Headlines

ഇന്ത്യയിൽ 2800 രൂപ; യുഎസിൽ 1.9 ലക്ഷം! അമേരിക്കൻ ആരോഗ്യമേഖല ‘വലിയ തട്ടിപ്പെന്ന്’ ഇന്ത്യൻ വംശജൻ | Buzz News


Last Updated:

ഇന്ത്യയിൽ വെറും 30 ഡോളറിന് (ഏകദേശം 2,800 രൂപ) ചെയ്ത ഒരു രക്തപരിശോധനയ്ക്ക് അമേരിക്കയിൽ 1,500 മുതൽ 2,000 ഡോളർ വരെ ചിലവ് വരുമെന്ന് ഇന്ത്യൻ വംശജൻ തന്റെ പോസ്റ്റിൽ പറയുന്നു

News18
News18

അമേരിക്കയിലെ ഒരു സ്വദേശി വനിത അവിടുത്തെ ആരോഗ്യ പരിപാലന രംഗത്തെ രൂക്ഷമായി വിമർശിച്ചതിന് പിന്നാലെ, യുഎസും ഇന്ത്യയും തമ്മിലുള്ള ചികിത്സാച്ചെലവിലെ ഭീമമായ വ്യത്യാസം പങ്കുവെച്ച് ഒരു ഇന്ത്യൻ വംശജൻ രംഗത്തെത്തി.

അമേരിക്കയിൽ തനിക്ക് 1,000 ഡോളർ (ഏകദേശം 95,000 രൂപ) ചിലവ് വന്ന ഒരു മരുന്നിന്, ഇന്ത്യൻ നിർമ്മാതാക്കളിൽ നിന്ന് വാങ്ങിയപ്പോൾ വെറും 25 ഡോളർ (ഏകദേശം 2,370 രൂപ) മാത്രമാണ് ഈടാക്കിയതെന്ന് ആ സ്ത്രീ വെളിപ്പെടുത്തിയിരുന്നു. ഇതിന് പിന്നാലെയാണ് യുഎസിൽ താമസിക്കുന്ന ഇന്ത്യൻ വംശജൻ എക്സ് (X) പ്ലാറ്റ്‌ഫോമിലൂടെ തന്റെ അനുഭവം പങ്കുവെച്ചത്. ഇന്ത്യയിൽ വെറും 30 ഡോളറിന് (ഏകദേശം 2,800 രൂപ) ചെയ്ത ഒരു രക്തപരിശോധനയ്ക്ക് അമേരിക്കയിൽ 1,500 മുതൽ 2,000 ഡോളർ വരെ (ഏകദേശം 1,42,665 രൂപ മുതൽ 1,90,419 രൂപ വരെ) ചിലവ് വരുമെന്നാണ് ഇദ്ദേഹം വ്യക്തമാക്കുന്നത്.

ഏതാനും വർഷങ്ങൾക്ക് മുമ്പ് താൻ ഇന്ത്യ സന്ദർശിച്ചപ്പോഴുണ്ടായ അനുഭവം അദ്ദേഹം വിവരിക്കുന്നുണ്ട്. രാവിലെ 7 മണിക്ക് ഒരു ആരോഗ്യപ്രവർത്തകൻ വീട്ടിലെത്തി രക്തസാമ്പിൾ ശേഖരിക്കുകയും, 9 മണിയോടെ അതിന്റെ റിപ്പോർട്ട് ലഭിക്കുകയും ചെയ്തു. തുടർന്ന് 10 മണിക്ക് ഡോക്ടറെ കാണുകയും, ഉച്ചയ്ക്ക് 2 മണിക്ക് മറ്റ് സ്കാനിംഗുകൾ നടത്തുകയും ചെയ്തു. വൈകീട്ട് 3 മണിക്ക് സ്കാൻ റിപ്പോർട്ട് വരികയും 4 മണിക്ക് ഡോക്ടർ ഫോണിലൂടെ തുടർവിവരങ്ങൾ നിർദ്ദേശിക്കുകയും ചെയ്തു. ഒടുവിൽ 5 മണിയോടെ മരുന്നുകൾ വീട്ടിൽ ഡെലിവറി ചെയ്യപ്പെട്ടു. ഈ മുഴുവൻ പ്രക്രിയകൾക്കും കൂടി തനിക്ക് വെറും 3,000 രൂപ (~30 ഡോളർ) മാത്രമാണ് ചിലവായതെന്ന് അദ്ദേഹം കുറിച്ചു.

