Headlines

പാസ്‌പോര്‍ട്ട് പൗരത്വ രേഖയല്ല; വെറും യാത്രാ രേഖ, പൗരത്വം ലഭിക്കുന്നത് എങ്ങനെ? | പാസ്‌പോര്‍ട്ട് പൗരത്വ രേഖയല്ല; വെറും യാത്രാ രേഖ, പൗരത്വം ലഭിക്കുന്നത് എങ്ങനെ? | Is Your Passport Or Aadhaar Actual Proof Of Citizenship? Latest Guidelines By Indian Government


India

-Ashif N

ഇന്ത്യയിൽ വ്യക്തികളുടെ ദേശീയതയും പൗരത്വവും തെളിയിക്കുന്ന ഏറ്റവും ശക്തമായ ഔദ്യോഗിക രേഖയേതെന്ന ചോദ്യത്തിന് ഭൂരിഭാഗം ആളുകളും നൽകുന്ന ഉത്തരം പാസ്‌പോർട്ട് എന്നായിരിക്കും. വിദേശരാജ്യങ്ങളിലേക്ക് യാത്ര ചെയ്യുന്നതിനും അവിടെയുള്ള ഔദ്യോഗിക ആവശ്യങ്ങൾക്കും ഇതാണ് നാം പ്രധാനമായും ആശ്രയിക്കുന്നത്. എന്നാൽ, കൈവശം പാസ്‌പോർട്ട് ഉണ്ടെന്നത് കൊണ്ട് മാത്രം ഒരാൾ ഇന്ത്യൻ പൗരനാകണമെന്നില്ലെന്ന് വ്യക്തമാക്കിയിരിക്കുകയാണ് കേന്ദ്ര വിദേശകാര്യ മന്ത്രാലയം.

വിദേശരാജ്യങ്ങളിലേക്ക് യാത്ര ചെയ്യുന്നതിനായി ഒരു വ്യക്തിക്ക് സർക്കാർ അനുവദിച്ചു നൽകുന്ന വെറുമൊരു യാത്രാരേഖ (Travel Document) മാത്രമാണ് പാസ്‌പോർട്ടെന്നും, അത് പൗരത്വത്തിനുള്ള അന്തിമ തെളിവല്ലെന്നുമാണ് കേന്ദ്രത്തിന്റെ ഏറ്റവും പുതിയ അറിയിപ്പ്. പതിനാലാമത് പാസ്‌പോർട്ട് സേവാ ദിനത്തോട് അനുബന്ധിച്ച് പുറത്തിറക്കിയ ഈ ഔദ്യോഗിക അറിയിപ്പ് രാജ്യവ്യാപകമായി ചർച്ചകൾക്കാണ് വഴിയൊരുക്കിയിരിക്കുന്നത്. രാജ്യത്ത് വിദേശ പൗരന്മാരെ കണ്ടെത്തുന്നതിനും പൗരത്വ രേഖകൾ കൃത്യമായി പരിശോധിക്കുന്നതിനുമുള്ള കർശന നടപടികൾ തുടരുന്നതിനിടയിലാണ് ഈ വിശദീകരണം.

passport india

ഒരു വ്യക്തി കൈവശം വെച്ചിരിക്കുന്ന പാസ്‌പോർട്ട് യഥാർത്ഥത്തിൽ അയാളുടെ സ്വന്തം സ്വത്തല്ല, മറിച്ച് ഇന്ത്യൻ സർക്കാരിന്റെ സ്വത്താണ്. പാസ്‌പോർട്ടിന്റെ അവസാന പേജിലെ നിർദ്ദേശങ്ങൾ പരിശോധിച്ചാൽ ഇത് വ്യക്തമാകും. സർക്കാർ ആവശ്യപ്പെടുമ്പോൾ അത് തിരികെ സമർപ്പിക്കാൻ ഓരോ വ്യക്തിയും നിയമപരമായി ബാധ്യസ്ഥനാണ്. പാസ്‌പോർട്ട് ലഭിക്കുന്ന മുൻഗണനാ ക്രമത്തിൽ ആധാർ കാർഡും വോട്ടർപട്ടികയും അടിസ്ഥാനമാക്കാറുണ്ടെങ്കിലും, ഇവയൊന്നും പൗരത്വം സ്ഥിരീകരിക്കുന്നതിനുള്ള അന്തിമ മാനദണ്ഡങ്ങളല്ലെന്ന് സർക്കാർ വ്യക്തമാക്കുന്നു.

