Headlines

തായ് കിഴവിയുടെ 100 ദിവസങ്ങൾ; സംവിധായകൻ ശിവകുമാർ മുരുകേശന് മഹിന്ദ്ര BE 6 കാർ സമ്മാനിച്ച് ശിവകാർത്തികേയൻ | സിനിമാ വാർത്ത


Last Updated:

ചിത്രത്തിന്റെ വിജയത്തിൽ സംവിധായകന്റെ നിർണായക പങ്ക് അംഗീകരിച്ചുകൊണ്ടാണ് ശിവകാർത്തികേയൻ ഈ സമ്മാനം കൈമാറിയത്

ശിവകുമാർ മുരുകേശന് മഹിന്ദ്ര BE 6 കാർ സമ്മാനിച്ച് ശിവകാർത്തികേയൻ
ശിവകുമാർ മുരുകേശന് മഹിന്ദ്ര BE 6 കാർ സമ്മാനിച്ച് ശിവകാർത്തികേയൻ

‘തായ് കിഴവി’ എന്ന വിജയചിത്രത്തിന്റെ സംവിധായകൻ ശിവകുമാർ മുരുകേശന് ചിത്രത്തിന്റെ നിർമാതാവും നടനുമായ ശിവകാർത്തികേയൻ പുതിയ മഹീന്ദ്ര BE6 ഇലക്ട്രിക് കാർ സമ്മാനിച്ചു.

ശിവകാർത്തികേയന്റെ ഉടമസ്ഥതയിലുള്ള ശിവകാർത്തികേയൻ പ്രൊഡക്ഷൻസ് നിർമിച്ച ചിത്രം തിയേറ്ററുകളിൽ 100 ദിവസം വിജയകരമായി പൂർത്തിയാക്കിയതിന്റെ ആഘോഷത്തിന്റെ ഭാഗമായാണ് സംവിധായകന് ഈ പ്രത്യേക സമ്മാനം നൽകിയത്.

ചിത്രത്തിന്റെ വിജയത്തിൽ സംവിധായകന്റെ നിർണായക പങ്ക് അംഗീകരിച്ചുകൊണ്ടാണ് ശിവകാർത്തികേയൻ ഈ സമ്മാനം കൈമാറിയത്.

ശിവകാർത്തികേയൻ പ്രൊഡക്ഷൻസ് തങ്ങളുടെ ഔദ്യോഗിക സോഷ്യൽ മീഡിയ പേജുകളിലൂടെ സംവിധായകൻ ശിവകുമാർ മുരുകേശന് കാർ സമ്മാനിക്കുന്ന ചിത്രങ്ങൾ പങ്കുവെച്ചു. ചിത്രത്തിന്റെ നിർമാതാവും നടനുമായ ശിവകാർത്തികേയൻ നേരിട്ട് സമ്മാനം കൈമാറുന്ന ദൃശ്യങ്ങളാണ് പുറത്തുവിട്ടത്.

‘തായ് കിഴവി’യുടെ വിജയാഘോഷ ചടങ്ങിനിടെ ചിത്രത്തിലെ പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ച നടി രാധിക ശരത്കുമാർ സംവിധായകൻ ശിവകുമാർ മുരുകേശനെ പ്രശംസിച്ച് നടത്തിയ പ്രസംഗവും ഈ അവസരത്തിൽ വീണ്ടും ശ്രദ്ധ നേടുകയാണ്.

ചടങ്ങിൽ സംസാരിക്കവെ രാധിക പറഞ്ഞത് ഇങ്ങനെ:

“കമൽ ഹാസൻ ഒരിക്കൽ എന്നോട് പറഞ്ഞിരുന്നു, ‘രാധികാ, ഈ ചിത്രം വിജയിക്കണം. ചിത്രം മികച്ചതാണെങ്കിൽ നിങ്ങളെ അഭിനന്ദിക്കും. എന്നാൽ ചിത്രം വലിയ വിജയമായി മാറിയാൽ, സംവിധായകൻ ശിവകുമാർ മുരുകേശൻ ഉൾപ്പെടെ അതിന്റെ പിന്നിൽ പ്രവർത്തിച്ച എല്ലാവരും കൂടുതൽ ശ്രദ്ധിക്കപ്പെടും’ എന്ന്.”

