Headlines

സര്‍ക്കാര്‍ സ്‌കൂളുകളുടെ നിലവാരം മെച്ചപ്പെടുത്തണം; പുതിയ ദൗത്യവുമായി സിജെപി | CJP Announces Nationwide Campaign to Improve Government Schools in Villages, Check Full Details Inside


India

oi-Jithin TP

നീറ്റ് പരീക്ഷാ ക്രമക്കേടിലെ പ്രതിഷേധത്തിന് ശേഷം പുതിയ ക്യാംപെയ്‌നുമായി കോക്രോച്ച് ജനത പാര്‍ട്ടി. ഗ്രാമങ്ങളിലെ സര്‍ക്കാര്‍ സ്‌കൂളുകളുടെ നിലവാരം മെച്ചപ്പെടുത്തുന്നതിന് വേണ്ടിയാണ് പുതിയ ക്യാംപെയ്ന്‍. സിജെപി സ്ഥാപകന്‍ അഭിജിത് ദീപ്‌കെയാണ് ഇത് സംബന്ധിച്ച പ്രഖ്യാപനം നടത്തിയത്. ഇന്ത്യയിലെ വിദ്യാഭ്യാസ പ്രതിസന്ധിയുടെ മൂലകാരണമാണ് ഇത് എന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

ഓഗസ്റ്റ് 15-ന് സ്വാതന്ത്ര്യദിനത്തില്‍ ഗ്രാമങ്ങളിലെ സര്‍ക്കാര്‍ സ്‌കൂളുകള്‍ അറ്റകുറ്റപ്പണി നടത്താന്‍ സര്‍പഞ്ചുമാരോടും, സാമൂഹിക ഓഡിറ്റ് ആരംഭിക്കാന്‍ രക്ഷിതാക്കളോടും ദീപ്‌കെ അഭ്യര്‍ത്ഥിച്ചു. കുടിവെള്ളം, ശുചിമുറികള്‍, വൈദ്യുതി, ക്ലാസ് മുറികള്‍, ഉച്ചഭക്ഷണം എന്നിവ പരിശോധിക്കണം എന്നും എന്തൊക്കെയാണ് ലഭ്യമല്ലാത്തതെന്ന് രേഖപ്പെടുത്തി അതിനുള്ള തെളിവുകള്‍ അയച്ചുതന്നാല്‍ തങ്ങള്‍ വിവരങ്ങള്‍ അധികൃതരുടെ ശ്രദ്ധയില്‍പ്പെടുത്തും എന്നും ദീപ്‌കെ പറഞ്ഞു.

CJP

ഗ്രാമീണ വിദ്യാഭ്യാസ അടിസ്ഥാന സൗകര്യങ്ങളോടുള്ള അവഗണന പരിഹരിക്കുന്നതിനായി പൗരന്മാരും രക്ഷിതാക്കളും ഗ്രാമത്തലവന്‍മാരും ഒത്തുചേര്‍ന്ന് പ്രവര്‍ത്തിക്കണമെന്ന് അദ്ദേഹം ആഹ്വാനം ചെയ്തു. മഹാരാഷ്ട്രയിലെ തന്റെ ഗ്രാമമായ ഹിംഗോളിയില്‍ നിന്ന് ഈ സംരംഭം ആരംഭിക്കുമെന്നും, അവിടുത്തെ സര്‍ക്കാര്‍ സ്‌കൂളുകള്‍ മെച്ചപ്പെടുത്തണമെന്ന് ആവശ്യപ്പെട്ട് ഗ്രാമത്തലവനെ സമീപിക്കുമെന്നും ദിപ്‌കെ പറഞ്ഞു.

‘വരാനിരിക്കുന്ന ഓഗസ്റ്റ് 15 നമ്മുടെ 80-ാമത് സ്വാതന്ത്ര്യദിനമാണ്. എന്നാല്‍, കഴിഞ്ഞ 80 വര്‍ഷത്തിനിടയില്‍ ഏറ്റവും കൂടുതല്‍ അവഗണിക്കപ്പെട്ടതോ തഴയപ്പെട്ടതോ ആയ എന്തെങ്കിലും ഉണ്ടെങ്കില്‍, അത് നമ്മുടെ ഗ്രാമങ്ങളിലെ സര്‍ക്കാര്‍ സ്‌കൂളുകളാണ്. നമ്മള്‍ പുതിയ പാര്‍ലമെന്റും പ്രധാനമന്ത്രിയുടെ വസതിയും നിര്‍മ്മിച്ചു. എന്തുകൊണ്ടാണ് നമുക്ക് നമ്മുടെ ഗ്രാമങ്ങളില്‍ പുതിയ സ്‌കൂളുകള്‍ നിര്‍മ്മിക്കാന്‍ കഴിയാത്തത്? കര്‍ഷകരുടെയും തൊഴിലാളികളുടെയും മക്കളെ നമ്മുടെ രാജ്യത്തിന്റെ ഭാവിയായി നാം കാണുന്നില്ലേ?’ അദ്ദേഹം ചോദിച്ചു.

