Headlines

മധ്യപ്രദേശിൽ സ്വകാര്യ മിസൈൽ നിർമ്മാണ-വികസന കേന്ദ്രം സ്ഥാപിക്കാൻ അദാനി ഡിഫൻസ്; 2500 കോടി നിക്ഷേപിക്കും | Adani Defence To Set Up Private Missile Manufacturing And Development Centre In Madhya Pradesh To Invest Rs 2500 Crore


India

oi-Nidhin Illikkambath

ഇൻഡോർ: മധ്യപ്രദേശിലെ ശിവ്പുരിയിൽ 2500 കോടി രൂപയുടെ നിക്ഷേപത്തോടെ രാജ്യത്തെ സ്വകാര്യ മേഖലയിലെ ഏറ്റവും വലിയ സംയോജിത മിസൈൽ നിർമ്മാണ കേന്ദ്രത്തിന് അദാനി ഡിഫൻസ് ആൻഡ് എയറോസ്പേസ് തറക്കല്ലിട്ടു. ഏകദേശം 5000 പേർക്ക് നേരിട്ടും പരോക്ഷമായും തൊഴിൽ ലഭ്യമാക്കുന്ന ഈ പദ്ധതി ഇന്ത്യയുടെ തദ്ദേശീയ പ്രതിരോധ നിർമ്മാണ ശേഷി വർധിപ്പിക്കുമെന്ന് കമ്പനി അറിയിച്ചു.

ശിവ്പുരിയിലെ പുതിയ കേന്ദ്രത്തിൽ അസംസ്‌കൃത വസ്‌തുക്കൾ മുതൽ യുദ്ധസജ്ജമായ മിസൈൽ സംവിധാനങ്ങൾ വരെ ഒരിടത്ത് നിർമ്മിക്കുന്ന സമ്പൂർണ മിസൈൽ നിർമ്മാണ ശൃംഖലയാണ് ഒരുക്കുന്നത്. ദക്ഷിണേഷ്യയിലെ സ്വകാര്യ മേഖലയിലെ ആദ്യത്തെ ഇത്തരത്തിലുള്ള പദ്ധതിയാണിതെന്ന് അദാനി ഗ്രൂപ്പ് വ്യക്തമാക്കി. ഇടത്തരം ദൂരവും ദീർഘദൂരവും സഞ്ചരിക്കുന്ന മിസൈലുകൾ ഇവിടെ നിർമ്മിക്കും. കൂടാതെ കോംപോസിറ്റ് പ്രൊപ്പെല്ലന്റുകൾ, ടിഎൻടി., സ്ഫോടക വസ്‌തുക്കൾ എന്നിവയുടെ നിർമ്മാണവും ഈ പദ്ധതിയുടെ ഭാഗമായിരിക്കും.

adani

മൂന്ന് വർഷത്തിനുള്ളിൽ പദ്ധതി പൂർത്തിയാക്കാനാണ് ലക്ഷ്യം. 50-ലധികം ചെറുകിട, ഇടത്തരം വ്യവസായ സ്ഥാപനങ്ങളെ (എംഎസ്എംഇ) പദ്ധതിയുമായി ബന്ധിപ്പിച്ച് പ്രത്യേക പ്രതിരോധ വിതരണ ശൃംഖലയും വികസിപ്പിക്കും. പദ്ധതിയുടെ ശിലാസ്ഥാപന ചടങ്ങിൽ സംസാരിച്ച ജീത് അദാനി, ഇന്ത്യയെ പ്രതിരോധ മേഖലയിൽ സ്വയംപര്യാപ്‌തമാക്കാനുള്ള കേന്ദ്ര സർക്കാരിന്റെ ‘ആത്മനിർഭർ ഭാരത്’ ലക്ഷ്യത്തിന് ഈ പദ്ധതി കരുത്തേകുമെന്ന് പറഞ്ഞു.

പ്രതിരോധ ഗവേഷണ വികസന സംഘടനയായ ഡി.ആർ.ഡി.ഒ.യുമായും ഇന്ത്യൻ സായുധ സേനയുമായും ചേർന്നാണ് അദാനി ഡിഫൻസ് പ്രവർത്തിക്കുന്നതെന്നും അദ്ദേഹം വ്യക്തമാക്കി. ഗ്വാളിയോറിലെ അദാനിയുടെ പ്രതിരോധ നിർമ്മാണ കേന്ദ്രത്തിൽ നിലവിൽ ലൈറ്റ് മെഷീൻ ഗണുകൾ (എൽഎംജി), അസോൾട്ട് റൈഫിളുകൾ, കാർബൈനുകൾ എന്നിവ നിർമ്മിക്കുന്നുണ്ട്. ഇന്ത്യൻ സായുധ സേനയ്ക്ക് 2000 ലൈറ്റ് മെഷീൻ ഗണുകൾ നിശ്ചയിച്ച സമയത്തേക്കാൾ 11 മാസം മുൻപ് കൈമാറാൻ കഴിഞ്ഞതായും അദ്ദേഹം പറഞ്ഞു.

കഴിഞ്ഞ വർഷം ഭോപ്പാലിൽ നടന്ന ഗ്ലോബൽ ഇൻവെസ്‌റ്റേഴ്‌സ് സമ്മിറ്റിൽ മധ്യപ്രദേശിൽ 1.10 ലക്ഷം കോടി രൂപയുടെ നിക്ഷേപം നടത്തുമെന്ന് അദാനി ഗ്രൂപ്പ് പ്രഖ്യാപിച്ചിരുന്നു. ജലവൈദ്യുതി, സിമന്റ്, ഖനനം, സ്മാർട്ട് മീറ്റർ, താപവൈദ്യുതി തുടങ്ങിയ മേഖലകളിലായി നടക്കുന്ന ഈ നിക്ഷേപങ്ങളിലൂടെ 2030ഓടെ 1.2 ലക്ഷം തൊഴിലവസരങ്ങൾ സൃഷ്‌ടിക്കാനാണ് ലക്ഷ്യം.

ശിവ്പുരിയിലെ പുതിയ മിസൈൽ നിർമ്മാണ കേന്ദ്രവും ഗ്വാളിയോറിലെ പ്രതിരോധ നിർമ്മാണ കേന്ദ്രവും ചേർന്ന് ഇന്ത്യയുടെ പ്രതിരോധ നിർമ്മാണ രംഗത്തെ പ്രധാന കേന്ദ്രങ്ങളായി മാറുമെന്നാണ് അദാനി ഗ്രൂപ്പിന്റെ വിലയിരുത്തൽ. മധ്യപ്രദേശ് മുഖ്യമന്ത്രി മോഹൻ യാദവ്, കേന്ദ്രമന്ത്രി ജ്യോതിരാദിത്യ സിന്ധ്യ, സംസ്ഥാന മന്ത്രിമാർ, ഉന്നത ഉദ്യോഗസ്ഥർ തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു.



Source link

Leave a Reply

Your email address will not be published. Required fields are marked *