Last Updated:
വിവാഹത്തിന് മുമ്പ് താൻ ഒരു ‘പ്ലേബോയ്’ ആയിരുന്നുവെന്നും എന്നാൽ വിവാഹത്തോടെ ജീവിതത്തിൽ വലിയ മാറ്റമുണ്ടായെന്നും റാം കപൂർ
‘ലോക്ക് അപ്പ് 2’ റിയാലിറ്റി ഷോയിൽ പങ്കെടുത്ത നടൻ റാം കപൂർ, 2003ൽ ഗൗതമി കപൂറുമായുള്ള വിവാഹത്തിന് മുമ്പുണ്ടായിരുന്ന പ്രണയബന്ധങ്ങളെക്കുറിച്ച് തുറന്നുപറഞ്ഞു. ഏറ്റവും പുതിയ എപ്പിസോഡിൽ മത്സരാർത്ഥി ശ്രേയ കൽറ, അദ്ദേഹത്തിന് എത്ര പ്രണയബന്ധങ്ങളാണ് ഉണ്ടായിരുന്നതെന്ന് ചോദിച്ചതിനാണ് റാം കപൂർ മറുപടി നൽകിയത്.
വിവാഹത്തിന് മുമ്പ് താൻ ഒരു ‘പ്ലേബോയ്’ ആയിരുന്നുവെന്നും എന്നാൽ വിവാഹത്തോടെ ജീവിതത്തിൽ വലിയ മാറ്റമുണ്ടായെന്നും റാം കപൂർ പറഞ്ഞു. വിവാഹശേഷം മറ്റൊരു പ്രണയബന്ധവും ഉണ്ടായിട്ടില്ലെന്നും ഗൗതമി ജീവിതത്തിലേക്ക് എത്തുന്നതിനുമുമ്പ് എണ്ണിത്തീർക്കാനാകാത്തത്ര പ്രണയബന്ധങ്ങൾ ഉണ്ടായിരുന്നുവെന്നും അദ്ദേഹം വെളിപ്പെടുത്തി.
‘ലോക്ക് അപ്പ് 2’ റിയാലിറ്റി ഷോയിൽ മത്സരാർത്ഥിയായ ശ്രേയ കൽറയാണ് റാം കപൂറിനോട് അദ്ദേഹത്തിന്റെ പ്രണയബന്ധങ്ങളെക്കുറിച്ച് ചോദിച്ചത്. “വിവാഹശേഷം ഒന്നുപോലും ഉണ്ടായിട്ടില്ല,” എന്നായിരുന്നു റാമിന്റെ മറുപടി. എന്നാൽ വിവാഹത്തിന് മുമ്പ് എണ്ണാനാവാത്തത്ര പ്രണയബന്ധങ്ങൾ ഉണ്ടായിരുന്നുവെന്ന് അദ്ദേഹം സമ്മതിച്ചു. “അന്ന് ഞാൻ ഒരു ‘പ്ലേബോയ്’ ആയിരുന്നു,” എന്ന് പറഞ്ഞ റാമിനോട് എത്ര ബന്ധങ്ങളാണ് ഉണ്ടായിരുന്നതെന്ന് വീണ്ടും ചോദിച്ചപ്പോൾ, “എണ്ണാൻ കഴിയില്ല,” എന്നായിരുന്നു മറുപടി.
വിവാഹത്തിന് മുമ്പ് തന്റെ പ്രണയചരിത്രത്തെക്കുറിച്ച് സുഹൃത്തായ ഏക്താ കപൂർ ഗൗതമി കപൂറിന് മുന്നറിയിപ്പ് നൽകിയിരുന്നുവെന്നും റാം കപൂർ വെളിപ്പെടുത്തി. ഇത്രയധികം പ്രണയബന്ധങ്ങൾ ഉണ്ടായിരുന്നിട്ടും എന്തിനാണ് റാമിനെ വിവാഹം കഴിക്കുന്നതെന്ന് ഏക്ത ഗൗതമിയോട് ചോദിച്ചിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.
