Last Updated:
പരാതിയിൽ കേസെടുക്കാനാവില്ലെന്ന് ചൂണ്ടിക്കാണിച്ച് തൃക്കാക്കര എസിപി കമ്മീഷണർക്ക് റിപ്പോർട്ട് നൽകി
നടി അൻസിബ ഹസൻ നൽകിയ പരാതിയിൽ കഴമ്പില്ലെന്ന് പോലീസ് റിപ്പോർട്ട്. അൻസിബ നടി ലക്ഷ്മി പ്രിയക്കും വനിതാ എസ്ഐക്കും എതിരെ നൽകിയ പരാതിയിലാണ് റിപ്പോർട്ട്. തൃപ്പൂണിത്തുറ സ്റ്റേഷനിലെ വനിതാ എസ്ഐ രേഷ്മ അൻസിബയോട് മോശമായി പെരുമാറിയിട്ടില്ല, വിവരങ്ങൾ ചോദിച്ചറിയുക മാത്രമാണ് ചെയ്തത്. പരാതിയിൽ കേസെടുക്കാനാവില്ലെന്ന് ചൂണ്ടിക്കാണിച്ച് തൃക്കാക്കര എസിപി കമ്മീഷണർക്ക് റിപ്പോർട്ട് നൽകി.
വ്യാജ പരാതിയുടെ മറവിൽ ലക്ഷ്മിപ്രിയയും വനിതാ എസ്ഐയും ചേർന്ന് തന്നെ മാനസികമായി പീഡിപ്പിച്ചു എന്നായിരുന്നു അൻസിബയുടെ പരാതി. അൻസിബക്കെതിരെ ലക്ഷ്മിപ്രിയ നൽകിയ പരാതിയിലും അടിസ്ഥാനമില്ലെന്നാണ് പൊലീസ് പക്ഷം.
പോലീസ് റിപ്പോർട്ടിനെ തുടർന്ന് കോടതിയെ സമീപിക്കാനാണ് അൻസിബയുടെ തീരുമാനം. ലക്ഷ്മിപ്രിയയുടെ പരാതിയിൽ നോട്ടീസ് പോലും നൽകാതെയാണ് വിളിച്ചു വരുത്തിയത്. മൂന്നു മണിക്കൂറോളം തന്നെ തടഞ്ഞുവച്ചു, മാനസികമായി പീഡിപ്പിച്ചു. ലക്ഷ്മിപ്രിയയുടെ പരാതിയിലും കഴമ്പില്ലെങ്കിൽ എന്തിനാണ് വിളിച്ചുവരുത്തിയതെന്നും അൻസിബ.
അൻസിബ ഹസന്റെ ആരോപണങ്ങൾ തള്ളി നടി ലക്ഷ്മിപ്രിയ രംഗത്തെത്തിയിരുന്നു. മൂന്ന് മണിക്കൂർ തന്നെ പോലീസ് സ്റ്റേഷനിൽ ഇരുത്തിയെന്ന പ്രസ്താവന പൂർണ്ണമായും തെറ്റാണെന്ന് അവർ അവകാശപ്പെട്ടു. അവകാശവാദങ്ങൾ തെളിയിക്കാൻ തന്റെ കൈവശം ഡിജിറ്റൽ തെളിവുകൾ ഉണ്ടെന്നും അത് പോലീസിന് സമർപ്പിച്ചിട്ടുണ്ടെന്നും ലക്ഷ്മിപ്രിയ പറഞ്ഞു.
അൻസിബ തന്റെ കുടുംബജീവിതത്തെ ബാധിക്കുന്ന വാട്ട്സ്ആപ്പ് സന്ദേശങ്ങൾ അയച്ചതിനാലാണ് പരാതി നൽകാൻ നിർബന്ധിതയായതെന്ന് പോലീസിന് മൊഴി നൽകുന്നതിനുമുമ്പ് മാധ്യമങ്ങളോട് സംസാരിക്കവെ ലക്ഷ്മിപ്രിയ പറഞ്ഞു.
“അൻസിബ അയച്ച വാട്ട്സ്ആപ്പ് സന്ദേശങ്ങൾ കാരണമാണ് ഞാൻ പോലീസിനെ സമീപിക്കേണ്ടി വന്നത്. ഞങ്ങൾ രണ്ടുപേരും കൃത്യം ഒരു മണിക്കൂർ 17 മിനിറ്റ് 20 സെക്കൻഡ് പോലീസ് സ്റ്റേഷനിൽ ഉണ്ടായിരുന്നു. എനിക്കിത് കൃത്യമായി അറിയാം. ആ ദിവസം സ്റ്റേഷനിൽ നടന്ന എല്ലാ കാര്യങ്ങളുമായി ബന്ധപ്പെട്ട ഡിജിറ്റൽ തെളിവുകൾ ഞാൻ പോലീസിന് കൈമാറി. അനുചിതമായ സന്ദേശങ്ങളെക്കുറിച്ച് ആവർത്തിച്ച് വിശദീകരണം ആവശ്യപ്പെട്ടിട്ടും വ്യക്തമായ മറുപടി നൽകാൻ അൻസിബ തയ്യാറായില്ല,” ലക്ഷ്മിപ്രിയ പറഞ്ഞു.
Summary: The police have found no merit in the complaint lodged by actress Ansiba Hasan against actress Lakshmi Priya and a female SI, according to a recently submitted report. Ansiba is now set to approach the court challenging the findings
Thiruvananthapuram,Kerala
Jun 10, 2026 10:38 AM IST
Ansiba Hassan | നടി അൻസിബ ഹസന്റെ പരാതിയിൽ കഴമ്പില്ലെന്ന് പോലീസ് റിപ്പോർട്ട്; കോടതിയെ സമീപിക്കുമെന്ന് അൻസിബ
