Headlines

ഹൈഡ്രജന്‍ ട്രെയിന്‍ അടിപൊളിയാണ്; അഞ്ച് രൂപ മുതല്‍ ടിക്കറ്റ്, 90 കിലോമീറ്റര്‍ യാത്രയ്ക്ക് 2 മണിക്കൂര്‍ | Hydrogen Train Launched; Tickets Start At Rs 5, Jind-Sonipat 90 Kilometer Journey Takes Two Hours


Travel

oi-Ashif N

ന്യൂഡല്‍ഹി: രാജ്യത്ത് ആദ്യമായി ഹൈഡ്രജന്‍ ട്രെയിന്‍ ഇന്നു മുതല്‍ സര്‍വീസ് ആരംഭിച്ചു. പ്രധാനമന്ത്രി നരേന്ദ്ര മോദി ഫ്‌ളാഗ് ഓഫ് കര്‍മം നിര്‍വഹിച്ചു. ട്രെയിനിന്റെ മുഖ്യ ആകര്‍ഷണം ടിക്കറ്റ് നിരക്കാണ്. അഞ്ച് രൂപ മുതല്‍ ടിക്കറ്റ് ലഭിക്കും. ഉയര്‍ന്ന നിരക്ക് 25 രൂപയാണ്. പ്ലാറ്റ്‌ഫോം ടിക്കറ്റിനേക്കാള്‍ കുറഞ്ഞ നിരക്കില്‍ യാത്ര സാധ്യമാകുമെന്നതാണ് എടുത്തു പറയേണ്ട കാര്യം.

ഹരിയാനയിലെ ജിന്ദ് മുതല്‍ സോനിപത്ത് വരെയാണ് ട്രെയിന്‍ സര്‍വീസ് നടത്തുന്നത്. മൊത്തം 10 കോച്ചുകളുണ്ട്. 90 കിലോമീറ്റര്‍ യാത്രയ്ക്ക് രണ്ട് മണിക്കൂറില്‍ താഴെ മതിയാകും. സാധാരണ ട്രെയിനുകളുടെ വേഗത തന്നെയാണ് ഇതിനുമുള്ളത്. എന്നാല്‍ കുറഞ്ഞ ടിക്കറ്റ് നിരക്കാണ് മുഖ്യ ആകര്‍ഷണം. മറ്റൊന്ന് പരിസ്ഥിതി മലിനീകരണം ഉണ്ടാകില്ല എന്നതാണ്.

hydrogen train launched in india

ജര്‍മനി, ബ്രിട്ടന്‍, ഫ്രാന്‍സ്, ഇറ്റലി, അമേരിക്ക എന്നീ രാജ്യങ്ങളില്‍ നിലവില്‍ ഹൈഡ്രജന്‍ ട്രെയിന്‍ സര്‍വീസ് നടത്തുന്നുണ്ട്. ഇന്ത്യയും ഈ ഗണത്തിലേക്ക് വരികയാണ്. ഡീസല്‍ ഉപയോഗിച്ചുള്ള ട്രെയിനുകള്‍ അന്തരീക്ഷ മലനീകരണത്തിന് കാരണമാകുന്നു എന്ന പരാതിക്ക് ഏറെ പഴക്കമുണ്ട്. ഈ സാഹചര്യത്തിലാണ് ഹൈഡ്രജന്‍ ട്രെയിന്‍ വ്യത്യസ്തമാകുന്നത്.

