Headlines

നിർമ്മാതാക്കളുടെ ഒപ്പുകളുമായി വിക്രം-1; ശ്രദ്ധേയമായി സ്കൈറൂട്ട് എയ്‌റോസ്‌പേസിന്റെ റോക്കറ്റ് ചിത്രം | Skyroot’s Vikram-1 | Buzz News


Last Updated:

ദൗത്യം വിജയകരമായതോടെ അമേരിക്കയ്ക്കും ചൈനയ്ക്കും ശേഷം സ്വന്തമായി പരിക്രമണ വിക്ഷേപണങ്ങൾ നടത്താൻ ശേഷിയുള്ള സ്വകാര്യ കമ്പനിയുള്ള മൂന്നാമത്തെ രാജ്യമായി ഇന്ത്യ മാറി

News18
News18

ശ്രീഹരിക്കോട്ട: ഇന്ത്യയുടെ ബഹിരാകാശ ചരിത്രത്തിൽ പുതിയ അധ്യായം കുറിക്കാൻ ഒരുങ്ങുന്ന ‘വിക്രം-1’ റോക്കറ്റ്. രാജ്യത്തെ ആദ്യത്തെ സ്വകാര്യ വിക്ഷേപണമായ വിക്രം-1 ന്റെ ചിത്രങ്ങളാണ് ഇപ്പോൾ ഇന്റർനെറ്റിന്റെ ശ്രദ്ധ കവരുന്നത്. ഈ ദൗത്യം വിജയകരമാക്കാൻ രാപ്പകലില്ലാതെ അധ്വാനിച്ച എഞ്ചിനീയർമാരുടെയും സാങ്കേതിക വിദഗ്ദ്ധരുടെയും സഹപ്രവർത്തകരുടെയും കൈയൊപ്പുകൾ പതിച്ച റോക്കറ്റിന്റെ ചിത്രമാണ് നിർമ്മാതാക്കളായ സ്കൈറൂട്ട് എയ്‌റോസ്‌പേസ് പങ്കുവെച്ചിരിക്കുന്നത്.

“ഇത് നിർമ്മിച്ച ആളുകൾ ഒപ്പിട്ടത്. ഇപ്പോൾ അവരെല്ലാം മിഷൻ ആഗമനിലൂടെ ബഹിരാകാശത്തേക്ക് കുതിക്കുന്നു,” എന്ന കുറിപ്പോടെയാണ് കമ്പനി ഫോട്ടോ പോസ്റ്റ് ചെയ്തത്. ഈ വേറിട്ട ആശയം ചുരുങ്ങിയ സമയം കൊണ്ട് തന്നെ വൈറലാവുകയും റോക്കറ്റിന് പിന്നിൽ പ്രവർത്തിച്ചവർക്ക് വലിയ രീതിയിലുള്ള അഭിനന്ദന പ്രവാഹത്തിന് വഴിയൊരുക്കുകയും ചെയ്തു.

പ്രധാനമന്ത്രി നരേന്ദ്ര മോദിയും സ്കൈറൂട്ട് ടീമിന് പ്രത്യേക ആശംസകൾ നേർന്നു. വിക്രം-1 നെ “ഇന്ത്യയുടെ ബഹിരാകാശ യാത്രയിലെ ചരിത്രപരമായ പുതിയ അതിർത്തി” എന്നാണ് അദ്ദേഹം വിശേഷിപ്പിച്ചത്. ഈ ദൗത്യം ഇന്ത്യയിലെ യുവാക്കളുടെ കഴിവിനെയും ദൃഢനിശ്ചയത്തെയും കാണിക്കുന്നുവെന്നും, ബഹിരാകാശ മേഖലയിലെ പരിഷ്കാരങ്ങൾ പുതിയ നവീകരണങ്ങൾക്ക് വഴിതുറക്കുന്നുവെന്നും പ്രധാനമന്ത്രി എക്സിലൂടെ (ട്വിറ്റർ) വ്യക്തമാക്കി.

ഇന്ത്യൻ ബഹിരാകാശ ശാസ്ത്രത്തിന്റെ പിതാവായ വിക്രം സാരാഭായിയുടെ പേരിട്ടിരിക്കുന്ന വിക്രം-1, ആന്ധ്രാപ്രദേശിലെ ശ്രീഹരിക്കോട്ടയിലുള്ള ഐഎസ്ആർഒ വിക്ഷേപണ കേന്ദ്രത്തിൽ നിന്നാണ് കുതിച്ചുയർന്നത്. ഏഴ് നിലകളുടെ ഉയരമുള്ള ഈ റോക്കറ്റ് 450 കിലോമീറ്റർ താഴ്ന്ന ഭ്രമണപഥത്തിൽ ഉപഗ്രഹങ്ങളെ എത്തിക്കാൻ ശേഷിയുള്ളതാണ്. ഈ ദൗത്യം വിജയകരമായതോടെ അമേരിക്കയ്ക്കും ചൈനയ്ക്കും ശേഷം സ്വന്തമായി പരിക്രമണ വിക്ഷേപണങ്ങൾ നടത്താൻ ശേഷിയുള്ള സ്വകാര്യ കമ്പനിയുള്ള മൂന്നാമത്തെ രാജ്യമായി ഇന്ത്യ മാറി.

ഭാവിയിൽ ഉപഭോക്താക്കൾക്ക് തങ്ങളുടെ ആവശ്യാനുസരണം ഉപഗ്രഹങ്ങൾ ഭ്രമണപഥത്തിൽ എത്തിക്കാൻ റോക്കറ്റ് ബുക്ക് ചെയ്യാവുന്ന “ബഹിരാകാശത്തെ കാബ് സേവനം” ഒരുക്കുക എന്നതാണ് സ്കൈറൂട്ടിന്റെ ദീർഘകാല ലക്ഷ്യം.

സോഷ്യൽ മീഡിയയിൽ സ്കൈറൂട്ട് ടീമിന്റെ കഠിനാധ്വാനത്തെയും റോക്കറ്റിന്റെ മനോഹരമായ ഡിസൈനെയും പ്രശംസിച്ച് നിരവധി കമന്റുകളാണ് വരുന്നത്. തിരിച്ചടികൾ ഉണ്ടായാൽ പോലും തളരരുത് എന്ന പ്രോത്സാഹനങ്ങളും ഒപ്പം ഇന്ത്യയെ ഒരു മൾട്ടിപ്ലാനറ്റ് കോളനിയാക്കി മാറ്റണമെന്ന വലിയ സ്വപ്നങ്ങളും ഉപയോക്താക്കൾ പങ്കുവെക്കുന്നുണ്ട്.

മലയാളം വാർത്തകൾ/ വാർത്ത/Buzz/

നിർമ്മാതാക്കളുടെ ഒപ്പുകളുമായി വിക്രം-1; ശ്രദ്ധേയമായി സ്കൈറൂട്ട് എയ്‌റോസ്‌പേസിന്റെ റോക്കറ്റ് ചിത്രം





Source link

Leave a Reply

Your email address will not be published. Required fields are marked *