Last Updated:
കോർപ്പറേറ്റ് ലോകത്ത് ഇത്തരം കാരുണ്യം കാണിക്കുന്നത് അപൂർവമാണെന്ന് പലരും അഭിപ്രായപ്പെട്ടു
ഗുരുതരാവസ്ഥയിലുള്ള മകനെ പരിചരിക്കാൻ ജോലി രാജിവെക്കാൻ ഒരുങ്ങിയ ജീവനക്കാരന് തണലായി തൊഴിലുടമ. രാജി സ്വീകരിക്കുന്നതിന് പകരം ജീവനക്കാരന് ശമ്പളത്തോടെയുള്ള അവധി നൽകിയാണ് ബോസ് മാതൃകയായി. എക്സ് (X) പ്ലാറ്റ്ഫോമിൽ അങ്കിത് പാണ്ഡെ എന്ന ഉപയോക്താവാണ് ഈ ഹൃദയസ്പർശിയായ സംഭവം പങ്കുവെച്ചത്.
പത്ത് വർഷമായി തന്റെ കമ്പനിയിൽ അക്കൗണ്ടന്റായി ജോലി ചെയ്യുന്ന ആൾ രണ്ടുമാസം മുൻപ് രാജിക്കത്തുമായി വന്നപ്പോൾ താൻ അത്ഭുതപ്പെട്ടുപോയെന്ന് അങ്കിത് എഴുതി. മകന്റെ ആരോഗ്യനില അതീവ ഗുരുതരമാണെന്ന് ജീവനക്കാരൻ കണ്ണീരോടെ തന്നെ അറിയിക്കുകയായിരുന്നു. മകൻ സുഖം പ്രാപിക്കുമെന്ന് ഡോക്ടർമാർക്ക് വലിയ പ്രതീക്ഷയില്ലായിരുന്നു. അതിനാൽ ബാക്കി സമയം മകനോടൊപ്പം ചെലവഴിക്കാനാണ് അദ്ദേഹം ജോലി ഉപേക്ഷിക്കാൻ തീരുമാനിച്ചത്.
വീട്ടിലിരുന്ന് ജോലി ചെയ്യാൻ ബോസ് ആവശ്യപ്പെട്ടെങ്കിലും മകന് തന്റെ സാന്നിധ്യം അത്യന്താപേക്ഷിതമാണെന്ന് ജീവനക്കാരൻ മറുപടി നൽകി. ഇതോടെ ബോസ് രാജി സ്വീകരിക്കാൻ തയ്യാറായില്ല. പകരം, മകന്റെ അടുത്തേക്ക് പോകാനും അദ്ദേഹത്തിന്റെ ജോലി ഇവിടെ സുരക്ഷിതമായിരിക്കുമെന്നും ഉറപ്പുനൽകി. പണത്തെക്കുറിച്ച് ഓർത്ത് വിഷമിക്കേണ്ടെന്നും ശമ്പളം കൃത്യമായി അക്കൗണ്ടിൽ വരുമെന്നും ബോസ് അദ്ദേഹത്തോട് പറഞ്ഞു.
Two months ago, my accountant came to my office and requested to resign.
He had been working with us for 10 years, so I was surprised.I asked him, “Why do you want to leave?”
With tears in his eyes, he replied, “My son’s condition is very serious. Doctors have given very…
— Ankit Pandey (@iamankitpande) June 3, 2026
ഒരു മാസത്തിന് ശേഷം മകൻ പൂർണ്ണ സുഖം പ്രാപിച്ചുവെന്ന സന്തോഷവാർത്തയുമായി അക്കൗണ്ടന്റ് ഓഫീസിൽ തിരിച്ചെത്തി. ജോലിയിൽ പ്രവേശിച്ച ശേഷം, താൻ ഓഫീസിൽ ഇല്ലാതിരുന്ന ദിവസങ്ങളിലെ ശമ്പളം കുറയ്ക്കണമെന്ന് അദ്ദേഹം ബോസിനോട് ആവശ്യപ്പെട്ടു. ജോലി ചെയ്യാതെ ആ പണം കൈപ്പറ്റാൻ തന്റെ മനസ്സ് അനുവദിക്കുന്നില്ലെന്നായിരുന്നു അദ്ദേഹത്തിന്റെ നിലപാട്.
എന്നാൽ കമ്പനി ആ അഭ്യർത്ഥന സ്നേഹപൂർവ്വം നിരസിച്ചു. “അത് ശമ്പളമായിരുന്നില്ല, നിങ്ങളുടെ മകന്റെ രോഗശാന്തിക്കായി ഞങ്ങൾ നൽകിയ ചെറിയൊരു സംഭാവനയായിരുന്നു” എന്നായിരുന്നു തൊഴിലുടമയുടെ മറുപടി. “ചിലപ്പോൾ ഒരു കമ്പനി വെറുമൊരു ജോലിസ്ഥലം മാത്രമല്ല, അത് ഒരു കുടുംബമാണ്” എന്ന ചിന്തയോടെയാണ് അങ്കിത് തന്റെ പോസ്റ്റ് അവസാനിപ്പിച്ചത്.
ഈ സംഭവം സോഷ്യൽ മീഡിയയിൽ വലിയ രീതിയിൽ ശ്രദ്ധിക്കപ്പെട്ടു. ആധുനിക കോർപ്പറേറ്റ് ലോകത്ത് ഇത്തരം കാരുണ്യം കാണിക്കുന്നത് അപൂർവമാണെന്ന് പലരും അഭിപ്രായപ്പെട്ടു. നിയമങ്ങളെക്കാൾ മനുഷ്യത്വത്തിന് മുൻഗണന നൽകിയ തൊഴിലുടമയെയും വിശ്വസ്തനായ ജീവനക്കാരനെയും നിരവധി ഉപയോക്താക്കൾ അഭിനന്ദിച്ചു. നല്ല നേതൃത്വത്തിന് സമൂഹത്തിൽ വലിയ മാറ്റങ്ങൾ വരുത്താൻ കഴിയുമെന്നതിന്റെ ഓർമ്മപ്പെടുത്തലാണ് ഈ സംഭവം.
Jun 05, 2026 12:04 PM IST