മുൻപ് ആധാർ കാർഡും വോട്ടർ തിരിച്ചറിയൽ കാർഡും പൗരത്വം തെളിയിക്കാനുള്ള ഔദ്യോഗിക രേഖകളല്ലെന്ന് സുപ്രീം കോടതിയും കേന്ദ്ര സർക്കാരും പലതവണ വ്യക്തമാക്കിയതാണ്. ആധാർ കാർഡ് എന്നത് കേവലം ഒരു വ്യക്തിയുടെ തനതായ ബയോമെട്രിക് വിവരങ്ങളും വിലാസവും അടങ്ങുന്ന ഒരു തിരിച്ചറിയൽ കാർഡ് മാത്രമാണ്. വോട്ടർമാരുടെ പട്ടിക പുതുക്കുന്നതുമായി ബന്ധപ്പെട്ട ഒരു കേസിലെ വിചാരണ ഘട്ടത്തിലാണ് ആധാർ പൗരത്വത്തിന്റെ രേഖയല്ലെന്ന് പരമോന്നത കോടതി വ്യക്തമാക്കിയത്. ഇതേ നിയമപരമായ നിലനിൽപ്പ് തന്നെയാണ് വോട്ടർ ഐഡന്റിറ്റി കാർഡിനുമുള്ളത്.

ഇന്ത്യൻ പൗരത്വ നിയമത്തിലെ പ്രധാന വ്യവസ്ഥകൾ

ഭാരതീയ പൗരത്വ നിയമപ്രകാരം രാജ്യത്ത് ജനിച്ച എല്ലാവർക്കും നേരിട്ട് പൗരത്വം ലഭിക്കണമെന്നില്ല. വ്യത്യസ്ത കാലയളവുകളിൽ ഇന്ത്യയിൽ ജനിച്ച് ജീവിക്കുന്നവർക്കായി ജന്മനാ പൗരത്വത്തിന് അർഹത നേടുന്നതിന് നിയമം അനുശാസിക്കുന്ന പ്രധാന വ്യവസ്ഥകൾ താഴെ പറയുന്നവയാണ്:

1. 1950 ജനുവരി 26-നോ അതിനുശേഷമോ, എന്നാൽ 1987 ജൂലൈ 1-ന് മുൻപോ ഇന്ത്യയിൽ ജനിച്ച ഏതൊരു വ്യക്തിക്കും മാതാപിതാക്കളുടെ പൗരത്വ പശ്ചാത്തലം ഒന്നും തന്നെ പരിശോധിക്കാതെ ജന്മനാ ഇന്ത്യൻ പൗരത്വത്തിന് നിയമപരമായ പൂർണ്ണ അർഹതയുള്ളതായി കണക്കാക്കുന്നു.

2. 1987 ജൂലൈ 1-ന് ശേഷമാണ് ഒരു വ്യക്തി ജനിച്ചതെങ്കിൽ, ആ ജനനസമയത്ത് കുട്ടിയുടെ മാതാപിതാക്കളിൽ ആരെങ്കിലും ഒരാൾ നിർബന്ധമായും ഇന്ത്യൻ പൗരനായിരിക്കണം എന്ന കർശനമായ വ്യവസ്ഥയാണ് പൗരത്വം നേടുന്നതിനായി നിയമപരമായി നിലനിൽക്കുന്നത്.

3. 2004 ഡിസംബർ 3-നോ അതിനുശേഷമോ രാജ്യത്ത് ജനിച്ചവർക്ക് പൗരത്വത്തിനായി മാതാപിതാക്കൾ രണ്ടുപേരും ഇന്ത്യൻ പൗരന്മാരായിരിക്കണം. അതല്ലെങ്കിൽ മാതാപിതാക്കളിൽ ഒരാൾ ഇന്ത്യൻ പൗരനും മറ്റേയാൾ യാതൊരുവിധത്തിലുള്ള അനധികൃത കുടിയേറ്റ പശ്ചാത്തലവും ഇല്ലാത്ത വ്യക്തിയുമായിരിക്കണമെന്ന കടുത്ത നിയമമുണ്ട്.



Source link

Leave a Reply

Your email address will not be published. Required fields are marked *