“ഒരു കാര്യം തുറന്നുപറയാം. ഗൗതമിയും ഞാനും വിവാഹിതരാകാൻ പോകുകയാണെന്ന വിവരം പുറത്തുവന്നപ്പോൾ, എന്റെ സുഹൃത്തായ ഏക്താ കപൂർ ഗൗതമിയെ വിളിച്ച്, ‘നീ എന്താണ് ചെയ്യുന്നത്? റാമിന് ഒട്ടേറെ പ്രണയബന്ധങ്ങൾ ഉണ്ടായിട്ടുണ്ട്. ആലോചിച്ചിട്ടാണോ ഈ തീരുമാനം?’ എന്ന് ചോദിച്ചു. എന്നെക്കുറിച്ചുള്ള ആശങ്കകൊണ്ടാണ് ഏക്ത അങ്ങനെ പറഞ്ഞത്. അവളുടെ ഭാഗത്ത് നിന്ന് അത് ശരിയായ നടപടിയായിരുന്നുവെന്ന് ഞാൻ കരുതുന്നു. കാരണം, അന്ന് ഞാൻ അങ്ങനെയൊരു വ്യക്തിയായിരുന്നു,” റാം കപൂർ പറഞ്ഞു.
2000ൽ സംപ്രേഷണം ചെയ്ത ടെലിവിഷൻ പരമ്പരയായ ‘ഘർ ഏക് മന്ദിർ’ ചിത്രീകരണത്തിനിടെയാണ് റാം കപൂറും ഗൗതമിയും പരിചയപ്പെടുന്നത്. ഏതാനും വർഷത്തെ പ്രണയത്തിന് ശേഷം 2003 ഫെബ്രുവരി 14ന് ഇരുവരും വിവാഹിതരായി. മകൾ സിയയും മകൻ അക്സും ഉൾപ്പെടെ രണ്ട് മക്കളാണ് ദമ്പതികൾക്കുള്ളത്.
അതിനിടെ, ‘ലോക്ക് അപ്പ് 2’ റിയാലിറ്റി ഷോയിൽ സഹനടി സാക്ഷി തൻവാറിനൊപ്പമുള്ള ചുംബനരംഗത്തെക്കുറിച്ചും റാം കപൂർ തുറന്നുപറഞ്ഞു. ഇന്ത്യൻ ടെലിവിഷൻ ചരിത്രത്തിലെ ആദ്യത്തെ ഓൺ-സ്ക്രീൻ ചുംബനരംഗങ്ങളിലൊന്നായി വിലയിരുത്തപ്പെടുന്ന ആ രംഗത്തിൽ അഭിനയിച്ചതിൽ ഗൗതമി സന്തോഷം പ്രകടിപ്പിച്ചിരുന്നുവെന്ന് അദ്ദേഹം പറഞ്ഞു.
സ്ക്രീനിലെ ചുംബനരംഗങ്ങളോട് ഭാര്യമാർ എങ്ങനെ പ്രതികരിക്കുമെന്ന അവതാരക മാധുരി ഗ്രോവറിന്റെ ചോദ്യത്തിന് മറുപടിയായാണ് റാം ഇക്കാര്യം വിശദീകരിച്ചത്. ഇത്തരത്തിലുള്ള രംഗങ്ങൾ ദാമ്പത്യബന്ധത്തിൽ അസ്വസ്ഥത സൃഷ്ടിക്കാതിരിക്കാൻ ഭാര്യയ്ക്ക് സുരക്ഷിതത്വവും വിശ്വാസവും സ്നേഹവും അനുഭവപ്പെടുന്ന സാഹചര്യം ഉറപ്പാക്കേണ്ടത് ഭർത്താവിന്റെ ഉത്തരവാദിത്തമാണെന്ന് അദ്ദേഹം പറഞ്ഞു.
തന്റെ അഭിനയജീവിതത്തിൽ മൂന്ന് വ്യത്യസ്ത നടിമാർക്കൊപ്പമാണ് ചുംബനരംഗങ്ങളിൽ അഭിനയിച്ചതെന്നും റാം വെളിപ്പെടുത്തി. പരസ്പര വിശ്വാസമാണ് തങ്ങളുടെ ദാമ്പത്യത്തിന്റെ അടിത്തറ. അതുകൊണ്ടുതന്നെ ഗൗതമി ഒരിക്കലും തന്റെ പ്രൊഫഷണൽ തീരുമാനങ്ങളെ എതിർത്തിട്ടില്ല. അഭിനയജീവിതത്തിലെ എല്ലാ ഘട്ടങ്ങളിലും ഭാര്യ പിന്തുണ നൽകിയിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
Thiruvananthapuram,Kerala
