Headlines

സോനം വാങ്ചുകിന്റെ നില അതീവ ഗുരുതരം; അവയവങ്ങളുടെ പ്രവർത്തനത്തെ ബാധിക്കുമെന്ന് ഡോക്ടർമാരുടെ മുന്നറിയിപ്പ്|Sonam Wangchuk Fast Day 20: Doctors Warn of Organ Failure as Health Deteriorates


India

oi-Aromal R

നീറ്റ് ഉൾപ്പെടെയുള്ള ദേശീയ പരീക്ഷകളുടെ ചോദ്യപേപ്പർ ചോർച്ചയിൽ പ്രതിഷേധിച്ച് കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമേന്ദ്ര പ്രധാനിന്റെ രാജി ആവശ്യപ്പെട്ട് ഡൽഹി ജന്തർ മന്തറിൽ നടക്കുന്ന നിരാഹാര സമരം ഇരുപതാം ദിവസത്തിലേക്ക് കടന്നിരിക്കുകയാണ്. പ്രമുഖ പരിസ്ഥിതി പ്രവർത്തകനായ സോനം വാങ്ചുകിന്റെ ആരോഗ്യനില ഇപ്പോൾ അതീവ ഗുരുതരമായ ഘട്ടത്തിലാണെന്നാണ് ഡോക്ടർമാർ നൽകുന്ന മുന്നറിയിപ്പ്. സമരം ഇങ്ങനെ നീണ്ടുപോയാൽ അദ്ദേഹത്തിന്റെ ആന്തരിക അവയവങ്ങളുടെ പ്രവർത്തനത്തെ അത് സാരമായി ബാധിക്കുമെന്നാണ് മെഡിക്കൽ സംഘം പറയുന്നത്. അദ്ദേഹത്തിന്റെ ആരോഗ്യം ദിവസവും നിരീക്ഷിക്കാനും ആവശ്യമായ വൈദ്യസഹായം നൽകാനും ഡൽഹി ഹൈക്കോടതി അധികൃതർക്ക് നിർദ്ദേശം നൽകിയിട്ടുണ്ട്.

സോനം വാങ്ചുകിന്റെ നില വളരെ മോശമാണെന്നും അദ്ദേഹം മരണക്കിടക്കയിലാണെന്നുമാണ് കോക്രോച്ച് ജനതാ പാർട്ടി സ്ഥാപകൻ അഭിജീത് ദിപ്കെ വ്യക്തമാക്കുന്നത്. ജൂൺ 28 മുതൽ വാങ്ചുകിനൊപ്പം സമരവേദിയിലുള്ള ദിപ്കെ പുറത്തുവിട്ട വീഡിയോയിൽ, വാങ്ചുകിന്റെ ശരീരം നല്ല രീതിയിൽ മെലിഞ്ഞുപോയെന്നും എല്ലുകൾ പുറത്തുകാണുന്ന അവസ്ഥയിലാണെന്നും പറയുന്നു. കഴിഞ്ഞ ദിവസം ശുചിമുറിയിലേക്ക് പോകുന്നതിനിടയിൽ രണ്ടുതവണ അദ്ദേഹം വീഴാൻ പോയതായും വെളിപ്പെടുത്തിയിട്ടുണ്ട്. മറ്റുള്ളവരുടെ സഹായത്തോടെ വളരെ പതുക്കെ മാത്രം ചുവടുകൾ വെച്ച് നടക്കുന്ന വാങ്ചുകിന്റെ ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നുണ്ട്. എന്നാൽ ഇത്രയും തളർന്നിട്ടും തന്നെ കാണാൻ രാജ്യത്തിന്റെ പല ഭാഗങ്ങളിൽ നിന്നും എത്തിയ വിദ്യാർത്ഥികളെയും രക്ഷിതാക്കളെയും നോക്കി പുഞ്ചിരിക്കാനും കൈവീശാനും അദ്ദേഹം മറന്നില്ല. സമരം അവസാനിപ്പിക്കാൻ പലരും ആവശ്യപ്പെടുന്നുണ്ടെങ്കിലും, സർക്കാരിനോട് ചോദ്യങ്ങൾ ചോദിക്കാനാണ് അദ്ദേഹം ആവശ്യപ്പെടുന്നത്.

