Headlines

യുഎഇ നിവാസികൾക്ക് ആശങ്ക; ഓഗസ്‌റ്റിൽ ഇന്ധന വില ഉയർന്നേക്കുമെന്ന് സൂചന, കാരണം ക്രൂഡ് ഓയിൽ വില? | Concern Among UAE Residents; Fuel Prices May Rise In August As Crude Oil Prices Climb


Gulf

oi-Nidhin Illikkambath

ദുബായ്: അന്താരാഷ്ട്ര വിപണിയിൽ ക്രൂഡ് ഓയിൽ വില വീണ്ടും ബാരലിന് 100 ഡോളറിന് മുകളിലെത്തിയതോടെ യുഎഇയിൽ ഓഗസ്‌റ്റിൽ ഇന്ധനവില വീണ്ടും കൂടാൻ സാധ്യതയെന്ന് സൂചന. ഇതോടെ തുടർച്ചയായ രണ്ടാം മാസവും ഇന്ധനവില കുറയുമെന്ന പ്രതീക്ഷ മങ്ങുകയാണ്. അന്താരാഷ്ട്ര മാനദണ്ഡമായ ബ്രെന്റ് ക്രൂഡ് വ്യാഴാഴ്‌ച ഒരു ഘട്ടത്തിൽ 7 ശതമാനം ഉയർന്ന് ബാരലിന് 100.78 ഡോളറിലെത്തിയിരുന്നു.

അമേരിക്കൻ മാനദണ്ഡമായ വെസ്‌റ്റ് ടെക്‌സാസ് ഇന്റർമീഡിയറ്റ് 5 ശതമാനം ഉയർന്ന് 91.78 ഡോളറായും, അബുദാബി കയറ്റുമതിയുടെ മാനദണ്ഡമായ മുർബാൻ ക്രൂഡ് 15 ശതമാനം ഉയർന്ന് 105.40 ഡോളറായി മാറുകയും ചെയ്‌തു. കഴിഞ്ഞ അഞ്ച് വ്യാപാര ദിവങ്ങളായി എണ്ണവില തുടർച്ചയായി ഉയരുകയാണ്. ഇതോടെ ജൂലൈയിൽ ഇന്ധനവില കുറയാൻ കാരണമായ എണ്ണവില ഇടിവിന്റെ വലിയൊരു ശതമാനവും ഇല്ലാതായി.

uae

ജൂലൈയിൽ സൂപ്പർ 98 പെട്രോളിന്റെ വില ലിറ്ററിന് 3.40 ദിർഹം, സ്പെഷ്യൽ 95-ന്റെ വില 3.29 ദിർഹം, ഇ-പ്ലസ് 91-ന്റെ വില 3.21 ദിർഹം, ഡീസലിന്റെ വില 3.60 ദിർഹം എന്നിങ്ങനെ കുറച്ചിരുന്നു. യുഎഇയിൽ എല്ലാ മാസവും അന്താരാഷ്ട്ര ക്രൂഡ് ഓയിൽ വിലയുടെയും ശുദ്ധീകരിച്ച ഇന്ധനത്തിന്റെ ശരാശരി വിലയുടെയും അടിസ്ഥാനത്തിലാണ് പെട്രോളിന്റെയും ഡീസലിന്റെയും ചില്ലറവില നിശ്ചയിക്കുന്നത്.

അതിനാൽ അന്താരാഷ്ട്ര വിപണിയിൽ എണ്ണവില ഉയർന്ന നിലയിൽ തുടർന്നാൽ അതിന്റെ പ്രതിഫലനം ഓഗസ്‌റ്റിലെ ഇന്ധനവിലയിലും ഉണ്ടാകുമെന്ന് ഉറപ്പാണ്. എന്നാൽ ഓഗസ്‌റ്റിലെ ഇന്ധനവില ഒരു ദിവസത്തെ വിലക്കയറ്റം മാത്രം കണക്കിലെടുത്തല്ല തീരുമാനിക്കുക. ജൂലൈ മാസത്തിന്റെ ശേഷിക്കുന്ന ദിവസങ്ങളിലെ എണ്ണവിലയുടെ ശരാശരിയാണ് ഇതിനായി പരിഗണിക്കുന്നത്.

ജൂലൈ അവസാനത്തോടെ ബ്രെന്റ് ക്രൂഡ് ബാരലിന് 95 മുതൽ 100 ഡോളർ വരെയുള്ള നിരക്കിൽ തുടർന്നാൽ ഓഗസ്‌റ്റിൽ ഇന്ധനവില ഉയരാൻ സാധ്യതയുണ്ടെന്നാണ് വിദഗ്‌ധരുടെ വിലയിരുത്തൽ. അതേസമയം, ഇപ്പോഴത്തെ വിലക്കയറ്റം താൽക്കാലികമായി മാത്രമാവുകയും എണ്ണവില വീണ്ടും 80 മുതൽ 85 ഡോളർ വരെയുള്ള നിലയിലേക്ക് താഴുകയാണെങ്കിലും വാഹനയാത്രക്കാർക്ക് വലിയ വിലവർധന നേരിടേണ്ടി വരില്ലെന്നാണ് പ്രതീക്ഷ.

ഒരു ഇടവേളയ്ക്ക് ശേഷം അടുത്തിടെ എണ്ണവില കുതിച്ചുയരാൻ പ്രധാന കാരണമാവുന്നത് മിഡിൽ ഈസ്‌റ്റിലെ ഊർജവിതണത്തെക്കുറിച്ചുള്ള പുതിയ ആശങ്കകളാണ്. സൗദി അറേബ്യയുടെ എണ്ണ ടാങ്കറുകൾ ആക്രമിക്കപ്പെട്ടെന്ന റിപ്പോർട്ടുകൾ പുറത്തുവന്നതോടെ, ഗൾഫ് മേഖലയെ ലോക വിപണിയുമായി ബന്ധിപ്പിക്കുന്ന പ്രധാന കടൽഗതാഗത പാതകൾക്ക് വീണ്ടും തടസം നേരിടുമോയെന്ന ആശങ്ക ഉയരുകയാണ്. ഇതാണ് വിലയെ സ്വാധീനിക്കുന്ന പ്രധാന കാര്യം.



Source link

Leave a Reply

Your email address will not be published. Required fields are marked *