Headlines

മാമ്പഴം കിലോയ്ക്ക് 3 ലക്ഷം; ഒഡീഷയിലെ തോട്ടത്തിൽ ജാപ്പനീസ് ‘മിയാസാക്കി’ കർഷകന്റെ ഉറക്കം കെടുത്തിയത് ഇങ്ങനെ | Buzz News


Last Updated:

ജപ്പാനിലെ മിയാസാക്കി പ്രവിശ്യയിൽ വികസിപ്പിച്ചെടുത്ത ഈ മാമ്പഴങ്ങൾ പഴുക്കുമ്പോൾ കടും ചുവപ്പ് നിറമായി മാറാറാണ് പതിവ്

News18
News18

ഭുവനേശ്വർ: കടും ചുവപ്പ് നിറം, അസാധാരണമായ മധുരം, കേട്ടാൽ ഞെട്ടുന്ന വില, ലോകത്തിലെ ഏറ്റവും വിലകൂടിയ മാമ്പഴ ഇനമായ ജപ്പാന്റെ സ്വന്തം ‘മിയാസാക്കി’ ഒഡീഷയിലെ മണ്ണിലും വിളഞ്ഞിരിക്കുന്നു. ഒഡീഷയിലെ മൽക്കാൻഗിരി ജില്ലയിലെ ദേബ എന്ന സാധാരണ കർഷകന്റെ തോട്ടത്തിലാണ് അന്താരാഷ്ട്ര വിപണിയിൽ കിലോയ്ക്ക് ഏകദേശം 3 ലക്ഷം രൂപ വരെ വിലമതിക്കുന്ന ഈ ആഡംബര മാമ്പഴം കായ്ച്ചത്. എന്നാൽ, ഈ വലിയ നേട്ടത്തിനിടയിലും കള്ളന്മാർ കൊണ്ടുപോകുമോ എന്ന ഭയത്താൽ തോട്ടത്തിന് കാവലിരുന്ന് ഉറക്കമില്ലാത്ത രാത്രികൾ തള്ളിനീക്കുകയാണ് ഈ കർഷകൻ.

നാല് വർഷം മുൻപ് ഒരു സാമൂഹിക പ്രവർത്തകൻ ദേബയ്ക്ക് സമ്മാനിച്ചതായിരുന്നു ഈ മാമ്പഴം. അന്ന് സാധാരണ ഒരു മാവിൻ തൈ പോലെ കരുതി നട്ടതാണെങ്കിലും ദേബ ഇതിനെ ഏറെ ശ്രദ്ധയോടെയാണ് പരിചരിച്ചത്. വർഷങ്ങൾക്കിപ്പുറം മരം കായ്ച്ചപ്പോഴാണ് താൻ വളർത്തിയത് ലോകത്തിലെ ഏറ്റവും പ്രശസ്തമായ മാമ്പഴമാണെന്ന് ദേബ തിരിച്ചറിയുന്നത്.

മാമ്പഴത്തിന്റെ വിപണി മൂല്യം പുറത്തറിഞ്ഞതോടെ പ്രദേശത്താകെ ഇത് വലിയ ചർച്ചയായി മാറി. ഇതോടെയാണ് തോട്ടത്തിൽ ദേബ സ്വന്തമായി കാവൽ ഏർപ്പെടുത്തിയത്. ഈ മാമ്പഴങ്ങൾ അതീവ വിലപ്പെട്ടതാണെന്നും അതുകൊണ്ട് തന്നെ ഇപ്പോൾ താൻ തന്നെയാണ് രാത്രിയും പകലും തോട്ടത്തിന് കാവൽ നിൽക്കുന്നതെന്നും പഴുത്തുനിൽക്കുന്ന മാമ്പഴങ്ങൾ പരിശോധിച്ചുകൊണ്ട് ദേബ വ്യക്തമാക്കുന്നു.

