Headlines

നരച്ച മുടി മറയ്ക്കാതിരിക്കുന്നത് ആത്മവിശ്വാസത്തിന്റെ അടയാളം; മനഃശാസ്ത്രം പറയുന്നത് | Psychology Explains Why Silver Hair is the New Power Move | Buzz News


Last Updated:

മുടി ഡൈ ചെയ്യുന്നത് നിർത്തുക എന്നാൽ സൗന്ദര്യസംരക്ഷണം പൂർണ്ണമായി ഉപേക്ഷിക്കുക എന്നല്ല അർത്ഥം

News18
News18

പ്രായമാകുമ്പോൾ മുടി നരയ്ക്കുന്നത് സ്വാഭാവികമാണ്. എന്നാൽ പതിറ്റാണ്ടുകളായി നമ്മുടെ സമൂഹം നരച്ച മുടിയെ ഒരു പോരായ്മയായി കാണാനാണ് നമ്മളെ പഠിപ്പിച്ചിട്ടുള്ളത്. വാർദ്ധക്യത്തിന്റെ ലക്ഷണങ്ങളെ എങ്ങനെയെങ്കിലും മറച്ചുവെക്കുക എന്ന ചിന്താഗതിയിലാണ് കോടിക്കണക്കിന് രൂപയുടെ സൗന്ദര്യവർദ്ധക വിപണി നിലനിൽക്കുന്നത് തന്നെ.

എന്നാൽ ഇന്ന് ഈ രീതി മാറിമറിയുകയാണ്. പ്രായഭേദമന്യേ ഒരു വലിയ വിഭാഗം ആളുകൾ തങ്ങളുടെ സ്വാഭാവികമായ നരച്ച മുടിയെ ഒളിച്ചുവെക്കാതെ, അഭിമാനത്തോടെ കാത്തുസൂക്ഷിക്കാൻ താല്പര്യപ്പെടുന്നു. ചിലർക്കിത് വിചിത്രമായി തോന്നാം, മറ്റു ചിലർ സ്വന്തം രൂപത്തിൽ ശ്രദ്ധിക്കാതാകുന്നതിന്റെ ലക്ഷണമായി ഇതിനെ വിലയിരുത്താം. എന്നാൽ, മനഃശാസ്ത്രം പറയുന്നത് മറ്റൊന്നാണ്. മുടി ഡൈ ചെയ്യുന്നത് നിർത്താനുള്ള തീരുമാനം ഒരു വ്യക്തിയുടെ മടിയോ തോൽവി സമ്മതിക്കലോ അല്ല. പകരം അത് അവരുടെ വ്യക്തിത്വം, മുൻഗണനകൾ, സ്വയം സ്വീകാര്യത എന്നിവയിലുണ്ടായ വലിയൊരു മാറ്റത്തെയാണ് സൂചിപ്പിക്കുന്നത്.

ഇതിന് പിന്നിലെ മനഃശാസ്ത്രപരമായ കാരണങ്ങൾ എന്തൊക്കെയാണെന്ന് നോക്കാം:

1. സ്വന്തം തീരുമാനങ്ങൾക്കുള്ള സ്വാതന്ത്ര്യം (Self-Determination Theory)

മനഃശാസ്ത്രജ്ഞരായ എഡ്വേർഡ് ഡെസിയും റിച്ചാർഡ് റയാനും ചേർന്ന് വികസിപ്പിച്ച സിദ്ധാന്തപ്രകാരം, മനുഷ്യൻ മാനസികമായി വളരുന്നത് മൂന്ന് കാര്യങ്ങൾ ഉണ്ടാകുമ്പോഴാണ് — സ്വയംഭരണം (Autonomy), കഴിവ് (Competence), പരസ്പരബന്ധം (Relatedness). ഇതിൽ സ്വയംഭരണം അല്ലെങ്കിൽ സ്വന്തം തീരുമാനങ്ങൾ എടുക്കാനുള്ള സ്വാതന്ത്ര്യം ഇവിടെ വളരെ പ്രധാനമാണ്. മറ്റുള്ളവർ എന്ത് വിചാരിക്കും? എന്ന ചിന്തയിൽ നിന്ന് മാറി എനിക്ക് എന്താണ് നല്ലതെന്ന് തോന്നുന്നത്? എന്ന് ചിന്തിക്കാൻ തുടങ്ങുമ്പോഴാണ് പലരും മുടി ഡൈ ചെയ്യുന്നത് നിർത്തുന്നത്. സാമൂഹിക സമ്മർദ്ദങ്ങൾക്കപ്പുറം സ്വന്തം ഇഷ്ടങ്ങൾക്ക് ഇവർ മുൻഗണന നൽകുന്നു.

