Last Updated:
പോസ്റ്റ് വളരെ പെട്ടെന്ന് തന്നെ ആളുകളുടെ ശ്രദ്ധ പിടിച്ചുപറ്റുകയും അയ്യായിരത്തിലധികം ഉപയോക്താക്കൾ തങ്ങളുടെ അഭിപ്രായങ്ങളുമായി രംഗത്തെത്തുകയും ചെയ്തു
ഭാവി ഭർത്താവിന് ഉണ്ടായിരിക്കേണ്ട യോഗ്യതകളെക്കുറിച്ച് ഒരു യുവതി പങ്കുവെച്ച വിശദമായ നിബന്ധനകളുടെ പട്ടിക എക്സിൽ വൻതോതിൽ വൈറലാവുകയും ബന്ധങ്ങളിലെ പ്രതീക്ഷകളെക്കുറിച്ചുള്ള വലിയ ചർച്ചകൾക്ക് വഴിതുറക്കുകയും ചെയ്തിരിക്കുകയാണ്. @Crushtology_ എന്ന യൂസർനെയിമുള്ള വേദിക എന്ന എക്സ് ഉപയോക്താവാണ് ഈ പോസ്റ്റ് പങ്കുവെച്ചത്.
താൻ വിവാഹം കഴിക്കാൻ പോകുന്ന പുരുഷന് യാതൊരു വിട്ടുവീഴ്ചയുമില്ലാതെ ഉണ്ടായിരിക്കേണ്ട ഗുണങ്ങളാണ് യുവതി പോസ്റ്റിൽ കുറിച്ചത്. ഈ യോഗ്യതകളെല്ലാം ഒത്തിണങ്ങിയ ഒരു പുരുഷനെ എവിടെ കിട്ടും എന്ന ചോദ്യത്തോടെയാണ് കുറിപ്പ് അവസാനിക്കുന്നത്.
യുവതിയുടെ പോസ്റ്റ് ഇങ്ങനെ:
“ഞാൻ ഇങ്ങനെയുള്ള ഒരു പുരുഷനെ മാത്രമേ വിവാഹം കഴിക്കൂ:
- വെർജിനായിരിക്കണം
- പ്രതിമാസം കുറഞ്ഞത് 2 ലക്ഷം രൂപയെങ്കിലും വരുമാനം ഉണ്ടായിരിക്കണം
- സ്വാഭാവികമായി സുന്ദരനായിരിക്കണം
- കൃത്യം 6 അടി ഉയരം വേണം
- പാചകം അറിയണം
- സ്ത്രീവിരുദ്ധൻ ആകരുത്
- സോഷ്യൽ മീഡിയ ഉപയോഗിക്കരുത്
- പെൺസുഹൃത്തുക്കൾ ഉണ്ടാകരുത്
- എവിടെയെങ്കിലും പോകുന്നതിന് മുൻപ് അനുവാദം ചോദിക്കണം
- 24 മണിക്കൂറും തന്റെ ലൈവ് ലൊക്കേഷൻ പങ്കുവെക്കണം
- എന്നെ വിദേശ യാത്രകൾക്ക് കൊണ്ടുപോകണം.
- ഇങ്ങനെയുള്ള ഒരു പുരുഷനെ എനിക്ക് എവിടെ നിന്ന് കിട്ടും?”
ഈ പോസ്റ്റ് വളരെ പെട്ടെന്ന് തന്നെ ആളുകളുടെ ശ്രദ്ധ പിടിച്ചുപറ്റുകയും അയ്യായിരത്തിലധികം ഉപയോക്താക്കൾ തങ്ങളുടെ അഭിപ്രായങ്ങളുമായി രംഗത്തെത്തുകയും ചെയ്തു.