തുടർന്ന് ശിവകുമാർ മുരുകേശന്റെ കഴിവുകളെ പ്രശംസിച്ച രാധിക, പ്രമുഖ സംവിധായകൻ ഭാരതിരാജയെ പോലെ തന്നെ സിനിമയിൽ പുതിയൊരു മാറ്റത്തിന് തുടക്കമിടാൻ അദ്ദേഹത്തിന് കഴിയുമെന്ന് പ്രതീക്ഷിക്കുന്നതായും പറഞ്ഞു.

“ഭാരതിരാജ സാർ ഒരിക്കൽ സിനിമയിൽ പുതിയൊരു തരംഗം സൃഷ്ടിച്ചതുപോലെ, ശിവകുമാർ മുരുകേശനും തന്റെതായ ഒരു പാത സൃഷ്ടിക്കുമെന്ന് എനിക്ക് വിശ്വാസമുണ്ട്. ഈ ചിത്രം അതിൽ പ്രവർത്തിച്ച എല്ലാവർക്കും വലിയ നേട്ടങ്ങൾ സമ്മാനിച്ചു. ഇന്ന് സിനിമാലോകം മുഴുവൻ ‘തായ് കിഴവി’യുടെ വിജയത്തെക്കുറിച്ചാണ് സംസാരിക്കുന്നത്. ചിത്രം എങ്ങനെ മുന്നേറുന്നു എന്നറിയാൻ നിർമാതാക്കൾ തിയേറ്റർ ഉടമകളുമായി നിരന്തരം ബന്ധപ്പെടുന്നത് തന്നെ ഈ വിജയത്തിന്റെ പ്രാധാന്യം വ്യക്തമാക്കുന്നു. ടീമിലെ എല്ലാവർക്കും ഇത് അഭിമാനകരമായ നിമിഷമാണ്,” എന്നും അവർ പറഞ്ഞു.

വലിയ താരചിത്രങ്ങൾ ഉയർന്ന ടിക്കറ്റ് നിരക്കുകളിൽ റിലീസ് ചെയ്യുന്ന സാഹചര്യത്തിലും, സാധാരണ ടിക്കറ്റ് നിരക്കിൽ പ്രേക്ഷകരെ ആകർഷിച്ച് ‘തായ് കിഴവി’ വാണിജ്യ വിജയം നേടിയതായും രാധിക ചൂണ്ടിക്കാട്ടി.

“ഏറ്റവും പ്രധാനമായി, ‘തായ് കിഴവി’ മനുഷ്യവികാരങ്ങളുടെ ആഴങ്ങളിലേക്ക് കടന്നുചെല്ലുന്ന ചിത്രമാണ്. സ്വന്തം തെറ്റുകൾ തിരിച്ചറിഞ്ഞ് സ്വയം മാറ്റത്തിനൊരുങ്ങുന്ന മനുഷ്യരുടെ കഥയാണ് ചിത്രം പറയുന്നത്. കൂടാതെ, യുവതലമുറ നിരീക്ഷിക്കുകയും പഠിക്കുകയും ചെയ്യുന്ന ഈ കാലഘട്ടത്തിൽ, സ്ത്രീകളുടെ ശബ്ദത്തിനും വികാരങ്ങൾക്കും പുരുഷന്മാർ പ്രാധാന്യം നൽകേണ്ടതിന്റെ ആവശ്യകതയും ചിത്രം വിവിധ തലങ്ങളിൽ അവതരിപ്പിക്കുന്നു,” എന്നും രാധിക കൂട്ടിച്ചേർത്തു.

മലയാളം വാർത്തകൾ/ വാർത്ത/Film/

തായ് കിഴവിയുടെ 100 ദിവസങ്ങൾ; സംവിധായകൻ ശിവകുമാർ മുരുകേശന് മഹിന്ദ്ര BE 6 കാർ സമ്മാനിച്ച് ശിവകാർത്തികേയൻ



Source link

Leave a Reply

Your email address will not be published. Required fields are marked *