Headlines

രാജകൊട്ടാരത്തിൽ താമസിക്കണോ? ഒരു ദിവസത്തേക്ക് ചിലവ് ലക്ഷങ്ങൾ | Buzz News


Last Updated:

ലോകപ്രശസ്ത ആഡംബര ഹോട്ടലും രാജകുടുംബത്തിന്റെ വസതിയും ഒരേസ്ഥലത്തെന്ന അപൂർവ സവിശേഷതയാണ് ഈ കൊട്ടാരത്തെ വ്യത്യസ്തമാക്കുന്നത്.

News18
News18

ചരിത്രവും പൈതൃകവും ഉറങ്ങിക്കിടക്കുന്ന ഒട്ടനവധി കൊട്ടാരങ്ങളാണ് നമ്മുടെ രാജ്യത്തുള്ളത്. ഇതിൽ പലതും ഇന്ന് ചരിത്രസ്മാരകങ്ങളായി മാറിയിരിക്കുകയാണ്. എന്നാൽ രാജസ്ഥാനിലെ ജോധ്പൂരിലുള്ള ഉമൈദ് ഭവൻ പാലസിന് വേറിട്ടൊരു കഥയുണ്ട്. ലോകപ്രശസ്ത ആഡംബര ഹോട്ടലും രാജകുടുംബത്തിന്റെ വസതിയും ഒരേസ്ഥലത്തെന്ന അപൂർവ സവിശേഷതയാണ് ഈ കൊട്ടാരത്തെ വ്യത്യസ്തമാക്കുന്നത്.

‘ബ്ലൂ സിറ്റി’ എന്നറിയപ്പെടുന്ന ജോധ്പൂരിലെ ചിത്താർ കുന്നിന് മുകളിലായി സ്ഥിതിചെയ്യുന്ന ഈ ഭീമൻ കൊട്ടാരം മുൻ ജോധ്പൂർ രാജകുടുംബത്തിന്റെ ഔദ്യോഗിക വസതിയാണ്. അതേസമയം ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നെത്തുന്ന വിനോദസഞ്ചാരികൾക്ക് രാജകീയ ആതിഥ്യമരുളുന്ന ആഡംബര ഹോട്ടലായും ഇത് പ്രവർത്തിക്കുന്നു.

1928-ൽ മഹാരാജാ ഉമൈദ് സിങാണ് കൊട്ടാരത്തിന്റെ നിർമാണം ആരംഭിച്ചത്. എന്നാൽ രാജകീയ ആഡംബരത്തിനായിരുന്നില്ല ഈ പദ്ധതിയുടെ ലക്ഷ്യം. അന്നത്തെ മാർവാർ മേഖല കടുത്ത വരൾച്ചയുടെയും ക്ഷാമത്തിന്റെയും പിടിയിലായിരുന്നു. ആയിരക്കണക്കിന് ആളുകൾക്ക് തൊഴിൽ നൽകുക എന്ന ഉദ്ദേശ്യത്തോടെയാണ് മഹാരാജാവ് വമ്പൻ നിർമാണ പദ്ധതി ആരംഭിച്ചത്. ഏകദേശം 14 വർഷത്തെ നിർമാണ പ്രവർത്തനങ്ങൾക്കൊടുവിൽ 1943-ലാണ് കൊട്ടാരം പൂർത്തിയായത്.

ബ്രിട്ടീഷ് ശിൽപശാസ്ത്രജ്ഞനായ ഹെൻറി വോൺ ലാഞ്ചസ്റ്ററാണ് കൊട്ടാരത്തിന്റെ രൂപകൽപന നിർവഹിച്ചത്. ഇൻഡോ-സാരസെനിക്, ക്ലാസിക്കൽ, ആർട്ട് ഡെക്കോ ശൈലികളുടെ മനോഹര സമന്വയമാണ് ഉമൈദ് ഭവനെ മറ്റുള്ളവയിൽ നിന്ന് വ്യത്യസ്തമാക്കുന്നത്. സ്വർണനിറത്തിലുള്ള ചിത്താർ മണൽക്കല്ലുകൾ ഉപയോഗിച്ച് നിർമിച്ച ഈ കൊട്ടാരം ലോകത്തിലെ ഏറ്റവും വലിയ സ്വകാര്യ വസതികളിലൊന്നായും അറിയപ്പെടുന്നു.

347 മുറികൾ, വിശാലമായ ഹാളുകൾ, ഭംഗിയാർന്ന പടിക്കെട്ടുകൾ, മനോഹരമായ അങ്കണങ്ങൾ, 26 ഏക്കറിലായി വ്യാപിച്ചുകിടക്കുന്ന ഉദ്യാനങ്ങൾ എന്നിവയാണ് കൊട്ടാരത്തിന്റെ പ്രധാന ആകർഷണങ്ങൾ.

കൊട്ടാരം മൂന്ന് വിഭാഗങ്ങളായാണ് പ്രവർത്തിക്കുന്നത്. ഒരു ഭാഗത്ത് മഹാരാജാ ഉമൈദ് സിം​ഗിന്റെ പേരക്കുട്ടിയായ മഹാരാജാ ഗജ് സിം​ഗ് രണ്ടാമന്റെ കുടുംബം താമസിക്കുന്നു. മറ്റൊരു ഭാഗം പ്രശസ്തമായ താജ് ഉമൈദ് ഭവൻ പാലസ് ഹോട്ടലായി പ്രവർത്തിക്കുന്നു. മൂന്നാമത്തെ ഭാഗം മ്യൂസിയമായി മാറ്റിയിട്ടുണ്ടെന്നും അവിടെ ജോധ്പൂർ രാജവംശത്തിന്റെ ചരിത്രം, പഴയകാല ക്ലോക്കുകൾ, അപൂർവ ഫോട്ടോകൾ, കാറുകൾ തുടങ്ങിയവ പ്രദർശിപ്പിക്കുന്നുമുണ്ട്.

കൊട്ടാരത്തിന്റെ മതിലുകൾക്കുള്ളിൽ ഇന്നും രാജകുടുംബം താമസിക്കുന്നുവെന്ന യാഥാർഥ്യമാണ് വിനോദസഞ്ചാരികളെ ആകർഷിക്കുന്നത്. ലോകപ്രശസ്ത വ്യക്തികളും രാജകുടുംബാംഗങ്ങളും നിരവധി പ്രമുഖ വിവാഹ ചടങ്ങുകളും ഈ കൊട്ടാരത്തിൽ വച്ച് നടന്നിട്ടുണ്ട്. നടി പ്രിയങ്ക ചോപ്രയും വിവാഹിതയായതും ഇവിടെയായിരുന്നു.



Source link

Leave a Reply

Your email address will not be published. Required fields are marked *