തെലുങ്ക്, കന്നഡ, മലയാളം, തമിഴ്, ഹിന്ദി, ഒഡിയ, ബംഗാളി, മറാഠി, തുളു, ഉർദു, ഗുജറാത്തി, പഞ്ചാബി, കൊങ്കണി, അസാമീസ്, സിന്ധി തുടങ്ങിയ ഭാഷകളിൽ 48,000 ഓളം ഗാനങ്ങൾ ആലപിച്ചു. ഇവയ്ക്ക് പുറമേ ഇംഗ്ലീഷ്, ജാപ്പനീസ്, അറബിക്, ജർമൻ, സിംഹള എന്നീ ഭാഷകളിലും പാടിയിട്ടുണ്ട്.
1938 ഏപ്രിൽ 23-ന് ആന്ധ്രപ്രദേശിലെ ഗുണ്ടൂർ ജില്ലയിലാണ് ജാനകി ജനിച്ചത്. മൂന്നാം വയസിൽ തന്നെ സംഗീതത്തോട് ആഭിമുഖ്യം പുലർത്തിയിരുന്ന ജാനകിയുടെ സംഗീതവാസന വളർത്തുന്നതിൽ അമ്മാവൻ ഡോ. ചന്ദ്രശേഖർ നിർണായക പങ്ക് വഹിച്ചു. 1956-ൽ ആകാശവാണി നടത്തിയ അഖിലേന്ത്യാ സംഗീതമത്സരത്തിൽ പങ്കെടുത്തു രണ്ടാം സ്ഥാനം നേടിയതാണ് ജാനകിക്ക് സംഗീതലോകത്തേക്കുള്ള വഴിതുറന്നത്. തുടർന്ന് 1957-ൽ മദ്രാസിലെ എവിഎം സ്റ്റുഡിയോയിൽ ജോലി ലഭിച്ചു. ആ വർഷം തന്നെ, ‘വിധിയിൻ വിളയാട്ട്’ എന്ന തമിഴ് സിനിമയിൽ ടി. ചലപ്പതി റാവു ഈണം പകർന്ന ഗാനം ആലപിച്ചുകൊണ്ട് ചലച്ചിത്ര പിന്നണിഗാനരംഗത്ത് അരങ്ങേറ്റം കുറിച്ചു. ഈ ചിത്രം പുറത്തിറങ്ങിയില്ലെങ്കിലും മലയാളം ഉൾപ്പെടെ ആറു ഭാഷകളിൽ പാടുവാൻ ആ വർഷം തന്നെ ജാനകിക്ക് അവസരം ലഭിച്ചു. 1957-ൽ പുറത്തിറങ്ങിയ ‘മിന്നുന്നതെല്ലാം പൊന്നല്ല’ എന്ന ചിത്രത്തിലെ ‘ഇരുൾ മൂടുകയോ എൻ വഴിയിൽ’ എന്ന ഗാനമാണ് മലയാളത്തിൽ ആദ്യമായി പാടിയത്.
1200-ലധികം മലയാള സിനിമാ ഗാനങ്ങൾക്ക് ജാനകി ശബ്ദം പകർന്നിട്ടുണ്ട്. തളിരിട്ട കിനാക്കൾ (മൂടുപടം), വാസന്ത പഞ്ചമി നാളിൽ (ഭാർഗ്ഗവി നിലയം), സൂര്യകാന്തീ സൂര്യകാന്തീ (കാട്ടുതുളസി), മനിമുകിലെ (കടത്തുകാരൻ), കവിളത്ത് കണ്ണീർ കണ്ടു (അന്വേഷിച്ചു കണ്ടെത്തിയില്ല), താമരകുമ്പിളല്ലോ (അന്വേഷിച്ചു കണ്ടെത്തിയില്ല), അവിടുന്നേൻ ഗാനം കേൾക്കാൻ (പരീക്ഷ), എൻ പ്രാണ നായകനെ (പരീക്ഷ), കണ്ണിൽ കണ്ണിൽ (ഡേഞ്ചർ ബിസ്കറ്റ്), താനേ തിരിഞ്ഞും മറിഞ്ഞും (അമ്പലപ്രാവ്), ഇന്നലെ നീയൊരു (സ്ത്രീ) എന്നിവ അവരിൽ ചിലത് മാത്രമാണ്.
മികച്ച ഗായികയ്ക്കുള്ള ദേശീയ അവാർഡ് നാലു തവണ എസ്. ജാനകിയെ തേടിയെത്തി.1976-ൽ `പതിനാറു വയതിനിലേഎന്ന തമിഴ് ചിത്രത്തിലെ സിന്ദൂര പൂവേ… എന്നു തുടങ്ങുന്ന ഗാനത്തിനാണ് ആദ്യമായി ദേശീയപുരസ്‌കാരം ലഭിച്ചത്. ‘ഓപ്പോൾ’ എന്ന സിനിമയിലെ ‘ഏറ്റുമാനൂരമ്പലത്തിൽ’ എന്നു തുടങ്ങുന്ന പാട്ടാണ് 1981-ലെ ദേശീയ അവാർഡിന് അർഹയാക്കിയത്. രണ്ടു തവണ തമിഴ് ഗാനങ്ങൾക്കും ഒരു തവണ തെലുങ്ക് ഗാനത്തിനുമാണ് ദേശീയ പുരസ്കാരം ലഭിച്ചത്. കൂടാതെ മികച്ച ഗായികയ്ക്കുള്ള കേരള സംസ്ഥാന അവാർഡ് 14 തവണയും ആന്ധ്രാ സർക്കാരിന്റെ അവാർഡ് 10 തവണയും തമിഴ്‌നാട് സംസ്ഥാന അവാർഡ് 7 പ്രാവശ്യവും ലഭിച്ചിട്ടുണ്ട്. 2013 ൽ പത്മഭൂഷൻ ലഭിച്ചു.എന്നാൽ ജാനകി ഇത് നിരസിക്കുകയുണ്ടായി.
ഗായിക എന്ന നിലയിൽ നിറഞ്ഞുനിൽക്കുന്നതിനൊപ്പം ജാനകി ഗാനരചനയും സംഗീതസംവിധാനവും നിർവഹിച്ചിട്ടുണ്ട്. നിരവധി തമിഴ്, തെലുങ്ക് ചിത്രങ്ങൾക്ക് വേണ്ടി ഗാനങ്ങളെഴുതിയിട്ടുണ്ട്. പരേതനായ വി. രാമപ്രസാദാണ് ഭർത്താവ്. ഏക മകൻ മുരളീകൃഷ്ണ(പരേതൻ). മരുമകൾ: ഉമ, പേരക്കുട്ടികൾ: അമൃതവർഷിണി, അപ്സര.