Last Updated:
അച്ഛന്റെ രാഷ്ട്രീയ പാതയിലൂടെ പിന്തുടരുകയായിരുന്നു സലിം കുമാർ
ചലച്ചിത്ര പ്രവർത്തകർ പല കാരണങ്ങൾ കൊണ്ട് തങ്ങളുടെ രാഷ്ട്രീയം തുറന്ന് പറയാതെ ഇരിക്കുന്ന സാഹചര്യമുണ്ട്. അവിടെ ചങ്കൂറ്റത്തോടെ താൻ അടിയുറച്ച കോൺഗ്രസുകാരൻ എന്ന് പറഞ്ഞ നടനായിരുന്നു സലീം കുമാർ. രാഷ്ട്രീയത്തിൽ മാത്രമല്ല, സിനിമയിൽ നടക്കുന്ന നെറികേടുകൾ പറയാനും സലീം കുമാറിന് ഒരു ഭയവും ഉണ്ടായിരുന്നില്ല.
‘എന്റെ ഫോട്ടോ പോസ്റ്റർ അടിച്ചിട്ട് അതിൽ X മാർക്ക് ഇട്ടിരിക്കുന്നു.. എന്നിട്ട് ഒരു അടിക്കുറിപ്പും..”ഇവന്റെ സിനിമ ഇനി കാണില്ല.. ഇവൻ പറയുന്ന തമാശക്ക് ഇനി ചിരിക്കില്ല”, എന്റെ പൊന്ന് മോനെ.. എനിക്ക് നിങ്ങളോട് പറയാനുള്ളത് മായാവി സിനിമയിലെ ഡയലോഗ് ആണ് ‘ഇതൊക്കെ എന്ത്’. താൻ ഒരു അടിയുറച്ച കോൺഗ്രസുകാരനാണ് എന്ന് പൊതുസമൂഹത്തോട് സലിം കുമാർ പറഞ്ഞപ്പോൾ സോഷ്യൽ മീഡിയയിൽ വന്ന പൊങ്കാലകളിൽ ഒരു അനുഭവം മാത്രമാണിത്.
കലാകാരന് രാഷ്ട്രീയം പാടില്ല എന്ന് ആരോ പറഞ്ഞത് കേട്ട് ഇന്നും വിശ്വസിക്കുന്ന രാഷ്ട്രീയ പാർട്ടി ഏതെന്ന് തുറന്ന് പറയാൻ ഭയമുള്ള സിനിമ തലമുറയിൽ നിന്നാണ് സലീം കുമാർ വ്യത്യസ്തനാകുന്നത്. അച്ഛന്റെ രാഷ്ട്രീയ പാതയിലൂടെ പിന്തുടരുകയായിരുന്നു സലിം കുമാർ. ആരോഗ്യ സംബന്ധമായ പ്രശ്നങ്ങളുടെ കൊടുമുടിയിൽ നിൽക്കുന്ന സമയത്തും സിനിമയിൽ അഭിനയിക്കാൻ പോലും കഴിയാതെ ഇരുന്ന സമയത്ത് കോൺഗ്രസ്സ് വേദികളിൽ സജീവമായി. നിയമസഭാ തിരഞ്ഞെടുപ്പില് 100 സീറ്റ് നേടി കോണ്ഗ്രസ് അധികാരത്തിലെത്തുമെന്ന് സലിം കുമാർ പ്രവചിച്ചിരുന്നു. മുഖ്യമന്ത്രി വി ഡി സതീശന്റെ പറവൂരിലെ സ്വീകരണ പരിപാടിയിലാണ് സലിം കുമാർ അവസാനമായി പൊതുവേദിയിലെത്തിയത്.
മലയാളത്തിൽ സിനിമാ താരങ്ങൾ രാഷ്ട്രീയം പറഞ്ഞാൽ തന്നെ അത് ഇടതുപക്ഷ രാഷ്ട്രീയമാകും എന്ന് കരുതിയ സമയത്താണ് ഏവരെയും ഞെട്ടിച്ച് സലിം കുമാർ വ്യത്യസ്ത കാഴ്ചപ്പാടുമായി എത്തിയത്. സഹപ്രവർത്തകരായ ധർമ്മജൻ ബോൾഗാട്ടി, രമേശ് പിഷാരടി എന്നിവർ കോൺഗ്രസ് സ്ഥാനാർഥികളായി മത്സരിച്ചപ്പോൾ അവർക്കുള്ള തന്റെ പിന്തുണ സലിംകുമാർ പ്രകടിപ്പിച്ചിരുന്നു. ഇടതുപക്ഷത്തിനായി ന്യായീകരണവുമായി രംഗത്തിറങ്ങുന്ന കലാകാരൻമാരെയും അദ്ദേഹം പരിഹസിച്ചിരുന്നു. ‘കലാകാരന്മാർ ഇപ്പോൾ ഇടതുപക്ഷത്തിന്റെ കോമാളികളായി മാറിയിരിക്കുകയാണെ’ന്ന് വരെ കടുത്ത നിലപാട് എടുത്തിരുന്നു. മെസി വിവാദവും പിണറായി വിജയന്റെ പ്രസ്താവനയും അങ്ങനെ കിട്ടിയ വടികൾ കൊണ്ടെല്ലാം ഇടതുപക്ഷത്തെ പരിഹസിക്കാൻ സലിം കുമാർ മറന്നിട്ടേയില്ല. രാഷ്ട്രീയത്തിന്റെ പേരിൽ താര സംഘടനയായ അമ്മയിൽ നിന്ന് സലിം രാജിവെച്ചതും കേരളം കണ്ടതാണ്. കോൺഗ്രസ് ആണ് തന്റെ രാഷ്ട്രീയം. അത് തുറന്ന് പറയാൻ പല താരങ്ങൾക്കും ധൈര്യം നൽകിയതും സലിം കുമാറിന്റെ നിലപാട് തന്നെ.
Thiruvananthapuram [Trivandrum],Thiruvananthapuram,Kerala
