Headlines

സമസ്ത ജനറല്‍ സെക്രട്ടറി പ്രൊഫ. ആലിക്കുട്ടി മുസ്ല്യാര്‍ അന്തരിച്ചു; വിട പറഞ്ഞത് പണ്ഡിത ശ്രേഷ്ഠന്‍ | Samastha General Secretary Prof. Alikutty Musliyar Passes Away; Distinguished Scholar Bids Farewell


Kerala

oi-Ashif N

സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമ ജന.സെക്രട്ടറിയും കേരളത്തിലെ പ്രമുഖ മുസ്ലിം പണ്ഡിതനുമായ പ്രൊഫ. കെ ആലിക്കുട്ടി മുസ്ലിയാര്‍ (81) അന്തരിച്ചു. ഇന്ന് ഉച്ചക്ക് ശേഷം തിരൂര്‍ക്കാടുള്ള വസതിയില്‍ ആയിരുന്നു അന്ത്യം. 2016ല്‍ ചെറുശ്ശേരി സൈനുദ്ദീന്‍ മുസ്ലിയാരുടെ വിയോഗത്തിന് ശേഷമാണ് സമസ്തയുടെ ജനറല്‍ സെക്രട്ടറി ആയത്. 2003 മുതല്‍ പട്ടിക്കാട് ജാമിഅ നൂരിയ അറബിക് കോളജ് പ്രിന്‍സിപ്പല്‍ കൂടിയാണ്.

2003 മുതല്‍ 2006 വരെ കേരള കേരള ഹജ്ജ് കമ്മിറ്റി ചെയര്‍മാനായിരുന്ന അദ്ദേഹം 2006 മുതല്‍ 2009 വരെ കേന്ദ്ര ഹജ്ജ് കമ്മിറ്റി വൈസ് ചെയര്‍മാനായും പ്രവര്‍ത്തിച്ചു. മന്ത്രിയല്ലാത്ത ഒരാള്‍ ചെയര്‍മാന്‍ പദവിയില്‍ ആദ്യമായി എത്തുന്നത് ആലിക്കുട്ടിമുസ്ലിയാരാണ്. സുന്നി അഫ്കാര്‍ ചീഫ് എഡിറ്റര്‍ ആയും പ്രവര്‍ത്തിച്ചിട്ടുണ്ട്.

Alikutty Musliyar Passes Away

മലപ്പുറം ജില്ലയിലെ ഇരുമ്പുഴി തെക്കുംമുറിയില്‍ തിരൂര്‍ക്കാട് കുന്നത്ത് മൂസ ഹാജിയുടെയും മാടമ്പി ഇയ്യാത്തുട്ടിയുടെയും മകനായി 1945ല്‍ ആയിരുന്നു ജനനം. പ്രാഥമിക മതപഠനം പിതാമഹനായിരുന്ന കുന്നത്ത് ആലി ഹാജിയുടെ ഓത്തുപുരയിലും ഭൗതിക വിദ്യാഭ്യാസം തിരൂര്‍ക്കാട് മാപ്പിള സ്‌കൂളിലുമായിരുന്നു. ഏഴാം വയസ്സില്‍ ഇരുമ്പുഴി തെക്കുംമുറിയില്‍ ദര്‍സില്‍ പഠനം ആരംഭിച്ചു. 1964ല്‍ ജാമിഅ നൂരിയ്യയില്‍ ചേര്‍ന്നു.

16 ാം വയസ്സില്‍ തിരൂര്‍ക്കാട് മഹല്ല് പള്ളി ഖത്തീബായും 20 ാം വയസ്സില്‍ മഹല്ല് ഖാസിയായും നിയമിക്കപ്പെട്ട് ചെറുപ്പത്തിലേ നേതൃപാടവം തെളിയിച്ച വ്യക്തിത്വമാണ്. 1968ല്‍ പട്ടിക്കാട് ജാമിഅ നൂരിയ്യ അറബിക് കോളജില്‍ നിന്ന് ഫൈസി ബിരുദം നേടിയതിന് ശേഷം മീനാര്‍കുഴി ദര്‍സിലാണ് ആദ്യ സേവനം. 1979ല്‍ പട്ടിക്കാട് ജാമിഅ നൂരിയയില്‍ ശംസുല്‍ ഉലമയുടെ ഒഴിവിലേക്ക് അധ്യാപകനായും പിന്നീട് പ്രിന്‍സിപ്പലായും നിയമിതനായി.

സമസ്ത മുശാവറ അംഗമായി 1986ലും എസ്‌വൈഎസ് ജനറല്‍ സെക്രട്ടറിയായി 1992ലും തെരഞ്ഞെടുക്കപ്പെട്ടു. 2010ല്‍ സമസ്ത ജോയിന്റ് സെക്രട്ടറിയായി. 2009 മുതല്‍ സമസ്ത വിദ്യാഭ്യാസ ബോര്‍ഡ് വൈസ് പ്രസിഡന്റ് ആണ്. ഇന്ത്യക്കകത്തും പുറത്തും നിരവധി വിഷയങ്ങളില്‍ പ്രബന്ധങ്ങള്‍ അവതരിപ്പിച്ചും ഇന്ത്യന്‍ മുസ്ലിംകളെ പ്രതിനിധീകരിച്ച് നിരവധി രാജ്യങ്ങളിലെ അന്താരാഷ്ട്ര സമ്മേളനത്തില്‍ പങ്കെടുത്തിട്ടുമുള്ള ആലിക്കുട്ടി മുസ്ലിയാര്‍ നിലവില്‍ മുസ്ലിം വേള്‍ഡ് ലീഗിലെ ഇസ്ലാമിക് ഫിഖ്ഹ് കൗണ്‍സില്‍ അംഗം കൂടിയാണ്.

1978ല്‍ കേന്ദ്ര മാനവവിഭവശേഷി മന്ത്രാലയത്തിനു കീഴില്‍ ഹൈദരാബാദില്‍ പ്രവര്‍ത്തിക്കുന്ന ഇംഗ്ലീഷ് ആന്‍ഡ് ഫോറിന്‍ ലാംഗ്വേജസ് യൂനിവേഴ്സിറ്റിയുടെ സിലബസ് രൂപീകരണ കമ്മിറ്റിയില്‍ അംഗമായിട്ടുണ്ട്. 2008 ല്‍ ഈജിപ്തിലെ അല്‍ അസ്ഹര്‍ സര്‍വകലാശാലയില്‍ ശിഹാബ് തങ്ങളുടെ പകരക്കാരനായി പൂര്‍വ വിദ്യാര്‍ത്ഥി സംഗമത്തില്‍ സംബന്ധിച്ചു. 2011 ലിബിയയില്‍ പ്രസിഡണ്ട് മുഅമ്മര്‍ ഗദ്ദാഫിയുടെ നേതൃത്വത്തില്‍ നടന്ന അന്താരാഷ്ട്ര സൂഫീ സമ്മേളനത്തിലും 2012ല്‍ മൊറോക്കോയില്‍ നടന്ന സൂഫീ സമ്മേളനത്തിലും തുടര്‍ന്നുള്ള രണ്ടുവര്‍ഷം സെനഗലിലില്‍ നടന്ന സമ്മേളനങ്ങളിലും പ്രബന്ധങ്ങള്‍ അവതരിപ്പിച്ചിട്ടുണ്ട്.



Source link

Leave a Reply

Your email address will not be published. Required fields are marked *