Headlines

സൗദി അറേബ്യ പ്ലാന്‍ മാറ്റി; ഹോര്‍മുസും ചെങ്കടലും ഒഴിവാക്കി യാത്ര, പുതിയ രണ്ട് വഴികള്‍ ഇതാണ് | Saudi Arabia Plan Changed: Avoiding Travel Through Strait Of Hormuz And Bab Al Mandeb, Here New Route


Gulf

oi-Ashif N

റിയാദ്: അമേരിക്കയും ഇറാനും തമ്മിലുള്ള യുദ്ധം വലിയ പ്രതിസന്ധിയുണ്ടാക്കിയ രാജ്യങ്ങളിലൊന്നാണ് സൗദി അറേബ്യ. ഹോര്‍മുസ് വഴിയാണ് സൗദിയില്‍ നിന്നുള്ള ചരക്കുകളുടെ വലിയൊരു ഭാഗം വിദേശത്തേക്ക് പോയിരുന്നത്. ഈ പാത ഇറാന്‍ അടച്ചതോടെ ബാബുല്‍ മന്തിബ് വഴി ചെങ്കടലിലൂടെ ആയി ചരക്കു ഗതാഗതം. എന്നാല്‍ ഇവിടെ യമനിലെ ഹൂതികള്‍ തടസം സൃഷ്ടിച്ചതോടെ പുതിയ വഴിയാണ് സൗദിയില്‍ നിന്നുള്ള കപ്പലുകള്‍ പോകുന്നത്.

സൗദിയുടെ എണ്ണപ്പാടങ്ങൡ നിന്ന് പൈപ്പ് ലൈന്‍ വഴി യാമ്പു തുറമുഖത്ത് എണ്ണ എത്തിക്കുകയാണ് ആദ്യം ചെയ്യുന്നത്. ചെങ്കടല്‍ തീരത്താണ് യാമ്പു തുറമുഖം. ഇവിടെ നിന്ന് വടക്കോട്ട് സഞ്ചരിച്ച് സൂയസ് കനാല്‍ കടന്ന് മെഡിറ്ററേനിയന്‍ കടലില്‍ എത്തിയ ശേഷം യൂറോപ്പിലേക്കും അമേരിക്കയിലേക്കും ചരക്കുകള്‍ കൊണ്ടുപോകുയാണ് ഇപ്പോള്‍.

saudi arabia new shiping route

കെപ്ലര്‍, വോര്‍ട്ടെക്‌സ ഉള്‍പ്പെടെയുള്ള കപ്പല്‍ ട്രാക്കിങ് ഏജന്‍സികളുടെ വിവരങ്ങള്‍ ഉദ്ധരിച്ചാണ് അന്താരാഷ്ട്ര മാധ്യമങ്ങള്‍ ഈ വാര്‍ത്ത പുറത്തുവിടുന്നത്. യാമ്പുവില്‍ നിന്ന് ക്രൂഡ് ഓയില്‍ കയറ്റുമതി ചെയ്യുമ്പോള്‍ ബാബുല്‍ മന്തിബ് കടലിടുക്ക് കടക്കേണ്ടതില്ല. യമനും ജിബൂത്തിക്കും ഇടയിലെ നേരിയ കടല്‍പാതയാണിത്. ഇവിടെ ഹൂതികളുടെ ശക്തികേന്ദ്രമാണ്. സൗദിക്ക് ഭീഷണിയാണ് ഹൂതികള്‍.

അതേസമയം, വലിയ ഭാരമുള്ള ചരക്കു കപ്പലുകള്‍ക്ക് സൂയസ് കനാലിലൂടെ കടന്നുപോകല്‍ പ്രയാസകരമാണ്. ഈ വേളയില്‍ ഈജിപ്തിലെ ഐന്‍ സുഖ്‌ന തുറമുഖത്ത് എണ്ണ ഇറക്കി ശേഷം സുമെദ് പൈപ്പ്‌ലൈന്‍ വഴി മെഡിറ്ററേനിയന്‍ തീരത്ത് എത്തിക്കും. ഇവിടെ നിന്ന് വീണ്ടും കപ്പലുകളില്‍ കയറ്റി യൂറോപ്പിലേക്കും അമേരിക്കയിലേക്കും കൊണ്ടുപോകും.

സൂയസ് കനാലിലൂടെ കപ്പല്‍ കടന്നുപോകുമ്പോള്‍ ഈജിപ്തിന് ടോള്‍ കൊടുക്കേണ്ടതുണ്ട്. ഇത് കപ്പലുകളുടെ ചരക്കു കടത്ത് ചെലവ് വര്‍ധിപ്പിക്കും. ഈ റൂട്ടിലും പ്രതിസന്ധി രൂപപ്പെട്ടാല്‍ ആഫ്രിക്കന്‍ വന്‍കര ചുറ്റിയുള്ള കേപ് ഓഫ് ഗുഡ് ഹോപ് എന്ന കടല്‍പാതയാണ് ആശ്രയം. ചെങ്കടല്‍ വഴി 16 ദിവസം യാത്ര മതിയെങ്കില്‍ ആഫ്രിക്കന്‍ വന്‍കര ചുറ്റുമ്പോള്‍ ഇരട്ടി ദിവസം വേണം. മാത്രമല്ല, ചെലവ് വലിയ തോതില്‍ വര്‍ധിക്കും. ചരക്കുകളുടെ വില കൂടുകയും ചെയ്യും.

ഹൂതികളുടെ ആക്രമണത്തില്‍ നിന്ന് രക്ഷപ്പെടാന്‍ ചരക്കു കപ്പലുകള്‍ സിഗ്നല്‍ ഓഫ് ചെയ്താണ് യാത്ര ചെയ്യുന്നത് എന്നും റിപ്പോര്‍ട്ടുകളുണ്ട്. സിഗ്നല്‍ പരിശോധിച്ചാണ് മിസൈല്‍ ആക്രമണം നടക്കുന്നത്. ഇത് ഓഫ് ചെയ്യുന്നതോടെ വേഗത്തില്‍ കണ്ടെത്താന്‍ സാധിക്കില്ല. കൂടാതെ സിഗ്നല്‍ ഇല്ലാതെ ചെറിയ കപ്പലുകളില്‍ ചരക്കുകള്‍ പുറംകടലില്‍ എത്തിച്ച് വലിയ കപ്പലുകളിലേക്ക് മാറ്റി കൊണ്ടുപോകുന്ന രീതിയും പയറ്റുന്നുണ്ട്. ഇറാഖിന്റെ ക്രൂഡ് ഓയില്‍ ഇത്തരത്തില്‍ കൊണ്ടുപോകാമെന്ന് യുഎഇയുടെ അഡ്‌നോക്ക് വാഗ്ദാനം നല്‍കിയിരിക്കുകയാണ്.



Source link

Leave a Reply

Your email address will not be published. Required fields are marked *