Headlines

ദിലീപ് പ്രതിയായ കേസില്‍ മറ്റു പ്രതികള്‍ക്ക് തിരിച്ചടി, അപ്പീല്‍ ഹൈക്കോടതി തള്ളി | Actress Dileep Case: Kerala High Court Rejected Appeal Submitted By Two Accused, Here Is Reason


Kerala

oi-Ashif N

കൊച്ചിയില്‍ നടി ആക്രമിക്കപ്പെട്ട സംഭവത്തില്‍ ശിക്ഷ അനുഭവിക്കുന്ന പ്രതികളുടെ അപേക്ഷ ഹൈക്കോടതി തള്ളി. ശിക്ഷ റദ്ദാക്കി വെറുതെ വിടണം എന്നായിരുന്നു പ്രതികളുടെ ആവശ്യം. കുറ്റകൃത്യം നടപ്പാക്കിയ രീതിയും ഗൗരവും പരിഗണിക്കുമ്പോള്‍ ശിക്ഷ മരവിപ്പിക്കാനുള്ള കാരണമില്ലെന്ന് ഹൈക്കോടതി നിരീക്ഷിച്ചു. രണ്ടു പ്രതികളുടെ അപേക്ഷയാണ് കോടതി തള്ളിയത്.

നടി ആക്രമിക്കപ്പെട്ട കേസില്‍ ആറ് പ്രതികളെയാണ് വിചാരണ കോടതി 20 വര്‍ഷം തടവിന് ശിക്ഷിച്ചത്. ശിക്ഷ റദ്ദാക്കണം എന്ന ഒന്നാം പ്രതി പള്‍സര്‍ സുനിയുടെ അപേക്ഷ ഹൈക്കോടതി നേരത്തെ തള്ളിയിരുന്നു. ഇപ്പോള്‍ വടിവാള്‍ സലീം, പ്രദീപ് തുടങ്ങിയ അഞ്ചും ആറും പ്രതികളുടെ അപേക്ഷയാണ് ഹൈക്കോടതി ഡിവിഷന്‍ ബെഞ്ച് തള്ളിയത്.

actress case appeal rejected by kerala hc

2017 ഫെബ്രുവരി 17നാണ് കൊച്ചിയില്‍ ഓടുന്ന കാറില്‍ നടി ആക്രമിക്കപ്പെട്ടത്. ദിവസങ്ങള്‍ക്കകം ആറ് പ്രതികളെയും പോലീസ് അറസ്റ്റ് ചെയ്തിരുന്നു. നടന്‍ ദിലീപിനെ മൂന്ന് മാസത്തിന് ശേഷം അറസ്റ്റ് ചെയ്തതോടെയാണ് കേസിന് പിന്നിലെ ഗൂഢാലോചന ചര്‍ച്ചയായത്. വര്‍ഷങ്ങള്‍ നീണ്ട വിചാരണയ്ക്ക് ശേഷം കഴിഞ്ഞ വര്‍ഷം എറണാകുളം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതി വിധി പറഞ്ഞു. ദിലീപ് ഉള്‍പ്പെടെയുള്ള ചില പ്രതികളെ വെറുതെ വിട്ടും ആദ്യത്തെ ആറ് പ്രതികളെ ശിക്ഷിച്ചുമായിരുന്നു വിധി.

നിലവില്‍ ഹൈക്കോടതിയില്‍ രണ്ട് അപ്പീലുകളാണ് ഉണ്ടായിരുന്നത്. ശിക്ഷ റദ്ദാക്കണം എന്ന് ആവശ്യപ്പെടുന്ന പ്രതികളുടെ അപ്പീല്‍, ദിലീപ് ഉള്‍പ്പെടെയുള്ളവരെ വെറുതെ വിട്ടത് റദ്ദാക്കണം എന്ന് ആവശ്യപ്പെടുന്ന പ്രോസിക്യൂഷന്‍ അപ്പീല്‍. ഇതില്‍ പ്രതികളുടെ അപ്പീലില്‍ ജസ്റ്റിസുമാരായ രാജ വിജയരാഘവന്‍, കെ വിജയകുമാര്‍ എന്നിവരുള്‍പ്പെട്ട ബെഞ്ച് തള്ളിയത്.

കുറ്റകൃത്യത്തിന്റെ ഗൗരവം, നടപ്പാക്കിയ രീതി, പൊതുമനസാക്ഷിയെ ആശങ്കപ്പെടുത്തിയ സംഭവം തുടങ്ങിയ കാര്യങ്ങള്‍ നിരീക്ഷിച്ചാണ് ഹൈക്കോടതി ഹര്‍ജി തള്ളിയത്. വിചാരണ കോടതിയുടെ വിധിയില്‍ പാളിച്ചയുണ്ടെന്ന് തോന്നുന്നില്ലെന്നും ഹൈക്കോടതി വ്യക്തമാക്കി. ഇനി പ്രതികള്‍ക്ക് സുപ്രീംകോടതിയെ സമീപിക്കാന്‍ അവസരമുണ്ട്.

അതേസമയം, ദിലീപിന് നിര്‍ണായകമാകുന്ന ഹര്‍ജിയാണ് പ്രോസിക്യൂഷന്‍ സമര്‍പ്പിച്ചിട്ടുള്ളത്. ദിലീപിനെ വെറുതെ വിട്ടതിനെതിരെയാണ് ഈ ഹര്‍ജി. ഇതില്‍ നടന് പ്രതികൂലമായി തീരുമാനം വന്നാല്‍ വലിയ വാര്‍ത്തയാകും. ദിലീപിനെതിരെ തെളിവില്ലെന്ന് കണ്ടാണ് വിചാരണ കോടതി വെറുതെ വിട്ടിരുന്നത്. മറ്റു പ്രതികളും ദിലീപും തമ്മില്‍ ബന്ധമുണ്ടെന്ന് തെളിയിക്കുന്ന രേഖ ഹാജരാക്കാന്‍ സാധിച്ചില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് ദിലീപിനെ വെറുതെ വിട്ടത്.



Source link

Leave a Reply

Your email address will not be published. Required fields are marked *