Last Updated:
പുതുമുഖങ്ങളുടെ അഭിനയം കണ്ട് സ്വന്തം കഴിവുകൾ ഒന്നുകൂടി മെച്ചപ്പെടുത്തേണ്ടതുണ്ടെന്ന് തനിക്ക് തോന്നിയതായും സൂര്യ കുറിച്ചു
ബോക്സ് ഓഫീസിൽ വലിയ വിജയമായി മുന്നേറുന്ന ചിദംബരം ചിത്രം ‘ബാലൻ ദ ബോയ്’ക്ക് പ്രശംസയുമായി തെന്നിന്ത്യൻ താരദമ്പതികളായ സൂര്യയും ജ്യോതികയും. ചിത്രം കണ്ടതിന് പിന്നാലെ സംവിധായകൻ ചിദംബരം ഉൾപ്പെടെയുള്ള അണിയറപ്രവർത്തകരെ നേരിട്ടെത്തി കണ്ടാണ് താരങ്ങൾ അഭിനന്ദനം അറിയിച്ചത്.
‘മഞ്ഞുമ്മൽ ബോയ്സി’ന് ശേഷം ചിദംബരവും ‘ആവേശം’ സംവിധായകൻ ജിത്തു മാധവനും ഒന്നിച്ചപ്പോൾ മലയാള സിനിമയിൽ മറ്റൊരു അമൂല്യ രത്നം കൂടിയാണ് പിറന്നതെന്ന് സൂര്യ സോഷ്യൽ മീഡിയയിൽ കുറിച്ചു. ഏതാണ്ട് മുഴുവനായും പുതുമുഖങ്ങളായ ഫർസാന, ആദിശേഷൻ, മുഹമ്മദ് സിനാൻ എന്നിവരെ വിശ്വസിച്ച് ഈ ചിത്രം ഏൽപ്പിച്ച സംവിധായകനോട് വലിയ ആദരവ് തോന്നുന്നുവെന്നും ‘അബ്ബാസ്’ എന്ന കഥാപാത്രമായി ടൊവിനോ തോമസ് മികച്ച പ്രകടനം കാഴ്ചവെച്ചെന്നും സൂര്യ വ്യക്തമാക്കി. പുതുമുഖങ്ങളുടെ അഭിനയം കണ്ട് സ്വന്തം കഴിവുകൾ ഒന്നുകൂടി മെച്ചപ്പെടുത്തേണ്ടതുണ്ടെന്ന് തനിക്ക് തോന്നിയതായും സൂര്യ കുറിച്ചു.
ചിത്രം ഒരു മാസ്റ്റർപീസ് ആണെന്നായിരുന്നു ജ്യോതികയുടെ പ്രതികരണം. ജിത്തു മാധവന്റെ ആകാംഷഭരിതമായ തിരക്കഥയും ചിദംബരത്തിന്റെ ദൃശ്യാവിഷ്കാരവും മികച്ചതാണെന്നും ഫർസാന, ഡോളി ജൂൺ, കുട്ടികളായ ആദിശേഷൻ, സിനാൻ എന്നിവർ വിസ്മയിപ്പിക്കുന്ന പ്രകടനമാണ് നടത്തിയതെന്നും ജ്യോതിക പറഞ്ഞു. തന്റെ താരപ്പകിട്ടുകളെല്ലാം അഴിച്ചുവെച്ചാണ് ടൊവിനോ തോമസ് കരിയറിലെ മികച്ച പ്രകടനങ്ങളിലൊന്ന് പുറത്തെടുത്തതെന്നും സുഷിൻ ശ്യാമിന്റെ സംഗീതവും ഷൈജു ഖാലിദിന്റെ ഛായാഗ്രഹണവും ചിത്രത്തെ സമ്പൂർണ്ണ ദൃശ്യവിരുന്നാക്കി മാറ്റിയെന്നും ജ്യോതിക ഇൻസ്റ്റാഗ്രാമിൽ കുറിച്ചു. താരങ്ങളുടെ കുറിപ്പിന് താഴെ ടൊവിനോ തോമസ്, ചിദംബരം, ജിത്തു മാധവൻ തുടങ്ങിയവർ നന്ദി അറിയിച്ചിട്ടുണ്ട്.
ചിദംബരം സംവിധാനവും ജിത്തു മാധവൻ തിരക്കഥയും നിർവ്വഹിച്ച ‘ബാലൻ ദ ബോയ്’ ഒരു സൈക്കോളജിക്കൽ ഡ്രാമ ത്രില്ലറാണ്. അമ്മയോടൊപ്പമുള്ള ദുരിതപൂർണ്ണമായ കുട്ടിക്കാലത്തിന് ശേഷം കാണാതായ അമ്മയെ തിരഞ്ഞിറങ്ങുന്ന കൗമാരക്കാരന്റെ കഥയാണ് ചിത്രം പറയുന്നത്. ടൊവിനോ തോമസ്, ഫർസാന പലാത്തിങ്ങൽ, ആദിശേഷൻ കെ.ആർ., മുഹമ്മദ് സിനാൻ, ഡോളി ജൂൺ, ജീൻ പോൾ ലാൽ എന്നിവരാണ് പ്രധാന വേഷങ്ങളിൽ. മലയാളത്തിന് പുറമെ തമിഴ്, തെലുങ്ക്, ഹിന്ദി, കന്നഡ ഭാഷകളിൽ റിലീസ് ചെയ്ത ചിത്രം മികച്ച ബോക്സ് ഓഫീസ് കളക്ഷനുമായാണ് മുന്നേറുന്നത്.
Kochi [Cochin],Ernakulam,Kerala
