Headlines

വിദ്യാര്‍ഥി പ്രതിഷേധത്തിന് ഐക്യദാര്‍ഢ്യം; ജന്തര്‍ മന്തറിലെത്തി സമരക്കാരെ കണ്ട് കേരള എംപിമാര്‍ | Solidarity with student protest; Kerala MPs visit protesters at Jantar Mantar


India

oi-Ashif N

ന്യൂഡല്‍ഹി: രാജ്യത്ത് ആവര്‍ത്തിച്ചുണ്ടാകുന്ന ചോദ്യപേപ്പര്‍ ചോര്‍ച്ചയ്‌ക്കെതിരെയും മത്സരപരീക്ഷകള്‍ സുതാര്യമായി നടത്തുന്നതില്‍ കേന്ദ്രസര്‍ക്കാര്‍ പരാജയപ്പെട്ടുവെന്നാരോപിച്ചും ജന്തര്‍ മന്തറില്‍ പ്രതിഷേധിക്കുന്ന വിദ്യാര്‍ത്ഥികള്‍ക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് മുസ്ലിം ലീഗ്, ആര്‍എസ് പി, കേരള കോണ്‍ഗ്രസ് എംപിമാര്‍ പ്രതിഷേധ വേദി സന്ദര്‍ശിച്ചു.

മുസ്ലിം ലീഗ് പാര്‍ലിമെന്ററി പാര്‍ട്ടി ലീഡര്‍ ഇടി മുഹമ്മദ് ബഷീര്‍, ഡോ എംപി അബ്ദുസ്സമദ് സമദാനി, പിവി അബ്ദുല്‍ വഹാബ്, കെ നവാസ് കനി, ഹാരിസ് ബീരാന്‍, ആര്‍എസ്പിയുടെ എന്‍കെ പ്രേമചന്ദ്രന്‍, കേരള കോണ്‍ഗ്രസിലെ ഫ്രാന്‍സിസ് ജോര്‍ജ്ജ് എന്നിവര്‍ വിദ്യാര്‍ഥികളുമായി സംസാരിച്ചു. ചോദ്യപേപ്പര്‍ ചോര്‍ച്ചകള്‍ രാജ്യത്തെ ലക്ഷക്കണക്കിന് വിദ്യാര്‍ത്ഥികളുടെ ഭാവിയെ ഗുരുതരമായി ബാധിക്കുന്നതാണ് എന്ന് എംപിമാര്‍ അഭിപ്രായപ്പെട്ടു.

kerala mps meet student in jantar mandar

കഠിനാധ്വാനം ചെയ്ത് പരീക്ഷകളെ അഭിമുഖീകരിക്കുന്ന വിദ്യാര്‍ത്ഥികളോട് കടുത്ത അനീതിയാണ് നടക്കുന്നതെന്ന് എംപിമാര്‍ ചൂണ്ടിക്കാട്ടി. ഇത്തരം സംഭവങ്ങള്‍ രാജ്യത്തെ പരീക്ഷാ സംവിധാനത്തിലുള്ള വിശ്വാസം തകര്‍ക്കുന്നതാണ്. ചോദ്യപേപ്പര്‍ ചോര്‍ച്ച തടയുന്നതിനും പരീക്ഷാ സംവിധാനത്തിന്റെ വിശ്വാസ്യത ഉറപ്പാക്കുന്നതിനും കേന്ദ്രസര്‍ക്കാര്‍ അടിയന്തരവും ഫലപ്രദവുമായ നടപടികള്‍ സ്വീകരിക്കണമെന്ന് എംപിമാര്‍ ആവശ്യപ്പെട്ടു.

വിദ്യാര്‍ത്ഥികളുടെ ഭാവിയെ ബാധിക്കുന്ന ഇത്തരം ഗുരുതരമായ വീഴ്ചകള്‍ക്ക് ഉത്തരവാദിത്തം ഏറ്റെടുക്കണമെന്നും പ്രതിഷേധിക്കുന്ന വിദ്യാര്‍ത്ഥികള്‍ ഉന്നയിക്കുന്ന ആവശ്യങ്ങള്‍ അടിയന്തരമായി പരിഗണിക്കണമെന്നും അവര്‍ ആവശ്യപ്പെട്ടു. കേന്ദ്ര വിദ്യാഭ്യാസ മന്ത്രിയുടെ രാജി ഉള്‍പ്പെടെയുള്ള നടപടികള്‍ സ്വീകരിക്കണമെന്ന വിദ്യാര്‍ത്ഥികളുടെ ആവശ്യത്തിന് എംപിമാര്‍ പൂര്‍ണ പിന്തുണ പ്രഖ്യാപിച്ചു.

ഡല്‍ഹിയെ വിറപ്പിച്ച് കോണ്‍ഗ്രസ് സമരം

സമാനമായ ആവശ്യം ഉന്നയിച്ച് കോണ്‍ഗ്രസ്, എസ്പി നേതാക്കള്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ വസതിക്ക് മുമ്പില്‍ വലിയ പ്രതിഷേധം സംഘടിപ്പിച്ചു. മൂന്ന് മണിക്കൂര്‍ പിന്നിടവെ സമരക്കാരെ പോലീസ് ബലം പ്രയോഗിച്ച് നീക്കി. രാഹുല്‍ ഗാന്ധി ഉള്‍പ്പെടെയുള്ള നേതാക്കളെ നിലത്തിട്ടു വലിച്ചു. പ്രതിപക്ഷ നേതാവിനെ അറസ്റ്റ് ചെയ്തതില്‍ പ്രതിഷേധിച്ച് കേരളത്തില്‍ കോണ്‍ഗ്രസ് കരിപ്പൂര്‍ വിമാനത്താവളം ഉള്‍പ്പെടെയുള്ള സ്ഥലങ്ങളില്‍ മാര്‍ച്ച് സംഘടിപ്പിച്ചു.

വിദ്യാര്‍ഥികളുടെ സമരം, കോണ്‍ഗ്രസ് സമരം, കര്‍ഷകരുടെ സമരം തുടങ്ങി വ്യത്യസ്ത സമരങ്ങള്‍ക്കാണ് രാജ്യതലസ്ഥാനം സാക്ഷിയാകുന്നത്. വരും ദിവസങ്ങളില്‍ പാര്‍ലമെന്റിലും പുറത്തും പ്രതിഷേധം കനക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍. കോണ്‍ഗ്രസ് സമരം എങ്ങനെ മുന്നോട്ട് കൊണ്ടുപോകും, വിദ്യാര്‍ഥി സമര നേതാക്കളുടെ തീരുമാനം, സര്‍ക്കാര്‍ നിലപാട് എന്നിവയെല്ലാം വരുംദിവസങ്ങളില്‍ നിര്‍ണായകമാകും.



Source link

Leave a Reply

Your email address will not be published. Required fields are marked *