Lifestyle
-Sajitha Gopie
തലമുറകളായി മുടി സംരക്ഷണത്തിന് ഏറ്റവും കൂടുതൽ ഉപയോഗിക്കുന്ന ഒന്നാണ് ഉലുവ. ഇരുമ്പ് , ഫ്ലേവനോയ്ഡുകൾ, സാപ്പോണിനുകൾ, പ്രോട്ടീനുകൾ എന്നിവയാൽ സമ്പന്നമായ ഉലുവ മുടിയുടെ വേരുകളെ ശക്തിപ്പെടുത്താനും, മുടി കൊഴിച്ചിൽ കുറയ്ക്കാനും, തലയോട്ടി ആരോഗ്യത്തോടെ നിലനിർത്താനും സഹായിക്കുന്നു.
മറ്റ് പ്രകൃതിദത്ത മാർഗ്ഗങ്ങൾ ഒറ്റരാത്രികൊണ്ട് മുടി വളർത്തുമെന്ന് അവകാശപ്പെടുമ്പോൾ, ഉലുവ ചെയ്യുന്നത് തലയോട്ടിയെ ആരോഗ്യകരമാക്കുകയാണ്. ഇത് മുടി വളർച്ചയ്ക്ക് മികച്ച അന്തരീക്ഷം ഒരുക്കുന്നു. എന്നാൽ ഉലുവ വെള്ളത്തിന്റെ ഗുണം ഇരട്ടിയാക്കാൻ ചില ചേരുവകൾ കൂടി ചേർത്താലോ?
ഒരു പഠനമനുസരിച്ച്, ഉലുവയുടെ സത്ത് ഉപയോഗിക്കുന്നത് മുടിയുടെ സാന്ദ്രതയും വളർച്ചയും ഗണ്യമായി വർദ്ധിപ്പിക്കുമെന്ന് തെളിയിക്കപ്പെട്ടിട്ടുണ്ട്. ഉലുവ വെള്ളത്തോടൊപ്പം ചേർക്കാവുന്ന ആ 4 ചേരുവകൾ താഴെ പറയുന്നവയാണ്:

1. റോസ്മേരി ഇലകൾ
മുടിയുടെ ആരോഗ്യവുമായി ബന്ധപ്പെട്ട് ഏറ്റവും കൂടുതൽ പഠനം നടന്നിട്ടുള്ള ഒരു സസ്യമാണ് റോസ്മേരി. ഇത് തലയോട്ടിയിലെ രക്തയോട്ടം വർദ്ധിപ്പിക്കുകയും, രോമകൂപങ്ങളെആരോഗ്യത്തോടെ നിലനിർത്താൻ സഹായിക്കുകയും ചെയ്യുന്നു. മുടി മെലിയുന്നത് തടയാൻ ഇത് മികച്ചതാണ്, കൂടാതെ ഇതിൽ ധാരാളം ആന്റിഓക്സിഡന്റുകളും അടങ്ങിയിട്ടുണ്ട്.
ഉപയോഗിക്കേണ്ട വിധം: ഒരു പിടി ഫ്രഷ് ആയതോ ഉണങ്ങിയതോ ആയ റോസ്മേരി ഇലകൾ ഉലുവയോടൊപ്പം വെള്ളത്തിലിട്ട് തിളപ്പിക്കുക. ശേഷം ഈ വെള്ളം അരിച്ചെടുത്ത് ഷാംപൂ ചെയ്യുന്നതിന് മുൻപ് തലയിൽ തേച്ചുപിടിപ്പിക്കാം.
അസുഖത്തേക്കാൾ വേദനിപ്പിക്കുന്നത് തെറികളും ശാപവാക്കുകളും, രേണുവിനെ വെറുതെ വിടൂയെന്ന് സീമ ജി നായർ
2. ഗ്രാമ്പൂ
ഗ്രാമ്പൂവിൽ ‘യൂജിനോൾ’ എന്ന ഘടകം അടങ്ങിയിട്ടുണ്ട്. ഇതിന് ആന്റിഓക്സിഡന്റ്, ആന്റിമൈക്രോബയൽ ഗുണങ്ങളുണ്ട്. ഇത് തലയോട്ടി വൃത്തിയായി സൂക്ഷിക്കാനും, താരന് കാരണമാകുന്ന അണുക്കളെ നശിപ്പിക്കാനും സഹായിക്കുന്നു. കൂടാതെ മുടിക്ക് തിളക്കം നൽകാനും രോമകൂപങ്ങളെ ആരോഗ്യമുള്ളതാക്കാനും ഇത് നല്ലതാണ്.
ഉപയോഗിക്കേണ്ട വിധം: ഉലുവ വെള്ളം തയ്യാറാക്കുമ്പോൾ അതിലേക്ക് 3 മുതൽ 5 വരെ ഗ്രാമ്പൂ മാത്രം ചേർത്താൽ മതിയാകും.
3. കറിവേപ്പില
കറിവേപ്പിലയിൽ ബീറ്റാ കരോട്ടിൻ, ആന്റിഓക്സിഡന്റുകൾ, അമിനോ ആസിഡുകൾ എന്നിവ അടങ്ങിയിട്ടുണ്ട്. ഇവ മുടി പൊട്ടിപ്പോകുന്നത് തടയുകയും തലയോട്ടിക്ക് പോഷണം നൽകുകയും ചെയ്യുന്നു. മുടിക്ക് നല്ല ബലം നൽകുന്നതോടൊപ്പം അകാല നര തടയാനും കറിവേപ്പില സഹായിക്കും.
ഉപയോഗിക്കേണ്ട വിധം: 10-15 ഫ്രഷ് കറിവേപ്പില ഉലുവയോടൊപ്പം ചേർത്ത് തിളപ്പിക്കുക. ഒന്നുകിൽ ഇത് അരച്ച് പേസ്റ്റ് രൂപത്തിലാക്കിയോ, അല്ലെങ്കിൽ വെള്ളം അരിച്ചെടുത്തോ ഷാംപൂ ചെയ്യുന്നതിന് മുൻപ് തലയിൽ പുരട്ടാം.
4. കറ്റാർവാഴ ജെൽ
കറ്റാർവാഴ ഒരിക്കലും ഉലുവയോടൊപ്പം ഇട്ട് തിളപ്പിക്കരുത്. പകരം, ഉലുവ വെള്ളം തിളപ്പിച്ച് നന്നായി തണുത്തതിന് ശേഷം അതിലേക്ക് കറ്റാർവാഴ ജെൽ ചേർത്ത് മിക്സ് ചെയ്യുക. ഇത് വരണ്ട തലയോട്ടിയെ ഈർപ്പമുള്ളതാക്കാനും, തലയോട്ടിയിലെ ചൊറിച്ചിലും വീക്കവും കുറയ്ക്കാനും സഹായിക്കും. മുടി മൃദുവാക്കാനും എളുപ്പത്തിൽ ചീകി ഒതുക്കാനും ഇത് നല്ലതാണ്. ഉലുവ വെള്ളം പൂർണ്ണമായും തണുത്തതിന് ശേഷം മാത്രമേ ഫ്രഷ് കറ്റാർവാഴ ജെൽ ചേർക്കാവൂ.