Headlines

‘ദൃശ്യം 3’ സൂപ്പർ ഹിറ്റായതും രണ്ടു ബിഗ് ബജറ്റ് ഫഹദ് ചിത്രങ്ങളുമായി പനോരമ സ്റ്റുഡിയോസ് | സിനിമാ വാർത്ത


Last Updated:

നിലവിൽ പ്രീ-പ്രൊഡക്ഷൻ ഘട്ടത്തിലുള്ള ഈ രണ്ട് ചിത്രങ്ങളും 2027-ൽ തിയേറ്ററുകളിൽ റിലീസ് ചെയ്യാനാണ് പദ്ധതി

ഫഹദ് ഫാസിൽ പുതിയ സിനിമ
ഫഹദ് ഫാസിൽ പുതിയ സിനിമ

‘ദൃശ്യം 3’ മലയാളം പതിപ്പിന്‍റെ വൻ വിജയത്തിന് പിന്നാലെ, ഇന്ത്യയിലെ ശ്രദ്ധേയ സിനിമാ നിർമ്മാണ കമ്പനിയായ പനോരമ സ്റ്റുഡിയോസ് പുതിയ രണ്ട് മലയാള ചിത്രങ്ങൾ പ്രഖ്യാപിച്ചു. നിർമ്മാതാവ് ജേക്കബ് ബാബുവുമായി സഹകരിച്ചാണ് പനോരമ സ്റ്റുഡിയോസ് ഈ രണ്ട് ചിത്രങ്ങളും നിർമ്മിക്കുന്നത്. നടൻ ഫഹദ് ഫാസിലാണ് രണ്ട് ചിത്രങ്ങളിലും പ്രധാന വേഷത്തിൽ എത്തുന്നത്.

‘മഹേഷിന്‍റെ പ്രതികാരം’, ‘കുമ്പളങ്ങി നൈറ്റ്സ്’, ‘ജോജി’, ‘മാലിക്’, ‘ആവേശം’, ഒപ്പം പാൻ-ഇന്ത്യൻ ഹിറ്റായ ‘പുഷ്പ’ ഫ്രാഞ്ചൈസി തുടങ്ങിയ ചിത്രങ്ങളിലൂടെ സമകാലിക ഇന്ത്യൻ സിനിമയിൽ സ്വന്തമായൊരു ഇടം നേടിയ ഫഹദിന്‍റെ ശക്തമായ കഥാപാത്ര തിരഞ്ഞെടുപ്പുകളും അഭിനയശൈലിയും പുതിയ പ്രൊജക്റ്റുകൾക്കും കരുത്താകുമെന്നാണ് അണിയറപ്രവർത്തകരുടെ പ്രതീക്ഷ.

“ഈ ചിത്രങ്ങളിലേക്ക് എന്നെ ആകർഷിച്ചത് ഇതിന്‍റെ ശക്തമായ തിരക്കഥകളും അണിയറപ്രവർത്തകരുടെ കാഴ്ചപ്പാടുമാണ്. ഒരു നടൻ എന്ന നിലയിൽ എന്നെ വെല്ലുവിളിക്കുന്നതും പ്രേക്ഷകർക്ക് പുതുമ നൽകുന്നതുമായ സിനിമകളുടെ ഭാഗമാകാൻ ഞാൻ എപ്പോഴും ആഗ്രഹിക്കുന്നു. ജേക്കബ് ബാബുവുമായും പനോരമ സ്റ്റുഡിയോസുമായും നടത്തിയ ചർച്ചകൾ ഏറെ പ്രചോദനം നൽകുന്നതായിരുന്നു. ചിത്രങ്ങൾ അടുത്ത വർഷം പ്രേക്ഷകരിലേക്ക് എത്തിക്കാൻ സാധിക്കുമെന്നാണ് കരുതുന്നത്”, വെല്ലുവിളികൾ നിറഞ്ഞ കഥാപാത്രങ്ങൾ ആവേശത്തോടെ ഏറ്റെടുക്കാറുള്ള ഫഹദ് ഫാസിൽ പുതിയ ചിത്രങ്ങളെക്കുറിച്ച് പറഞ്ഞു.

