Headlines

ബെംഗളൂരു കെംപഗൗഡ വിമാനത്താവളം അടിമുടി മാറും; വൻ വികസന പദ്ധതി അണിയറയിൽ, 2035ൽ പൂർത്തിയാക്കും | Bengaluru Kempegowda Airport Set For A Major Overhaul; Massive Development Project In The Works


India

oi-Nidhin Illikkambath

ബെംഗളൂരു: കെംപെഗൗഡ അന്താരാഷ്ട്ര വിമാനത്താവളത്തിന്റെ ബൃഹത്തായ വികസന പദ്ധതിക്ക് കേന്ദ്ര പരിസ്ഥിതി, വനം, കാലാവസ്ഥാ വ്യതിയാന മന്ത്രാലയത്തിന്റെ പാരിസ്ഥിതിക അനുമതി. വികസനം പൂർത്തിയാകുന്നതോടെ വിമാനത്താവളത്തിന്റെ വാർഷിക യാത്രക്കാരെ കൈകാര്യം ചെയ്യാനുള്ള ശേഷി നിലവിലെ 5.5 കോടി (55 ദശലക്ഷം) പേരിൽ നിന്ന് 11.4 കോടി (114 ദശലക്ഷം) പേരായി ഉയരുമെന്നതാണ് പ്രത്യേകത.

വിമാനത്താവളം നടത്തിപ്പുകാരായ ബെംഗളൂരു ഇന്റർനാഷണൽ എയർപോർട്ട് ലിമിറ്റഡിന്റെ പദ്ധതിപ്രകാരം ദേവനഹള്ളി താലൂക്കിലെ നിലവിലുള്ള 4009 ഏക്കർ വിമാനത്താവള പരിധിക്കുള്ളിലാണ് വികസന പ്രവർത്തനങ്ങൾ നടക്കുക. ചരക്ക് കൈകാര്യം ചെയ്യാനുള്ള വാർഷിക ശേഷിയും 10 ലക്ഷം ടണ്ണിൽ നിന്ന് 14 ലക്ഷം ടണ്ണായി വർധിപ്പിക്കാൻ പദ്ധതികൾ ആസൂത്രണം ചെയ്യുന്നുണ്ട്.

bengaluru

ഇക്കഴിഞ്ഞ മെയ് 13-ന് കേന്ദ്ര പരിസ്ഥിതി മന്ത്രാലയം നൽകിയ അനുമതി പ്രകാരം വിമാനത്താവളത്തിലെ എയർ ട്രാഫിക് മൂവ്‌മെന്റ് ശേഷി മണിക്കൂറിൽ 60 വിമാനങ്ങളിൽ നിന്ന് 90 വിമാനങ്ങളായി ഉയർത്താനാണ് തീരുമാനം. ഇതിനായി നിലവിലുള്ള രണ്ട് ക്രോസ്‌ഫീൽഡ് ടാക്‌സിവേകൾ നാലായി വികസിപ്പിക്കുകയാണ് ചെയ്യുക.

യാത്രാ ടെർമിനലുകളുടെ ആകെ വിസ്‌തീർണം നിലവിലെ 4.21 ലക്ഷം ചതുരശ്ര മീറ്ററിൽ നിന്ന് 10 ലക്ഷം ചതുരശ്ര മീറ്ററിലേറെയായി വർധിപ്പിക്കും. ടെർമിനൽ 1-ന്റെ വാർഷിക ശേഷി നിലവിലെ 2 കോടിയിൽ നിന്ന് 3.5 കോടിയായി ഉയർത്തും. ടെർമിനൽ 2-ന്റെ രണ്ടാംഘട്ട വികസനം പൂർത്തിയാകുന്നതോടെ അതിന്റെ ശേഷി 2.5 കോടിയിൽ നിന്ന് 4.5 കോടിയായി വർധിക്കും.

കൂടാതെ, നിർദേശിച്ചിരിക്കുന്ന ടെർമിനൽ 3 പ്രതിവർഷം 2 കോടി യാത്രക്കാരെ കൂടി കൈകാര്യം ചെയ്യാൻ ശേഷിയുള്ളതായിരിക്കും. 2035-ഓടെ വിമാനത്താവളത്തിന്റെ മൊത്തം ശേഷി 10 കോടി യാത്രക്കാരിലേയ്ക്ക് എത്തുമെന്നാണ് ബിഐഎഎൽ പ്രതീക്ഷിക്കുന്നത്. 2025-26 സാമ്പത്തിക വർഷത്തിൽ കെംപെഗൗഡ വിമാനത്താവളം 4.447 കോടി യാത്രക്കാരെയാണ് കൈകാര്യം ചെയ്‌തത്‌.

വിമാനങ്ങളുടെ അറ്റകുറ്റപ്പണി, പരിപാലനം, ഗ്രൗണ്ട് സപ്പോർട്ട് ഉപകരണങ്ങൾ, ഫ്ലൈറ്റ് കിച്ചൻ എന്നിവയുടെ സൗകര്യങ്ങളും വിപുലീകരിക്കും. ‘എയർപോർട്ട് സിറ്റി’ പദ്ധതിയുടെ ഭാഗമായി വാണിജ്യ സമുച്ചയങ്ങൾ, ബഹുനില പാർക്കിങ്, ഹോട്ടലുകൾ, റീട്ടെയിൽ കേന്ദ്രങ്ങൾ, കൺവെൻഷൻ സൗകര്യങ്ങൾ എന്നിവയും നിർമ്മിക്കും.

അടിസ്ഥാന സൗകര്യങ്ങളിലും വലിയ മാറ്റങ്ങളാണ് പദ്ധതിയിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. മലിനജല ശുദ്ധീകരണ ശേഷി പ്രതിദിനം 1.617 കോടി ലിറ്ററായി ഉയർത്തും. കൂടാതെ 70 കോടി ലിറ്റർ ശേഷിയുള്ള മഴവെള്ള സംഭരണ സംവിധാനവും സ്ഥാപിക്കും. പാരിസ്ഥിതിക അനുമതിയുടെ ഭാഗമായി ഊർജക്ഷമമായ മലിനജല ശുദ്ധീകരണ സംവിധാനം, മഴവെള്ള സംഭരണം വിപുലീകരിക്കൽ, മരങ്ങൾ നട്ടുപിടിപ്പിക്കൽ എന്നിങ്ങനെയാണ് മറ്റ് പദ്ധതികൾ.



Source link

Leave a Reply

Your email address will not be published. Required fields are marked *