2. ആന്തരികതയും ബാഹ്യരൂപവും ഒന്നാകുന്നു (Self-Concept Theory)

മനഃശാസ്ത്രജ്ഞനായ കാൾ റോജേഴ്സിന്റെ സെൽഫ് കൺസെപ്റ്റ് സിദ്ധാന്തപ്രകാരം നമ്മൾ ഉള്ളിൽ ആരാണോ, അതുപോലെ തന്നെ പുറംലോകത്തിന് മുന്നിൽ ജീവിക്കാൻ സാധിക്കുമ്പോഴാണ് മാനസിക സന്തോഷം ഉണ്ടാകുന്നത്. ഇതിനെ കോൺഗ്രൂൻസ് (Congruence) എന്ന് വിളിക്കുന്നു. എപ്പോഴും ചെറുപ്പമായി കാണിക്കാൻ ശ്രമിക്കുന്നത് വലിയൊരു വിഭാഗം ആളുകളിൽ കടുത്ത മാനസിക സമ്മർദ്ദമുണ്ടാക്കാറുണ്ട്. എന്നാൽ നരയെ അതിന്റെ സ്വാഭാവികതയോടെ സ്വീകരിക്കുമ്പോൾ ആ ആന്തരിക പിരിമുറുക്കം ഇല്ലാതാവുകയും, അവർക്ക് കൂടുതൽ ആത്മവിശ്വാസം അനുഭവപ്പെടുകയും ചെയ്യുന്നു.

3. മുൻഗണനകളിലെ മാറ്റം (Socioemotional Selectivity Theory)

പ്രായമാകുമ്പോൾ മനുഷ്യന്റെ മുൻഗണനകൾ മാറുമെന്ന് ലോറ കാർസ്റ്റെൻസൻ എന്ന മനഃശാസ്ത്രജ്ഞയുടെ സിദ്ധാന്തം വ്യക്തമാക്കുന്നു. മറ്റുള്ളവരുടെ പ്രശംസ പിടിച്ചുപറ്റുന്നതിനേക്കാൾ തങ്ങൾക്ക് മാനസിക സംതൃപ്തി നൽകുന്ന കാര്യങ്ങളിലേക്ക് ആളുകൾ ശ്രദ്ധ കേന്ദ്രീകരിക്കുന്നു. സമയവും ഊർജ്ജവും കൂടുതൽ വിലപ്പെട്ടതാണെന്ന് അവർ തിരിച്ചറിയുന്നു. മണിക്കൂറുകളോളം പാർലറുകളിൽ ചിലവഴിക്കുന്നതിനേക്കാൾ ജീവിതത്തിലെ മറ്റ് പ്രധാന കാര്യങ്ങൾക്ക് അവർ സമയം കണ്ടെത്തുന്നു. ഇത് ഫാഷനോടുള്ള വിമുഖതയല്ല, മറിച്ച് മുൻഗണനകൾ കൃത്യമായി ക്രമീകരിക്കുന്നതാണ്.

4. സാമൂഹിക താരതമ്യങ്ങളുടെ കുറവ് (Social Comparison Theory)

ലിയോൺ ഫെസ്റ്റിംഗറുടെ ‘സോഷ്യൽ കംപാരിസൺ’ സിദ്ധാന്തപ്രകാരം മനുഷ്യർ എപ്പോഴും മറ്റുള്ളവരുമായി സ്വയം താരതമ്യം ചെയ്യാറുണ്ട്. സോഷ്യൽ മീഡിയയും സിനിമകളും വാർദ്ധക്യത്തെക്കുറിച്ച് പലപ്പോഴും തെറ്റായ ധാരണകളാണ് നൽകാറുള്ളത്. എന്നാൽ ഇന്ന് പല പ്രമുഖ വ്യക്തികളും സെലിബ്രിറ്റികളും കോർപ്പറേറ്റ് പ്രൊഫഷണലുകളും തങ്ങളുടെ നരച്ച മുടി മറയ്ക്കാതെ പൊതുവേദികളിൽ പ്രത്യക്ഷപ്പെടുന്നുണ്ട്. ഇത് സാധാരണക്കാർക്കിടയിലും വലിയ മാറ്റമുണ്ടാക്കുകയും സ്വന്തം സ്വാഭാവിക രൂപത്തെ സ്നേഹിക്കാൻ പ്രേരിപ്പിക്കുകയും ചെയ്യുന്നു.

നിങ്ങളായിരിക്കുക എന്നതാണ് പ്രധാനം

മുടി ഡൈ ചെയ്യുന്നത് നിർത്തുക എന്നാൽ സൗന്ദര്യസംരക്ഷണം പൂർണ്ണമായി ഉപേക്ഷിക്കുക എന്നല്ല അർത്ഥം. ചിലർക്ക് മുടി കളർ ചെയ്യുന്നത് വലിയ സന്തോഷം നൽകുന്ന കാര്യമായിരിക്കാം, എന്നാൽ മറ്റു ചിലർക്ക് അത് സ്വാഭാവികമായി നിലനിർത്തുന്നതാകും ഇഷ്ടം. രണ്ട് തീരുമാനങ്ങളും മാനസികമായി ആരോഗ്യകരമാണ്. പക്ഷേ, ചോദ്യം ഇതാണ്: “ഞാൻ ഇത് ചെയ്യുന്നത് എന്റെ സ്വന്തം ഇഷ്ടപ്രകാരമാണോ, അതോ സമൂഹത്തെ ഭയന്നിട്ടാണോ?”

യഥാർത്ഥ ആത്മവിശ്വാസം വരുന്നത് എപ്പോഴും ചെറുപ്പമായി ഇരിക്കുന്നതിലൂടെയല്ല. മറിച്ച് പ്രായമാകുന്നതിനെ ഭയമില്ലാതെ ആസ്വദിക്കാൻ സാധിക്കുന്നതിലൂടെയാണ്.



Source link

Leave a Reply

Your email address will not be published. Required fields are marked *