വളർച്ച എന്നിവയാണ് ഈ മുന്നേറ്റത്തിന് പ്രധാന കാരണങ്ങളായി വിലയിരുത്തപ്പെടുന്നത്.

dubai

അടുത്ത പത്ത് വർഷത്തിനുള്ളിൽ ദുബായിലെയും അബുദാബിയിലെയും സെന്റി-മില്യണർമാരുടെ എണ്ണം ഇരട്ടിയിലധികമാകുമെന്നാണ് റിപ്പോർട്ടിൽ പ്രവചിക്കുന്നത്. നിക്ഷേപ സൗഹൃദ നിയമങ്ങൾ, ശക്തമായ നിയമസംവിധാനം, നിക്ഷേപത്തിലൂടെ താമസാനുമതി ലഭ്യമാക്കുന്ന പദ്ധതികൾ എന്നിവയിലൂടെ ആഗോള മൂലധനത്തെ ആകർഷിക്കുന്ന യുഎഇയുടെ നയങ്ങളാണ് അതിസമ്പന്നരുടെ പ്രധാന ലക്ഷ്യസ്ഥാനമായി രാജ്യം മാറാൻ കാരണമായതെന്നും റിപ്പോർട്ടിൽ പറയുന്നു.

ആഗോളതലത്തിൽ 3,84,500 കോടീശ്വരന്മാരുമായി ന്യൂയോർക്ക് ലോകത്തിലെ ഏറ്റവും സമ്പന്ന നഗരമെന്ന സ്ഥാനം നിലനിർത്തി. 3,42,400 കോടീശ്വരന്മാരുള്ള സാൻ ഫ്രാൻസിസ്കോ ബേ ഏരിയ രണ്ടാം സ്ഥാനത്തെത്തി. ശതകോടീശ്വരന്മാരുടെ എണ്ണത്തിൽ ന്യൂയോർക്കിനെ പോലും സാൻ ഫ്രാൻസിസ്കോ മറികടന്നതായും റിപ്പോർട്ടിൽ പറയുന്നു.

ടോക്കിയോ മൂന്നാം സ്ഥാനത്തും സിംഗപ്പൂർ നാലാം സ്ഥാനത്തുമാണ്. ലോസ് ആഞ്ചലസ് അഞ്ചാം സ്ഥാനത്തേക്ക് ഉയർന്നപ്പോൾ ലണ്ടൻ ആറാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടു. കഴിഞ്ഞ ഒരു ദശാബ്‌ദത്തിനിടെ കോടീശ്വരന്മാരുടെ എണ്ണത്തിൽ കുറവ് രേഖപ്പെടുത്തിയ ലോകത്തിലെ ആദ്യ 50 നഗരങ്ങളിൽ ലണ്ടനും മോസ്കോയും മാത്രമാണെന്നും റിപ്പോർട്ട് വ്യക്തമാക്കുന്നു.

ആഗോള സമ്പത്ത് കൂടുതൽ ചലനാത്മകമാകുകയാണെന്നും നിക്ഷേപ സ്വാതന്ത്ര്യം, നിയമപരമായ ഉറപ്പ്, മികച്ച ജീവിതനിലവാരം എന്നിവ ഒരുമിച്ച് നൽകുന്ന നഗരങ്ങളിലേക്കാണ് അതിസമ്പന്നർ കൂടുതലായി ചേക്കേറുന്നതെന്നും റിപ്പോർട്ട് വിലയിരുത്തുന്നു. 2035 ഓടെ ദുബായ്, അബുദാബി, ഏഷ്യയിലെയും യൂറോപ്പിലെയും വളർന്നുവരുന്ന സമ്പത്ത് കേന്ദ്രങ്ങൾ എന്നിവിടങ്ങളിൽ സെന്റി-മില്യണർമാരുടെ എണ്ണം 100 ശതമാനത്തിലധികം വർധിക്കുമെന്നാണ് റിപ്പോർട്ട് ചൂണ്ടിക്കാണിക്കുന്നത്.



Source link

Leave a Reply

Your email address will not be published. Required fields are marked *