Last Updated:
ചെന്നൈയിൽ നടന്ന സ്വകാര്യ ജന്മദിനാഘോഷത്തിനിടെ പകർത്തിയ ഒരു ചിത്രമാണ് തൃഷ പങ്കുവെച്ചത്
ജൂൺ 22നായിരുന്നു തമിഴ്നാട് മുഖ്യമന്ത്രിയും നടനുമായ സി. ജോസഫ് വിജയ് (C. Joseph Vijay) തന്റെ 52-ാം ജന്മദിനം ആഘോഷിച്ചത്. ആരാധകരിൽ നിന്നും സിനിമാ താരങ്ങളിൽ നിന്നും രാഷ്ട്രീയ നേതാക്കളിൽ നിന്നും സാമൂഹിക മാധ്യമങ്ങളിലൂടെ അദ്ദേഹത്തിന് ആശംസാപ്രവാഹമുണ്ടായി. ആഘോഷങ്ങൾക്കിടയിൽ നടി തൃഷ കൃഷ്ണൻ വിജയ്യെ ഇൻസ്റ്റഗ്രാമിൽ പിന്തുടരുന്നത് അവസാനിപ്പിച്ചെന്ന തരത്തിലുള്ള വാർത്തകൾ പ്രചരിച്ചതോടെ വിവിധ അഭ്യൂഹങ്ങൾക്കും വഴിയൊരുങ്ങി. എന്നാൽ ചൊവ്വാഴ്ച വൈകുന്നേരം വിജയ്ക്കായി തൃഷ പങ്കുവെച്ച പ്രത്യേക ജന്മദിന സന്ദേശം ഈ അഭ്യൂഹങ്ങൾക്ക് വിരാമമിട്ടു.
ചെന്നൈയിൽ നടന്ന സ്വകാര്യ ജന്മദിനാഘോഷത്തിനിടെ പകർത്തിയ ഒരു ചിത്രമാണ് തൃഷ പങ്കുവെച്ചത്. വിജയ്യും അദ്ദേഹത്തിന് സമീപം സന്തോഷത്തോടെ നിൽക്കുന്ന തൃഷയും ചിത്രത്തിലുണ്ട്. ഇവർക്കു മുന്നിലായി വിവിധ കേക്കുകളും അലങ്കരിച്ചിരിക്കുന്നു. അതിൽ മൂന്ന് ടിറാമിസു കേക്കുകൾ ഉൾപ്പെട്ടിരുന്നതാണ് ആരാധകരുടെ ശ്രദ്ധ പ്രത്യേകമായി ആകർഷിച്ചത്.
ചിത്രം പുറത്തുവന്നതോടെ സമൂഹ മാധ്യമങ്ങളിൽ വ്യാപകമായ ചർച്ചകൾക്ക് തുടക്കമായി. ചിത്രത്തിലുള്ള ടിറാമിസു കേക്കുകളുടെ ഉറവിടം കണ്ടെത്താൻ നിരവധി പേരാണ് ശ്രമിച്ചത്. കേക്കുകൾ ഒരു പ്രശസ്ത കഫേ ശൃംഖലയിൽ നിന്നുള്ളതാണെന്ന് ചിലർ ചൂണ്ടിക്കാട്ടി. എന്നാൽ ആ സ്ഥാപനത്തിന് ചെന്നൈയിൽ ശാഖകളില്ലാത്തതിനാൽ, ആഘോഷത്തിനായി പ്രത്യേകമായി എത്തിച്ചതാകാമെന്നാണ് പലരുടെയും നിഗമനം. ഇതോടെ ഇതിനകം തന്നെ ശ്രദ്ധ നേടിയ ജന്മദിന ചിത്രത്തിന് കൂടുതൽ കൗതുകവും പ്രചാരവും ലഭിച്ചു.
ചിത്രത്തിന് താഴെ നിരവധി രസകരമായ പ്രതികരണങ്ങളാണ് പ്രത്യക്ഷപ്പെട്ടത്. “ഇത് ചെന്നൈയിൽ നിന്നുള്ളതല്ല, ഹൈദരാബാദിൽ നിന്ന് പ്രത്യേകമായി എത്തിച്ചതാകാം,” എന്നാണ് ഒരു ഉപയോക്താവിന്റെ അഭിപ്രായം. “ജൂബിലി ഹിൽസിൽ നിന്ന് നീലാങ്കരൈ വരെ കേക്ക് യാത്ര ചെയ്തിരിക്കണം,” എന്നായിരുന്നു മറ്റൊരാളുടെ പ്രതികരണം. “അഞ്ച് വർഷത്തിനായി അഞ്ച് കേക്കുകൾ. 2022-ൽ തുടങ്ങിയ ഈ ആഘോഷം ഇപ്പോൾ അഞ്ചാം വർഷത്തിലേക്കാണ് കടക്കുന്നത്,” തുടങ്ങിയ അഭിപ്രായങ്ങളും ശ്രദ്ധ നേടി.
സമൂഹമാധ്യമങ്ങളിലെ ചർച്ചകൾ പ്രകാരം, ഹൈദരാബാദ്, ബെംഗളൂരു, മുംബൈ എന്നിവിടങ്ങളിൽ മാത്രം പ്രവർത്തിക്കുന്ന പ്രശസ്ത കഫേ ശൃംഖലയായ കോൺസുവിൽ നിന്നുള്ള ടിറാമിസു കേക്കുകളാകാമിതെന്നാണ് വിലയിരുത്തൽ.
അതേസമയം, വിജയ്യും തൃഷയും തമ്മിലുള്ള ബന്ധത്തെക്കുറിച്ചുള്ള അഭ്യൂഹങ്ങൾ വർഷങ്ങളായി സിനിമാ ലോകത്ത് ചർച്ചയാകുന്ന വിഷയമാണ്. ഇരുവരുടെയും പൊതുപരിപാടികളിലെ സാന്നിധ്യം, സമൂഹമാധ്യമങ്ങളിലെ ഇടപെടലുകൾ, സിനിമാ ബന്ധങ്ങൾ എന്നിവയെ അടിസ്ഥാനമാക്കി ആരാധകരും സമൂഹമാധ്യമ ഉപയോക്താക്കളും പലവിധ അനുമാനങ്ങൾ മുന്നോട്ടുവയ്ക്കാറുണ്ട്. എന്നാൽ ഇത്തരത്തിലുള്ള പ്രചാരണങ്ങളെയും അഭ്യൂഹങ്ങളെയും കുറിച്ച് വിജയിയോ തൃഷയോ ഇതുവരെ ഔദ്യോഗികമായി പ്രതികരിക്കുകയോ സ്ഥിരീകരിക്കുകയോ ചെയ്തിട്ടില്ല.
Thiruvananthapuram,Kerala
Jun 25, 2026 11:15 AM IST
