Headlines

വിജയ്‌യുടെ അവസാന സിനിമ ‘ജനനായകൻ’ അല്ലേ? സംവിധായകന്റെ വാക്കുകൾ കൗതുകമുണർത്തുന്നു | സിനിമാ വാർത്ത


Last Updated:

‘ജനനായകൻ’ ഒരു സാധാരണ വാണിജ്യചിത്രമല്ലെന്നും ശക്തമായ രാഷ്ട്രീയ പ്രമേയമാണ് സിനിമ കൈകാര്യം ചെയ്യുന്നതെന്നും വിനോദ് വ്യക്തമാക്കി

ജനനായകൻ
ജനനായകൻ

നടൻ വിജയ്‌യുടെ അവസാന ചിത്രമെന്ന വിലയിരുത്തലോടെ എത്തുന്ന ‘ജനനായകൻ’ ജൂലൈ 23ന് തിയെറ്ററുകളിലെത്തും. നടനെ അവസാനമായി വെള്ളിത്തിരയിൽ കാണാമെന്നുള്ള പ്രതീക്ഷയിലാണ് ആരാധകർ. ഇതിനിടെയാണ് ചിത്രത്തിന്റെ സംവിധായകൻ എച്ച്. വിനോദിന്റെ പരാമർശം സമൂഹമാധ്യമങ്ങളിൽ പുതിയ ചർച്ചകൾക്ക് വഴിവെച്ചത്.

‘ജനനായകൻ’ വിജയ്‌യുടെ അവസാന ചിത്രമാണോയെന്ന ചോദ്യത്തിന് വ്യക്തമായ മറുപടി നൽകാൻ കഴിയില്ലെന്ന് എച്ച്. വിനോദ് പറഞ്ഞു. “ഇത് അദ്ദേഹത്തിന്റെ അവസാന ചിത്രമാണോയെന്ന് ആർക്കും ഉറപ്പിച്ച് പറയാനാകില്ല. എന്നാൽ, ‘മുഖ്യമന്ത്രി വിജയ് സാറിന്റെ ആദ്യ ചിത്രം’ എന്ന് ഇതിനെ വിശേഷിപ്പിക്കാം,” എന്നാണ് ‘സിനിമ വികടന്’ നൽകിയ അഭിമുഖത്തിൽ അദ്ദേഹം പറഞ്ഞത്.

‘ജനനായകൻ’ ഒരു സാധാരണ വാണിജ്യചിത്രമല്ലെന്നും ശക്തമായ രാഷ്ട്രീയ പ്രമേയമാണ് സിനിമ കൈകാര്യം ചെയ്യുന്നതെന്നും വിനോദ് വ്യക്തമാക്കി.

“വിജയ് സാറിനെ പുകഴ്ത്താനോ മഹത്വവൽക്കരിക്കാനോ വേണ്ടിയുള്ള ചിത്രമല്ല ഇത്. വളരെ ഗൗരവമേറിയ രാഷ്ട്രീയ വിഷയങ്ങളാണ് സിനിമ ചർച്ച ചെയ്യുന്നത്. പ്രേക്ഷകർക്ക് വിഷയങ്ങളെക്കുറിച്ച് മുൻകൂട്ടി അറിവുണ്ടെങ്കിലും, ചിത്രം പുതിയ ചർച്ചകൾക്ക് വഴിവെക്കുമെന്നാണ് പ്രതീക്ഷ. അതിനാൽ ഈ സിനിമയുടെ വിജയം ഞങ്ങളുടേത് കൂടിയായിരിക്കും,” അദ്ദേഹം പറഞ്ഞു.

അതേസമയം, ചിത്രത്തിന്റെ റിലീസുമായി ബന്ധപ്പെട്ട മറ്റൊരു വിവരവും പുറത്തുവന്നു. ഇന്ത്യയിൽ പ്രദർശിപ്പിക്കുന്ന പതിപ്പിൽ ചില വെട്ടിച്ചുരുക്കലുകളും മാറ്റങ്ങളും ഉണ്ടാകുമെന്നാണ് റിപ്പോർട്ടുകൾ. എന്നാൽ വിദേശത്ത് ചിത്രത്തിന്റെ ഒറിജിനൽ പതിപ്പായിരിക്കും റിലീസ് ചെയ്യുക. ഇതോടെ ഇന്ത്യയ്ക്ക് പുറത്തുള്ള പ്രേക്ഷകർക്ക് സെൻസർ മാറ്റങ്ങളില്ലാത്ത യഥാർത്ഥ പതിപ്പ് കാണാനാകുമെന്നാണ് സൂചന.

വിജയ് നായകനാകുന്ന ‘ജനനായകൻ’ എന്ന ചിത്രത്തിൽ താരം അവതരിപ്പിക്കുന്ന കഥാപാത്രത്തിന്റെ പേര് ‘ദളപതി വെട്രി കൊണ്ടൻ’ എന്നാണ്. ഇതിന്റെ ആദ്യാക്ഷരങ്ങൾ ‘ടിവികെ’ എന്നും. യാദൃച്ഛികമായി, വിജയ് രൂപീകരിച്ച രാഷ്ട്രീയ പാർട്ടിയായ ‘തമിഴക വെട്രി കഴകം’ എന്നതിന്റെ ചുരുക്കപ്പേരും ‘ടിവികെ’ തന്നെയാണ്.

‘ഇന്ത്യാ ടുഡേ’യുടെ റിപ്പോർട്ട് പ്രകാരം, ചിത്രത്തിലെ 110 മിനിറ്റ് 23 സെക്കൻഡ് ദൈർഘ്യമുള്ള ഭാഗത്താണ് പ്രധാന മാറ്റം വരുത്തിയത്. “അംബേദ്കർ സട്ടം… മുതൽ… ടിവികെ സട്ടം വരെ” എന്ന സംഭാഷണമാണ് സെൻസർ നടപടിയുടെ ഭാഗമായി ഒഴിവാക്കിയത്. ചിത്രത്തിന്റെ ആകെ ദൈർഘ്യത്തിൽ മാറ്റം വരുത്താതെയാണ് ഈ ഭാഗത്തെ സംഭാഷണം മ്യൂട്ട് ചെയ്യുകയും ഓഡിയോ, വിഷ്വൽ ട്രാക്കുകളിൽ നിന്ന് പ്രസ്തുത പരാമർശം നീക്കം ചെയ്യുകയും ചെയ്തതെന്ന് റിപ്പോർട്ടിൽ പറയുന്നു.

‘ജനനായകൻ’ ആദ്യം 2026 ജനുവരി 9ന് റിലീസ് ചെയ്യാനായിരുന്നു നിശ്ചയിച്ചിരുന്നത്. എന്നാൽ സെൻസർ സർട്ടിഫിക്കേഷനുമായി ബന്ധപ്പെട്ട നടപടികൾ നീണ്ടതിനെ തുടർന്ന് റിലീസ് മാറ്റിവയ്ക്കുകയായിരുന്നു. ചിത്രത്തിലെ ചില രംഗങ്ങൾ മതവികാരങ്ങളെയും സായുധ സേനയെയും പ്രതികൂലമായി ചിത്രീകരിക്കുന്നുവെന്ന പരാതിയെ തുടർന്ന് സിനിമ റിവൈസിംഗ് കമ്മിറ്റിയുടെ പരിശോധനയ്ക്ക് വിടുകയും ചെയ്തു.



Source link

Leave a Reply

Your email address will not be published. Required fields are marked *