Last Updated:
ഉർഫിയുടെ പ്രതികരണത്തിന് പിന്നാലെ ഈ വീഡിയോ ഇൻസ്റ്റഗ്രാമിൽ നിന്നും നീക്കം ചെയ്യപ്പെട്ടു
താൻ ഹിന്ദുമതത്തിലേക്ക് മാറിയെന്നും പേര് റീത്ത ഭരദ്വാജ് എന്ന് മാറ്റിയെന്നുമുള്ള സോഷ്യൽ മീഡിയ പ്രചാരണങ്ങൾ ശക്തമായി നിഷേധിച്ച് നടി ഉർഫി ജാവേദ്. ഒരു യൂട്യൂബർ പങ്കുവെച്ച വ്യാജ വീഡിയോ സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിച്ചതിന് പിന്നാലെയാണ് താരം ഈ വിഷയത്തിൽ കൃത്യമായ വിശദീകരണവുമായി രംഗത്തെത്തിയത്.
മീത ചൗധരി എന്ന ഇൻസ്റ്റഗ്രാം ഹാൻഡിലിലാണ് ഉർഫിക്കെതിരെ വ്യാജ ആരോപണങ്ങളുമായി വീഡിയോ പ്രത്യക്ഷപ്പെട്ടത്. ഉർഫി അർധനഗ്നമായ വസ്ത്രങ്ങൾ ധരിക്കുന്നതിലൂടെ മാത്രമാണ് അറിയപ്പെടുന്നതെന്നും, പ്രശസ്തിക്ക് വേണ്ടി മുസ്ലിമായിരുന്ന അവർ ഇപ്പോൾ ഹിന്ദുമതം സ്വീകരിച്ച് റീത്ത ഭരദ്വാജ് എന്ന് പേര് മാറ്റിയെന്നുമാണ് വീഡിയോയിൽ മീത ചൗധരി ആരോപിച്ചത്. കൂടാതെ നടി കുറച്ച് ലജ്ജയും മര്യാദയും കാണിക്കണമെന്നും ഇവർ വീഡിയോയിലൂടെ ആവശ്യപ്പെട്ടിരുന്നു.
ഈ വീഡിയോ ശ്രദ്ധയിൽപ്പെട്ടതോടെ ഉർഫി ജാവേദ് കടുത്ത ഭാഷയിൽ മറുപടിയുമായി രംഗത്തെത്തുകയായിരുന്നു. “ഇങ്ങനെയുള്ള വിവരദോഷികളാണ് സ്വയം മാധ്യമപ്രവർത്തകർ എന്ന് വിളിക്കുന്നത്. ആന്റി, ദയവായി കുറച്ച് ഹോംവർക്ക് ചെയ്യൂ. ഞാൻ എന്റെ പേരോ മതമോ മാറ്റിയിട്ടില്ല. ഞാൻ ഒരു മതത്തിലും വിശ്വസിക്കുന്നില്ല.” എന്ന് ഉർഫി കുറിച്ചു.
താൻ വസ്ത്രധാരണത്തിൽ മാത്രമല്ല, വാക്കുകളിലും തുറന്നടിക്കുന്ന ആളാണെന്ന് വ്യക്തമാക്കിയ താരം, താൻ എത്ര ഷോകൾ ചെയ്തിട്ടുണ്ടെന്ന് ഗൂഗിൾ ചെയ്ത് നോക്കാനും ആവശ്യപ്പെട്ടു. “നിങ്ങളുടെ മോശം മേക്കപ്പും ജേണലിസവും കണ്ട് എനിക്ക് ലജ്ജ തോന്നുന്നു. കുറ്റം പറയണമെങ്കിൽ ധൈര്യമായി പറഞ്ഞോളൂ, പക്ഷേ വ്യാജവാർത്തകൾ പ്രചരിപ്പിക്കരുത്.” എന്നും ഉർഫി കൂട്ടിച്ചേർത്തു.
ഉർഫിയുടെ പ്രതികരണത്തിന് പിന്നാലെ ഈ വീഡിയോ ഇൻസ്റ്റഗ്രാമിൽ നിന്നും നീക്കം ചെയ്യപ്പെട്ടു. എന്നാൽ ഇതിനുശേഷവും മീത ചൗധരി തനിക്ക് ഇൻസ്റ്റഗ്രാമിലൂടെ അങ്ങേയറ്റം മോശവും വേദനിപ്പിക്കുന്നതുമായ സന്ദേശങ്ങൾ അയച്ചതായി ഉർഫി വെളിപ്പെടുത്തി. പുറത്തുവിടാൻ കഴിയാത്ത തരത്തിലുള്ള സന്ദേശങ്ങൾ അയച്ച ശേഷം തന്നെ ബ്ലോക്ക് ചെയ്‌തെന്നും ഉർഫി സ്ക്രീൻഷോട്ടുകൾ പങ്കുവെച്ചുകൊണ്ട് പരിഹസിച്ചു.
Jun 30, 2026 11:34 AM IST
‘ഞാൻ ഒരു മതത്തിലും വിശ്വസിക്കുന്നില്ല’; ഹിന്ദുവായി മതം മാറിയെന്ന വാർത്തകളിൽ പ്രതികരിച്ച് ഉർഫി ജാവേദ്
