Headlines

നടി സ്വാതി റെഡ്ഡി വീണ്ടും വിവാഹിതയായി; സംവിധായകൻ ശ്രീകാന്ത് നഗോതിക്ക് കൈപിടിച്ച് താരം | Buzz News


Last Updated:

വിവാഹത്തിന്റെ ചിത്രങ്ങൾ സ്വാതി തന്നെയാണ് തന്റെ സോഷ്യൽ മീഡിയ അക്കൗണ്ട് വഴി ആരാധകരുമായി പങ്കുവെച്ചത്

News18
News18

പ്രശസ്ത തെന്നിന്ത്യൻ നടി സ്വാതി റെഡ്ഡി വിവാഹിതയായി. സംവിധായകനും ചലച്ചിത്ര പ്രവർത്തകനുമായ ശ്രീകാന്ത് നഗോതിയാണ് വരൻ. അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും മാത്രം പങ്കെടുത്ത ലളിതമായ ചടങ്ങിലായിരുന്നു വിവാഹം. ബുധനാഴ്ച നടന്ന വിവാഹത്തിന്റെ ചിത്രങ്ങൾ സ്വാതി തന്നെയാണ് തന്റെ സോഷ്യൽ മീഡിയ അക്കൗണ്ട് വഴി ആരാധകരുമായി പങ്കുവെച്ചത്.

‘ഹിച്ച്ഡ് – 08-07-2026’ എന്ന അടിക്കുറിപ്പോടെ ഇരുവരും സംയുക്തമായി ഇൻസ്റ്റാഗ്രാമിൽ പങ്കുവെച്ച ചിത്രങ്ങൾ ഇതിനോടകം തന്നെ സോഷ്യൽ മീഡിയയിൽ തരംഗമായിക്കഴിഞ്ഞു. സിനിമാ രംഗത്തെ പ്രമുഖരും ആരാധകരും ഉൾപ്പെടെ നിരവധി പേരാണ് നവദമ്പതികൾക്ക് ആശംസകളുമായി രംഗത്തെത്തുന്നത്.

സ്വാതിയുടെ ദീർഘനാളത്തെ ഇടവേളയ്ക്ക് ശേഷമുള്ള തിരിച്ചുവരവ് ചിത്രമായ ‘മന്ത് ഓഫ് മധു’ സംവിധാനം ചെയ്തത് ശ്രീകാന്ത് നഗോതിയായിരുന്നു. ഈ സിനിമയുടെ സെറ്റിൽ വെച്ചുള്ള പരിചയമാണ് ഇപ്പോൾ വിവാഹത്തിൽ എത്തിനിൽക്കുന്നത്.

മുൻപ് 2018-ൽ മലയാളി പൈലറ്റായ വികാസ് വാസുവുമായി സ്വാതിയുടെ വിവാഹം നടന്നിരുന്നു. പിന്നീട് ഇവർ വേർപിരിഞ്ഞതായി റിപ്പോർട്ടുകൾ വന്നിരുന്നെങ്കിലും തന്റെ വ്യക്തിജീവിതത്തെക്കുറിച്ച് മാധ്യമങ്ങൾക്ക് മുന്നിൽ പ്രതികരിക്കാൻ സ്വാതി തയ്യാറായിരുന്നില്ല.

തെലുങ്കിലെ പ്രശസ്തമായ ‘കളേഴ്സ്’ എന്ന ടിവി ഷോയിലൂടെ അവതാരകയായി കരിയർ ആരംഭിച്ച സ്വാതി പിന്നീട് ആ പരിപാടിയുടെ പേരിൽത്തന്നെയാണ് ജനപ്രിയയായത്. തുടർന്ന് സിനിമയിലേക്ക് ചുവടുവെച്ച സ്വാതി സ്വാഭാവിക അഭിനയത്തിലൂടെ തെന്നിന്ത്യൻ സിനിമാപ്രേമികളുടെ പ്രിയങ്കരിയായി മാറി. ‘അഷ്ട ചമ്മ’ എന്ന ചിത്രത്തിലെ പ്രകടനത്തിന് മികച്ച നടിക്കുള്ള ഫിലിംഫെയർ അവാർഡും നന്ദി അവാർഡും സ്വാതിക്ക് ലഭിച്ചിട്ടുണ്ട്. സബ്രഹ്മണ്യപുരം, സ്വാമി രാ രാ, കാർത്തികേയ എന്നിവയ്ക്ക് പുറമെ ലിജോ ജോസ് പെല്ലിശ്ശേരി സംവിധാനം ചെയ്ത ‘ആമേൻ’ എന്ന സൂപ്പർഹിറ്റ് മലയാള ചിത്രത്തിലും സ്വാതി ശ്രദ്ധേയമായ കഥാപാത്രത്തെ അവതരിപ്പിച്ചു. രണ്ടാം വരവിൽ കൊമേർഷ്യൽ ചിത്രങ്ങൾക്ക് പിന്നാലെ പോകാതെ കഥാപ്രാധാന്യമുള്ള സിനിമകൾ മാത്രം തെരഞ്ഞെടുക്കാനാണ് സ്വാതിയുടെ തീരുമാനം.



Source link

Leave a Reply

Your email address will not be published. Required fields are marked *