‘ഓംകാര’, ‘പ്യാർ കാ പഞ്ച്നാമ’, ‘ദൃശ്യം’, ‘റെയ്ഡ്’, ‘ഷൈത്താൻ’ തുടങ്ങി നിരവധി സൂപ്പർഹിറ്റ് ബോളിവുഡ് ചിത്രങ്ങൾ സമ്മാനിച്ച പനോരമ സ്റ്റുഡിയോസ് ഇപ്പോൾ മലയാള സിനിമയിലും സജീവമാവുകയാണ്. ‘ദൃശ്യം 3’ കൂടാതെ റഹ്മാൻ, ഭാവന എന്നിവർ പ്രധാന വേഷങ്ങളിലെത്തിയ ‘അനോമി’, ആസിഫ് അലിയുടെ ‘ടികിടാക’, കുഞ്ചാക്കോ ബോബൻ – ലിജോമോൾ ജോസ് ചിത്രം ‘ഉന്മാദം’, ഒപ്പം നിവിൻ പോളിയുമായുള്ള പുതിയ പ്രൊജക്റ്റ് എന്നിവ പനോരമ സ്റ്റുഡിയോസ് മലയാളത്തിൽ നിർമ്മിക്കുന്ന മറ്റു ചിത്രങ്ങളാണ്.

“മലയാള സിനിമയിലെ മികച്ച കഥപറച്ചിൽ രീതികളിലുള്ള വിശ്വാസമാണ് ഞങ്ങളെ ഇവിടെ എത്തിച്ചത്. സിനിമയോടുള്ള അഭിനിവേശവും മലയാള സിനിമാ വിപണിയെക്കുറിച്ചുള്ള കൃത്യമായ ധാരണയുമുള്ള ജേക്കബ് ബാബുവുമായി ഒന്നിക്കാൻ കഴിഞ്ഞതിൽ സന്തോഷമുണ്ട്. ഫഹദ് ഫാസിൽ ഈ ചിത്രങ്ങളിൽ നായകനാകുന്നു എന്നത് പ്രൊജക്റ്റിന്‍റെ ആവേശം ഇരട്ടിയാക്കുന്നു”, പനോരമ സ്റ്റുഡിയോസ് പ്രൊഡ്യൂസർ കുമാർ മങ്കാത് പഥക് വ്യക്തമാക്കി.

“പ്രേക്ഷകരെ ആകർഷിക്കുന്നതും ദീർഘകാലം ഓർമ്മിക്കപ്പെടുന്നതുമായ സിനിമകൾ ചെയ്യാനാണ് ഞങ്ങൾ ശ്രമിക്കാറുള്ളത്. ഈ കഥാപാത്രങ്ങളെ ജീവസ്സുറ്റതാക്കാൻ ഫഹദ് ഫാസിലിനേക്കാൾ മികച്ച മറ്റൊരു ചോയ്സ് ഇല്ല.”, പ്രൊഡ്യൂസർ അഭിഷേക് പഥകിന്‍റെ വാക്കുകൾ.

മലയാള സിനിമയിലെ നിർമ്മാണ-വിതരണ കമ്പനിയായ ‘മാക്സ്‌ലാബ് സിനിമാസ് ആൻഡ് എന്‍റർടെയ്ൻമെന്‍റ്സ്’ വഴിയും തിയേറ്റർ ഉടമ എന്ന നിലയിലും ശ്രദ്ധേയനായ വ്യക്തിത്വമാണ് ജേക്കബ് കെ. ബാബു. “നല്ല കൂട്ടായ്മകളാണ് നല്ല സിനിമകൾ സൃഷ്ടിക്കുന്നത്. പനോരമ സ്റ്റുഡിയോസുമായി കൈകോർക്കാൻ കഴിഞ്ഞതിൽ വലിയ സന്തോഷമുണ്ട്. കുമാർജിയും അഭിഷേകും എന്നും നല്ല സിനിമകൾക്കൊപ്പം നിന്നവരാണ്. ഒപ്പം ഫഹദ് ഫാസിൽ കൂടി ചേരുമ്പോൾ പ്രേക്ഷകർക്ക് തിയേറ്ററുകളിൽ ഒരു ദൃശ്യവിരുന്ന് തന്നെ പ്രതീക്ഷിക്കാം”, പുതിയ കൂട്ടുകെട്ടിനെക്കുറിച്ച് ജേക്കബ് ബാബു പ്രതികരിച്ചത് ഇങ്ങനെയാണ്.

നിലവിൽ പ്രീ-പ്രൊഡക്ഷൻ ഘട്ടത്തിലുള്ള ഈ രണ്ട് ചിത്രങ്ങളും 2027-ൽ തിയേറ്ററുകളിൽ റിലീസ് ചെയ്യാനാണ് പദ്ധതിയിട്ടിരിക്കുന്നത്. ചിത്രങ്ങളുടെ സംവിധായകർ, മറ്റു താരങ്ങൾ, സാങ്കേതിക പ്രവർത്തകർ എന്നിവരെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ ഉടൻ തന്നെ ഔദ്യോഗികമായി പുറത്തുവിടുമെന്ന് അണിയറപ്രവർത്തകർ അറിയിച്ചു. പി.ആർ.ഒ.- ആതിര ദിൽജിത്ത്.



Source link

Leave a Reply

Your email address will not be published. Required fields are marked *