ജപ്പാനിലെ മിയാസാക്കി പ്രവിശ്യയിൽ വികസിപ്പിച്ചെടുത്ത ഈ മാമ്പഴങ്ങൾ പഴുക്കുമ്പോൾ കടും ചുവപ്പ് നിറമായി മാറാറാണ് പതിവ്. ഇവയുടെ പ്രത്യേക അണ്ഡാകൃതി കാരണം പലരും ഇതിനെ ‘ദിനോസർ മുട്ടകൾ’ എന്ന് വിളിക്കാറുണ്ടെങ്കിലും ജപ്പാനിൽ ഇവ ‘തൈയോ നോ ടാമഗോ’ അഥവാ ‘സൂര്യന്റെ മുട്ടകൾ’ എന്നാണ് അറിയപ്പെടുന്നത്. സാധാരണ മാമ്പഴങ്ങളെ അപേക്ഷിച്ച് 15 ശതമാനത്തിലധികം പഞ്ചസാരയുടെ അളവ് അടങ്ങിയിരിക്കുന്നതിനാൽ ഇവയ്ക്ക് അസാധാരണമായ മധുരമുണ്ട്. കൂടാതെ വലിപ്പത്തിന്റെ കാര്യത്തിലും ഇവ മുന്നിലാണ്. ഓരോ മാമ്പഴത്തിനും ശരാശരി 350 ഗ്രാമിലധികം ഭാരമുണ്ടാകും. ഗുണനിലവാര പരിശോധനകൾക്ക് ശേഷം വലിയ ലേലങ്ങളിലൂടെയും പ്രീമിയം സ്റ്റോറുകൾ വഴിയുമാണ് ജപ്പാനിൽ ഈ പഴങ്ങൾ വിറ്റഴിക്കുന്നത്.

ലോകത്തിലെ ഏറ്റവും വിലകൂടിയ മാമ്പഴം സ്വന്തം തോട്ടത്തിൽ വിളയിച്ചെങ്കിലും, ഇതിന് എത്ര വിലയിടണമെന്നോ എവിടെ വിൽക്കണമെന്നോ ദേബയ്ക്ക് ഇപ്പോഴും വ്യക്തതയില്ല. ഇത്തരം ആഡംബര പഴങ്ങൾ കേടുപാടുകൾ കൂടാതെ പാക്ക് ചെയ്യാനും വൻകിട ഹോട്ടലുകളിലോ അന്താരാഷ്ട്ര കയറ്റുമതിക്കാരിലോ എത്തിക്കാനും ചെറുകിട കർഷകനായ ദേബയ്ക്ക് നിലവിൽ നേരിട്ടുള്ള വിപണി ബന്ധങ്ങളില്ല.

അതുകൊണ്ട് തന്നെ ഇതിന്റെ വിപണനത്തിനും ശാസ്ത്രീയമായ വിള സംരക്ഷണത്തിനും കാർഷിക വിദഗ്ദ്ധരും സർക്കാർ അധികാരികളും തന്നെ സഹായിക്കുമെന്ന പ്രതീക്ഷയിലാണ് ഈ കർഷകൻ. ശരിയായ വിപണി പിന്തുണ ലഭിച്ചാൽ ദേബയെപ്പോലുള്ള കർഷകർക്ക് വലിയൊരു വരുമാനമാർഗ്ഗമായി മിയാസാക്കി മാമ്പഴ കൃഷി മാറിയേക്കും.

മലയാളം വാർത്തകൾ/ വാർത്ത/Buzz/

മാമ്പഴം കിലോയ്ക്ക് 3 ലക്ഷം; ഒഡീഷയിലെ തോട്ടത്തിൽ ജാപ്പനീസ് ‘മിയാസാക്കി’ കർഷകന്റെ ഉറക്കം കെടുത്തിയത് ഇങ്ങനെ



Source link

Leave a Reply

Your email address will not be published. Required fields are marked *