എന്നാൽ അമേരിക്കയിൽ ഇതേ പരിശോധനകൾക്ക് 1,500 മുതൽ 2,000 ഡോളർ വരെയാകും. ഒരു ആശുപത്രിയിലാണ് സ്കാനിംഗ് നടത്തുന്നതെങ്കിൽ അത് 4,000 മുതൽ 5,000 ഡോളർ വരെയാകാം. പ്രതിമാസം 900 ഡോളർ ഇൻഷുറൻസ് അടയ്ക്കുന്നുണ്ടെങ്കിലും, പ്രതിവർഷം നിശ്ചയിച്ചിട്ടുള്ള 4,000 ഡോളറിന്റെ ‘ഡിഡക്ടിബിൾ’ തുക സ്വന്തം കയ്യിൽ നിന്ന് അടച്ചുതീർത്താൽ മാത്രമേ ഇൻഷുറൻസ് പരിരക്ഷ പോലും ലഭ്യമാകൂ. അതിനുശേഷവും ചികിത്സാച്ചെലവിന്റെ 20 ശതമാനം രോഗി തന്നെ വഹിക്കണം. ഇത്രയും ഉയർന്ന തുക നൽകിയാലും ഇതെല്ലാം ചെയ്തുകിട്ടാൻ 15 മുതൽ 30 ദിവസത്തെ സമയമെടുക്കുമെന്നും, അതിനാൽ യുഎസ് ആരോഗ്യമേഖല ഒരു വലിയ തട്ടിപ്പാണെന്നും അദ്ദേഹം ആരോപിച്ചു.

ഇന്ത്യൻ ആരോഗ്യമേഖലയെ പ്രശംസിച്ച് സോഷ്യൽ മീഡിയ

ഈ പോസ്റ്റ് സമൂഹമാധ്യമങ്ങളിൽ വലിയ ചർച്ചകൾക്ക് വഴിവെക്കുകയും നിരവധി ആളുകൾ ഇന്ത്യൻ ആരോഗ്യരംഗത്തെ പ്രശംസിക്കുകയും ചെയ്തു. പാശ്ചാത്യ രാജ്യങ്ങളെ വെല്ലുവിളിക്കാൻ ഇന്ത്യയ്ക്ക് എന്തെങ്കിലും ഉണ്ടെങ്കിൽ അത് ഇവിടുത്തെ മെഡിക്കൽ-ആരോഗ്യ മേഖലയാണെന്ന് ഒരു ഉപയോക്താവ് കുറിച്ചു. വിദേശത്ത് വെച്ച് കഠിനമായി രോഗബാധിതരാകുമ്പോൾ മാത്രമാണ് ഇന്ത്യയിലേക്ക് മടങ്ങാൻ ദൈവത്തോട് പ്രാർത്ഥിക്കുന്ന അവസ്ഥയുണ്ടാകുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ലോകത്തിലെ മരുന്നുകളുടെ 60 ശതമാനവും വിതരണം ചെയ്യുന്നത് ഇന്ത്യയാണെന്നും ഇടനിലക്കാരില്ലാത്തതിനാലാണ് വിലക്കുറവെന്നും മറ്റൊരാൾ ചൂണ്ടിക്കാണിച്ചു.

ഇന്ത്യയിലെ മെഡിക്കൽ ടൂറിസം ഇത്രത്തോളം വളരാൻ കാരണം ഇവിടുത്തെ കുറഞ്ഞ ചിലവും കാര്യക്ഷമതയുമാണെന്ന് പലരും സാക്ഷ്യപ്പെടുത്തുന്നു. യുകെ, ദുബായ്, തായ്‌ലൻഡ്, സിംഗപ്പൂർ എന്നിവിടങ്ങളിൽ നിന്നുള്ള നിരവധി പ്രവാസികൾ ഇസിജി, എംആർഐ, സിടി സ്കാൻ, ദന്തചികിത്സ എന്നിവയ്ക്കായി വർഷങ്ങളായി ഇന്ത്യയെയാണ് ആശ്രയിക്കുന്നത്. മാസം വെറും 6.5 ഡോളർ മുതൽ ആരംഭിക്കുന്ന ആരോഗ്യ ഇൻഷുറൻസ് പദ്ധതികൾ ഇന്ത്യയിലുണ്ടെന്ന് ചിലർ ഓർമ്മിപ്പിച്ചപ്പോൾ, ഇന്ത്യയിൽ രൂപയിൽ സമ്പാദിക്കുന്ന ഒരാളെ സംബന്ധിച്ചിടത്തോളം ഇവിടുത്തെ ചിലവ് അമേരിക്കയിൽ ഡോളറിൽ സമ്പാദിക്കുന്നവർക്ക് തുല്യമാണെന്ന നിരീക്ഷണവും ചിലർ പങ്കുവെച്ചു.



Source link

Leave a Reply

Your email address will not be published. Required fields are marked *