ഗ്രാമപ്രദേശങ്ങളിലെ കുട്ടികള്‍ക്ക് സ്‌കൂളില്‍ പോകാന്‍ ഇപ്പോഴും ദീര്‍ഘദൂരം നടക്കേണ്ടി വരുന്നുണ്ടെന്നും, കുടിവെള്ളം, ശൗചാലയം തുടങ്ങിയ അടിസ്ഥാന സൗകര്യങ്ങള്‍ പലപ്പോഴും ലഭ്യമല്ലെന്നും ദിപ്‌കെ പറഞ്ഞു. പെണ്‍കുട്ടികള്‍ നേരിടുന്ന ബുദ്ധിമുട്ടുകളും അദ്ദേഹം പ്രത്യേകം എടുത്തുപറഞ്ഞു. ‘ഈ ഓഗസ്റ്റ് 15-ന് നാം എന്തെങ്കിലും കാര്യത്തില്‍ ശ്രദ്ധ കേന്ദ്രീകരിക്കുന്നുണ്ടെങ്കില്‍, അത് നമ്മുടെ സര്‍ക്കാര്‍ സ്‌കൂളുകള്‍ മെച്ചപ്പെടുത്തിക്കൊണ്ടായിരിക്കണം എന്നാണ് എനിക്ക് തോന്നുന്നത്,’ അദ്ദേഹം പറഞ്ഞു.

മറ്റ് ഗ്രാമത്തലവന്മാരോടും ഈ സംരംഭം ഏറ്റെടുക്കാന്‍ ആഹ്വാനം ചെയ്തു. ഈ സംരംഭത്തെ സിജെപി ‘സര്‍പഞ്ച് ചലഞ്ച്’ എന്നാണ് വിശേഷിപ്പിക്കുന്നത്. ഇതിനു കീഴില്‍, സ്‌കൂളുകള്‍ മെച്ചപ്പെടുത്തുന്ന ഗ്രാമത്തലവന്മാരെ സിജെപി പരസ്യമായി ആദരിക്കും. സ്‌കൂളുകളുടെ ‘മുന്‍പും-ശേഷവും’ ഉള്ള ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോമുകളില്‍ പങ്കുവെച്ചുകൊണ്ട് ബന്ധപ്പെട്ട ഗ്രാമത്തലവന്മാര്‍ക്ക് ഇതിന്റെ അംഗീകാരം നല്‍കുകയും ചെയ്യും.

സര്‍ക്കാര്‍ സ്‌കൂളുകളില്‍ പൗരന്മാരുടെ നേതൃത്വത്തിലുള്ള സാമൂഹിക ഓഡിറ്റ് നടത്തുമെന്നും സിജെപി പ്രസ്താവനയില്‍ അറിയിച്ചു. സര്‍ക്കാര്‍ സ്‌കൂളുകളില്‍ പഠിക്കുന്ന കുട്ടികളുടെ രക്ഷിതാക്കളോട്, സ്‌കൂളുകള്‍ സന്ദര്‍ശിച്ച് വൈദ്യുതി, ശുദ്ധമായ കുടിവെള്ളം, ഉപയോഗയോഗ്യമായ ശൗചാലയങ്ങള്‍, ഉച്ചഭക്ഷണം എന്നിവയുടെ ലഭ്യത പരിശോധിക്കാന്‍ ആവശ്യപ്പെട്ടിട്ടുണ്ട്.

കുട്ടികളുടെ സ്‌കൂളുകളില്‍ ലഭ്യമായതും അല്ലാത്തതുമായ സൗകര്യങ്ങള്‍ രേഖപ്പെടുത്താന്‍ പൗരന്മാരെ സഹായിക്കുന്ന ഒരു ഓഡിറ്റ് ഫോം ഉടന്‍ പുറത്തിറക്കുമെന്ന് സിജെപി അറിയിച്ചു. സിജെപിയുടെ ഔദ്യോഗിക സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോമുകളിലെ പ്രചാരണ വീഡിയോകളില്‍ നല്‍കുന്ന ലിങ്ക് വഴിയാകും ഈ ഫോം ലഭ്യമാക്കുക. പൂരിപ്പിച്ച ഫോമുകളും വീഡിയോ തെളിവുകളും [email protected] എന്ന ഇമെയില്‍ വിലാസത്തിലേക്ക് അയക്കാവുന്നതാണ്.

ഗ്രാമപ്രദേശങ്ങളിലെ സ്‌കൂളുകളില്‍ പഠിക്കുന്ന കര്‍ഷകരുടെയും കൂലിവേലക്കാരുടെയും മക്കള്‍ക്ക് നഗരങ്ങളിലെ കുട്ടികള്‍ക്ക് ലഭിക്കുന്നതിന് തുല്യമായ സൗകര്യങ്ങള്‍ ഉറപ്പാക്കുകയാണ് ഈ പ്രചാരണത്തിലൂടെ ലക്ഷ്യമിടുന്നതെന്ന് സംഘടന വ്യക്തമാക്കി. സ്വാതന്ത്ര്യദിന പ്രസംഗത്തില്‍ രാജ്യത്തെ യുവാക്കളെ അഭിസംബോധന ചെയ്യണമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദിയോട് ദീപ്‌കെ നേരത്തെ അഭ്യര്‍ത്ഥിച്ചിരുന്നു.





Source link

Leave a Reply

Your email address will not be published. Required fields are marked *