sona-wangchuk-51151784267628 jpg

ഡോക്ടർ സതീഷ് ലാംബ പുറത്തുവിട്ട ഏറ്റവും പുതിയ മെഡിക്കൽ റിപ്പോർട്ട് പ്രകാരം സമരം തുടങ്ങിയ ശേഷം വാങ്ചുകിന്റെ ശരീരഭാരം 9 കിലോയോളം കുറഞ്ഞ് 56.9 കിലോഗ്രാമിൽ എത്തിയിട്ടുണ്ട്. ശരീരത്തിലെ ഗ്ലൂക്കോസ് അളവ് പൂർണ്ണമായി തീർന്നതിനെത്തുടർന്ന് കൊഴുപ്പും പേശികളും ഉരുകുന്ന അവസ്ഥയിലാണ് അദ്ദേഹത്തിന്റെ ശരീരം ഇപ്പോൾ. ഇത് വളരെ അപകടകരമായ അവസ്ഥയാണെന്നും അവയവങ്ങളെ ബാധിക്കുന്നതിന് മുൻപ് സർക്കാർ അടിയന്തരമായി ഇടപെടണമെന്നും ഡോക്ടർമാർ ആവശ്യപ്പെടുന്നു. എന്നാൽ തന്റെ ഹൃദയമിടിപ്പും ആന്തരികാവയവങ്ങളും ഇപ്പോഴും നന്നായിരിക്കുന്നുണ്ടെന്നും രണ്ടു നാല് ദിവസം കൊണ്ട് താൻ മരിച്ചുപോകില്ലെന്നും വാങ്ചുക് തന്നെ പിന്തുണയ്ക്കുന്നവരോട് വീഡിയോ സന്ദേശത്തിലൂടെ പറഞ്ഞു.

അതേസമയം ഈ സമരത്തിന് രാഷ്ട്രീയ മേഖലയിൽ നിന്നും വലിയ പിന്തുണയാണ് ലഭിക്കുന്നത്. ജമ്മു കശ്മീർ മുഖ്യമന്ത്രി ഒമർ അബ്ദുള്ള കേന്ദ്ര സർക്കാരിന്റെ നിലപാടിനെ കടുത്ത ഭാഷയിൽ വിമർശിച്ചു. ആം ആദ്മി പാർട്ടി നേതാവ് അരവിന്ദ് കെജ്‌രിവാൾ ജന്തർ മന്തറിലെത്തി സോനം വാങ്ചുകിനെ കണ്ട് ഐക്യദാർഢ്യം പ്രഖ്യാപിച്ചു. എല്ലാ വർഷവും ചോദ്യപേപ്പർ ചോരുമ്പോൾ യുവാക്കളുടെ ഭാവി തകരുകയാണെന്നും വിദ്യാഭ്യാസ മന്ത്രി രാജി വെച്ച് സോനം വാങ്ചുകിനെ ആ സ്ഥാനത്തേക്ക് കൊണ്ടുവരണമെന്നും കെജ്‌രിവാൾ ആവശ്യപ്പെട്ടു. വരും ദിവസങ്ങളിൽ സമരം കൂടുതൽ ശക്തമാക്കാനാണ് കോക്രോച്ച് ജനതാ പാർട്ടിയുടെ തീരുമാനം. ഇതിന്റെ ഭാഗമായി ജൂലൈ 20-ന് നടക്കുന്ന പാർലമെന്റ് മാർച്ചിൽ കൂടുതൽ ആളുകൾ പങ്കുചേരണമെന്ന് വാങ്ചുക് അഭ്യർത്ഥിച്ചിട്ടുണ്ട്.



Source link

Leave a Reply

Your email address will not be published. Required fields are marked *