ഇത്തരമൊരു ആവശ്യവുമായി വരുന്നതിന് മുൻപ് ആദ്യം സ്വന്തം യോഗ്യത എന്താണെന്ന് കാണിക്കണമെന്നും നിങ്ങളുടെ തനിനിറമാണ് ഇതിലൂടെ പുറത്തുവരുന്നതെന്നും പുരുഷന്മാർ ജാഗ്രതൈ എന്നും ഒരു ഉപയോക്താവ് കുറിച്ചു. നിങ്ങൾക്ക് വേണ്ടത് ഒരു ഭർത്താവിനെയല്ല, മറിച്ച് 6 അടി ഉയരമുള്ള ബോഡിഗാർഡ്, പേഴ്സണൽ ഷെഫ്, ജിപിഎസ് ഘടിപ്പിച്ച വേലക്കാരൻ, വിദേശയാത്രകൾ സ്പോൺസർ ചെയ്യുന്ന ബാങ്ക് എന്നിവയെല്ലാമാണെന്ന് മറ്റൊരാൾ പരിഹസിച്ചു. സ്വാഭിമാനമുള്ള പുരുഷന്മാരാരും വിവാഹമെന്ന വ്യാജേനയുള്ള ഈ അടിമപ്പണിക്ക് നിൽക്കില്ലെന്നും വിവാഹം എന്നത് ഒരു പങ്കാളിത്തമാണെന്നും ഇയാൾ കൂട്ടിച്ചേർത്തു.
നിരവധി ആളുകൾ തമാശരൂപേണയാണ് ഇതിനോട് പ്രതികരിച്ചത്. നിങ്ങളുടെ പ്രതീക്ഷകൾ വളരെ കൂടുതലാണെന്ന് ഒരാൾ പറഞ്ഞപ്പോൾ, ഇത്രയും വലിയ ലിസ്റ്റ് കാണുമ്പോൾ ഭർത്താവിനെയല്ല, ഓർഡർ അനുസരിച്ച് നിർമ്മിക്കുന്ന ഏതെങ്കിലും എഐ റോബോട്ടിനെയാണ് നിങ്ങൾക്ക് വേണ്ടതെന്ന് തോന്നുന്നുവെന്നായിരുന്നു മറ്റൊരു കമന്റ്. നമ്മൾ എന്ത് നൽകുന്നുവോ അത് മാത്രമേ തിരിച്ചു ലഭിക്കൂ എന്നും അതിനാൽ പെൺകുട്ടിക്കും ഇതേ യോഗ്യതകൾ ഉണ്ടായിരിക്കണമെന്നും മറ്റൊരാൾ ഓർമ്മിപ്പിച്ചു.
ശതകോടീശ്വരനായ ഇലോൺ മസ്കിനെ ടാഗ് ചെയ്തുകൊണ്ട്, ഇവർ ഒരു അന്യഗ്രഹജീവിയെയാണ് തിരയുന്നതെന്നും ചൊവ്വാഗ്രഹത്തിൽ എവിടെയെങ്കിലും ഇത്തരം ജീവികളെ കണ്ടാൽ ഇവർക്കായി ഒരെണ്ണത്തിനെ എത്തിച്ചു നൽകണമെന്നും ഒരാൾ പരിഹാസപൂർവ്വം കുറിച്ചു.
എന്നാൽ എല്ലാവരും ഈ യുവതിയെ കുറ്റപ്പെടുത്താൻ തയ്യാറായില്ല. കമന്റ് ബോക്സിലെ പുരുഷന്മാരുടെ ഇരട്ടത്താപ്പ് ചൂണ്ടിക്കാണിച്ചുകൊണ്ട് ഒരു ഉപയോക്താവ് യുവതിയെ പിന്തുണച്ചു. ഒരു പുരുഷനാണ് സ്ത്രീക്ക് നേരെ ഇത്തരം നിബന്ധനകൾ വെച്ചിരുന്നതെങ്കിൽ ഇവിടെയുള്ള പുരുഷന്മാരെല്ലാം അതിനെ അനുകൂലിക്കുമായിരുന്നു എന്നായിരുന്നു ഇയാളുടെ അഭിപ്രായം.
New Delhi,New Delhi,Delhi
