Last Updated:
ഇൻസ്റ്റഗ്രാമിലെ ഒരു അക്കൗണ്ടിലൂടെയാണ് ചിത്രം പ്രചരിപ്പിക്കപ്പെട്ടത്. മറ്റ് നിരവധി നടിമാരുടെ ചിത്രങ്ങളും സമാന രീതിയിൽ എഡിറ്റ് ചെയ്ത് അക്കൗണ്ടിൽ അപ്ലോഡ് ചെയ്തിട്ടുണ്ട്
ചിത്രം അശ്ലീലവും അപകീർത്തികരവുമായ രീതിയിൽ എഡിറ്റ് ചെയ്ത് സമൂഹമാധ്യമത്തിൽ പ്രചരിപ്പിച്ചതിനെതിരെ നിയമനടപടി സ്വീകരിക്കുമെന്ന് നടി അന്ന രാജൻ. ഇൻസ്റ്റഗ്രാമിലെ ഒരു അക്കൗണ്ടിലൂടെയാണ് ചിത്രം പ്രചരിപ്പിക്കപ്പെട്ടത്. അന്ന രാജനെ കൂടാതെ മറ്റ് നിരവധി നടിമാരുടെ ചിത്രങ്ങളും സമാന രീതിയിൽ എഡിറ്റ് ചെയ്ത് അക്കൗണ്ടിൽ പങ്കുവെച്ചിട്ടുണ്ടെന്നും അവർ വ്യക്തമാക്കി.
സംഭവത്തിൽ അടിയന്തര നടപടി സ്വീകരിക്കണമെന്ന് കേരള പൊലീസിനോടും സൈബർ പൊലീസിനോടും അന്ന രാജൻ അഭ്യർഥിച്ചു. പരാതിയുമായി ബന്ധപ്പെട്ട ആവശ്യമായ തെളിവുകൾ തന്റെ കൈവശമുണ്ടെന്നും ഔദ്യോഗികമായി പൊലീസ് പരാതി നൽകുമെന്നും അവർ പറഞ്ഞു.
“എന്റെ അന്തസിനെ കളങ്കപ്പെടുത്തുക എന്ന ലക്ഷ്യത്തോടെയാണ് എന്റെ ചിത്രം ദുരുദ്ദേശപൂർവം എഡിറ്റ് ചെയ്ത് അശ്ലീലവും അപകീർത്തികരവുമായ രീതിയിൽ പ്രചരിപ്പിച്ചത്. ഇത് ലജ്ജാകരവും ഒരിക്കലും അംഗീകരിക്കാനാകാത്തതുമാണ്. എന്റെ സ്വകാര്യതയുടെയും വ്യക്തിപരമായ അന്തസിന്റെയും ഗുരുതരമായ ലംഘനമാണിത്. ബന്ധപ്പെട്ട ഇൻസ്റ്റഗ്രാം അക്കൗണ്ട് ഞാൻ റിപ്പോർട്ട് ചെയ്തിട്ടുണ്ട്. നിലവിലുള്ള നിയമങ്ങൾ പ്രകാരം പൊലീസിൽ പരാതി നൽകുകയും ചിത്രം എഡിറ്റ് ചെയ്ത് പ്രചരിപ്പിച്ചവർക്കെതിരെ നിയമനടപടി സ്വീകരിക്കുകയും ചെയ്യും. നീതി ലഭിക്കുന്നതുവരെ ഈ വിഷയത്തിൽ നിയമപരമായി പോരാടും. ഇത്തരം അധിക്ഷേപകരമായ ഉള്ളടക്കങ്ങൾ പ്രോത്സാഹിപ്പിക്കുകയോ പങ്കുവെക്കുകയോ ചെയ്യരുതെന്ന് എല്ലാവരോടും അഭ്യർഥിക്കുന്നു,” അന്ന രാജൻ പറഞ്ഞു.
‘അങ്കമാലി ഡയറീസ്’ എന്ന സിനിമയിലെ ലിച്ചിയായി വേഷമിട്ടതോടെയാണ് അന്ന രാജൻ ശ്രദ്ധേയയാവുന്നത്. നിരവധി ഉദ്ഘാടന വേദികളിലെ സ്ഥിരസാന്നിധ്യമാണ് അന്ന രാജൻ.
Summary: Actress Anna Rajan has announced that she will pursue legal action against those responsible for editing her photograph in an obscene and defamatory manner and circulating it on social media. The edited image was shared through an Instagram account. Anna Rajan also stated that the same account had similarly edited and posted photographs of several other actresses. She said she has the necessary evidence related to the incident and will file an official complaint with the police
Thiruvananthapuram,Kerala
