Last Updated:
പ്രതിമാസം 1.20 ലക്ഷം രൂപ മാത്രമാണ് ചെലവാക്കുന്നത്. ബാക്കി തുക വിദേശത്തേക്ക് മാറാനുള്ള പദ്ധതികൾക്കായി ശേഖരിക്കുകയാണ്
ഇന്ത്യയിൽ താമസിച്ചുകൊണ്ട് പ്രതിമാസം മികച്ച വരുമാനം വാങ്ങിയിട്ടും താൻ വിദേശത്തേക്ക് പോകാൻ ആഗ്രഹിക്കുന്നതായി യുവാവ്. മാസം 4 ലക്ഷം രൂപ വരുമാനമുള്ള യുവാവിന്റെ രാജ്യംവിടാനുള്ള തീരുമാനം സോഷ്യൽമീഡിയയിൽ ചർച്ചയാവുകയാണ്. ഉയർന്ന വരുമാനവും സുഖകരമായ ജീവിതസാഹചര്യങ്ങളും ഉണ്ടായിട്ടും മെച്ചപ്പെട്ട ഭാവിക്കായി രാജ്യം വിട്ട് ഓസ്ട്രേലിയയിൽ സ്ഥിരതാമസമാക്കാനാണ് ആഗ്രഹിക്കുന്നതെന്ന് യുവാവ് വ്യക്തമാക്കി
അൻഷുമാൻ ശർമ്മയുടെ ‘ഫിക്സ് യുവർ ഫിനാൻസ്’ എന്ന പരിപാടിയിലെ സംഭാഷണത്തിനിടെയാണ് ഡാനിയൽ എന്ന യുവാവ് തന്റെ ആശങ്ക പങ്കുവെച്ചത്. ഇന്ത്യയിൽ സമ്പത്ത് കെട്ടിപ്പടുക്കുന്നതല്ല തന്റെ ലക്ഷ്യമെന്നും പകരം മികച്ച ജീവിത നിലവാരത്തിനായി വിദേശത്തേക്ക് മാറാനാണ് തന്റെ ആഗ്രഹമെന്നും യുവാവ് പറയുന്നു.
വിദേശ കമ്പനിക്കായി ജോലി ചെയ്യുന്ന ഡാനിയൽ യൂറോയിലാണ് ശമ്പളം ലഭിക്കുന്നതെന്ന് വെളിപ്പെടുത്തി. താൻ റിമോട്ടായി ജോലി ചെയ്യുകയാണ്. പ്രതിമാസം 3,700 യൂറോയാണ് വരുമാനം. ഇത്രയും പണം ലഭിക്കുന്നതിനാൽ എന്ത് ചെയ്യണമെന്ന് പോലും അറിയാത്ത അവസ്ഥയാണ്.
പ്രതിമാസം 1.20 ലക്ഷം രൂപ മാത്രമാണ് ചെലവാക്കുന്നത്. ബാക്കി തുക വിദേശത്തേക്ക് മാറാനുള്ള പദ്ധതികൾക്കായി ശേഖരിക്കുകയാണെന്നും ഡാനിയൽ വ്യക്തമാക്കി. ഈ വർഷം അവസാനത്തോടെ ഓസ്ട്രേലിയയിലേക്കുള്ള പിആർ അപേക്ഷ നൽകാനാണ് തീരുമാനം.
വിദേശത്ത് ഈ ജോലി തന്നെ തുടരുകയാണെങ്കിൽ എന്തുകൊണ്ടാണ് ഇന്ത്യവിടുന്നതെന്ന് അൻഷുമാൻ ശർമ്മ ചോദിച്ചു. ഇന്ധനവില, നികുതി വർദ്ധന, പരീക്ഷകൾ റദ്ദാകുന്ന സാഹചര്യം തുടങ്ങിയ വിഷയങ്ങൾ യുവാക്കളെ വിദേശത്തേക്ക് പോകാൻ പ്രേരിപ്പിക്കുന്നുവെന്നായിരുന്നു യുവാവിന്റെ മറുപടി.
‘ഒരു പ്രതീക്ഷയുമില്ല’ ; പ്രതിമാസം 4 ലക്ഷം രൂപ വരുമാനമുണ്ടായിട്ടും നല്ല ഭാവിക്കായി ഇന്ത്യ വിടാൻ ആഗ്രഹിക്കുന്നതായി 26-കാരൻ
