Kerala
oi-Ashif N
കോട്ടയം: പല രാജ്യങ്ങളിലും ആശങ്ക സൃഷ്ടിച്ച എബോള വൈറസ് രോഗ ബാധ സംശയത്തില്‍ സ്ത്രീ ചികില്‍സ തേടി. പാല സ്വദേശിനിയാണ് ഇവര്‍. ആഫ്രിക്കയിലെ ദക്ഷിണ സുഡാനില്‍ ജോലി ചെയ്യുകയായിരുന്നു. ദിവസങ്ങള്‍ക്ക് മുമ്പാണ് നാട്ടിലെത്തിയത്. പനി ബാധിച്ചതിനെ തുടര്‍ന്ന് പാലായിലെ ആശുപത്രിയില്‍ ചികില്‍സ തേടിയിരുന്നു. തുടര്‍ന്നാണ് കോട്ടയം മെഡിക്കല്‍ കോളജിലേക്ക് മാറ്റിയത്.
എബോള രോഗം സ്ത്രീക്കുണ്ട് എന്ന് സ്ഥിരീകരിച്ചിട്ടില്ല. നിലവില്‍ സംശയം മാത്രമാണുള്ളത്. ആഫ്രിക്കയില്‍ നിന്ന് വന്ന വ്യക്തി എന്ന നിലയിലാണ് നിരീക്ഷണത്തില്‍ കഴിയുന്നത്. പനിയും ചര്‍ദ്ദിയും ഉണ്ടായിരുന്നു. എബോള രോഗം റിപ്പോര്‍ട്ട് ചെയ്ത ആഫ്രിക്കയില്‍ നിന്ന് എത്തുന്നവര്‍ പനിയോ മറ്റു ലക്ഷണങ്ങളോ ഉണ്ടെങ്കില്‍ ആരോഗ്യ വകുപ്പിനെ അറിയിക്കണം എന്ന നിര്‍ദേശമുണ്ട്.

പാല സ്വദേശിനി ദക്ഷിണ സുഡാനില്‍ നിന്ന് ഉഗാണ്ടയിലേക്ക് പോകുകയും അവിടെ നിന്ന് കൊച്ചിയിലേക്ക് വിമാനത്തില്‍ എത്തുകയുമായിരുന്നു. പനിയും ചര്‍ദ്ദിയും ഉള്ളതിനാല്‍ നിരീക്ഷണത്തില്‍ കഴിയുകയാണ്. എബോള രോഗ നിര്‍ണയത്തിനുള്ള സംവിധാനം കേരളത്തില്‍ ഇല്ല. പൂനെയില്‍ നിന്ന് പരിശോധന ഫലം വന്നാല്‍ മാത്രമാണ് ഇക്കാര്യത്തില്‍ സ്ഥിപീകരണം ഉണ്ടാകുക. അതുവരെ സ്ത്രീ നിരീക്ഷണത്തില്‍ കഴിയും. നിലവില്‍ ആശങ്കപ്പെടാനില്ല.
ആഫ്രിക്കയിലാണ് ആദ്യം എബോള രോഗം റിപ്പോര്‍ട്ട് ചെയ്തത്. പിന്നീട് മറ്റു രാജ്യങ്ങളിലേക്കും വ്യാപിച്ചിരുന്നു. മനുഷ്യരില്‍ നിന്ന് മനുഷ്യരിലേക്ക് രോഗം പകരും. അതുകൊണ്ടുതന്നെ വളരെ ജാഗ്രത പുലര്‍ത്തുന്നുണ്ട്. ഇന്ത്യയില്‍ ഇതുവരെ എബോള രോഗം റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. അന്താരാഷ്ട്രതലത്തില്‍ രോഗം റിപ്പോര്‍ട്ട് ചെയ്ത വേളയില്‍ തന്നെ കേരളത്തില്‍ ആരോഗ്യ വകുപ്പ് ജാഗ്രത പുലര്‍ത്തുന്നുണ്ട്.