ജിന്ദ്-സോനിപത്ത് റൂട്ടില്‍ 11 സ്റ്റോപ്പുകളാണ് ഹൈഡ്രജന്‍ ട്രെയിനിന് അനുവദിച്ചിട്ടുള്ളത്. ഒരു ദിവസം 2600 പേര്‍ക്ക് യാത്ര ചെയ്യാന്‍ സാധിക്കും. തദ്ദേശീയമായി നിര്‍മിക്കുന്ന ഹൈഡ്രജന്‍ ഇന്ധന സെല്‍ സാങ്കേതിക വിദ്യ ഉപയോഗിച്ചാണ് ട്രെയിന്‍ ഓടുന്നത്. ട്രെയിനിന് മുകളില്‍ വൈദ്യുതി ലൈനുകള്‍ ഉണ്ടാകില്ല. ഡീസല്‍ ട്രെയിനുകള്‍ കാര്‍ബണ്‍ പുറംതള്ളുന്നത് അന്തരീക്ഷത്തിന് വലിയ ആഘാതമാണ് സൃഷ്ടിക്കുന്നത്. ഹൈഡ്രജന്‍ ട്രെയിന്‍ പുറംതള്ളുന്നത് വെള്ളമായിരിക്കും.

അമൃതസര്‍-വരാണസി സന്റ് രവിദാസ് എക്‌സ്പ്രസ്

ജിന്ദ് റെയില്‍വെ സ്റ്റേഷന് അടുത്ത് ഹൈഡ്രജന്‍ വിതരണം ചെയ്യുന്ന കേന്ദ്രം തയ്യാറാക്കിയിട്ടുണ്ട്. ഇവിടെ നിന്ന് ഇന്ധനം നിറച്ചാണ് ട്രെയിന്‍ പുറപ്പെടുക. ടിക്കറ്റ് നിരക്ക് കുറവാണെങ്കിലും സുരക്ഷാ കാര്യങ്ങളില്‍ റെയില്‍വെ വിട്ടുവീഴ്ച ചെയ്തിട്ടില്ല. ഹരിയാനയ്ക്ക് ചരിത്ര നേട്ടത്തിന്റെ നിമിഷമാണിത് എന്ന് മുഖ്യമന്ത്രി നയബ് സെയ്‌നി പ്രതികരിച്ചു.

hydrogen train launched in india

പദ്ധതി വിജയകരമായാല്‍ കൂടുതല്‍ സംസ്ഥാനങ്ങളിലേക്ക് ഹൈഡ്രജന്‍ ട്രെയിന്‍ എത്തും. അന്തരീക്ഷ മലിനീകരണം കുറയ്ക്കുന്നതും കുറഞ്ഞ ടിക്കറ്റ് നിരക്കുമാണ് ജനങ്ങളെ ആകര്‍ഷിപ്പിക്കുക. ട്രെയിനിന്റെ ഉദ്ഘാടനത്തിന് എത്തിയ പ്രധാനമന്ത്രി നരേന്ദ്ര മോദി നിരവധി പദ്ധതികള്‍ പഞ്ചാബിലെ ജലന്ധറിലും ഛണ്ഡീഗഡിലുമായി ഉദ്ഘാടനം ചെയ്യും.

അമൃതസര്‍-വരാണസി സന്റ് രവിദാസ് എക്‌സ്പ്രസ് ഫ്‌ളാഗ് ഓഫ് ചെയ്യും. ജലന്ധര്‍ കന്റോണ്‍മെന്റ് റെയില്‍വെ സ്‌റ്റേഷന്‍ ആധുനിക രീതിയില്‍ നവീകരിച്ചിട്ടുണ്ട്. മാസങ്ങള്‍ പിന്നിട്ടാല്‍ നിയമസഭാ തിരഞ്ഞെടുപ്പിന് ഒരുങ്ങുന്ന പഞ്ചാബില്‍ മോദിയുടെ വരവ് രാഷ്ട്രീയ ലക്ഷ്യത്തോടെയാണ്. ജലന്ധറില്‍ അദ്ദേഹം പൊതുപരിപാടിയില്‍ പ്രസംഗിക്കും. ഇത്തവണ പഞ്ചാബിന്റെ ഭരണം പിടിക്കുമെന്നാണ് ബിജെപിയുടെ അവകാശവാദം.



Source link

Leave a Reply

Your email address will not be published. Required fields are marked *