“ഞാൻ സിനിമയിൽ പ്രവേശിച്ചിട്ട് ഇപ്പോൾ 50 വർഷമായി. ‘തിരനോട്ടം’ കഴിഞ്ഞ് ‘മഞ്ഞിൽ വിരിഞ്ഞ പൂക്കൾ’ എന്ന ചിത്രത്തിന്റെ ഓഡിഷന്റെ അവസാന ദിവസമാണ് ഞാൻ എത്തിയത്. അവിടെ എനിക്ക് ഒരു സീൻ നൽകി അഭിനയിച്ചു കാണിക്കാൻ പറഞ്ഞു. അപ്പോൾ സംവിധായകൻ ഫാസിൽ, ജിജോ, സിബി മലയിൽ എന്നിവരും അവിടെ ഉണ്ടായിരുന്നു.
ഇത് പലപ്പോഴും പറഞ്ഞിട്ടുള്ള കാര്യമാണ്, എന്നാൽ ഇപ്പോൾ ഇത് ഇവിടെ പറയാതിരിക്കാൻ കഴിയുന്നില്ല. നൂറിൽ മാർക്ക് നൽകുന്ന രീതിയായിരുന്നു അന്ന്. ഓരോരുത്തരും മാർക്ക് നൽകിയപ്പോൾ എനിക്ക് ഏറ്റവും കുറവ് മാർക്ക് നൽകിയവരിൽ ഒരാളായിരുന്നു സിബി — നൂറിൽ രണ്ട് മാർക്ക്. പക്ഷേ പിന്നീടുള്ള ജീവിതത്തിൽ അദ്ദേഹം എനിക്ക് രണ്ട് ദേശീയ പുരസ്കാരങ്ങൾ സമ്മാനിച്ചു. എന്റെ ആദ്യത്തെ ദേശീയ അവാർഡ് ‘കിരീടം’ എന്ന ചിത്രത്തിനായിരുന്നു. അതേ വർഷം തന്നെ സംസ്ഥാന പുരസ്കാരവും അതേ ചിത്രത്തിലൂടെ ലഭിച്ചു. തുടർന്ന് ‘ഭരതം’ എന്ന ചിത്രത്തിനും പുരസ്കാരം ലഭിച്ചു. നന്ദി സിബി. അദ്ദേഹത്തോടൊപ്പം നിരവധി മികച്ച സിനിമകൾ ചെയ്യാൻ എനിക്ക് സാധിച്ചു,” മോഹൻലാൽ പറഞ്ഞു.
മോഹൻലാൽ എന്ന നടന്റെ കരിയർ ബ്രേക്കുകളിൽ ഒന്നായ ചിത്രം ഏതെന്ന ചോദ്യം വരുമ്പോൾ തന്നെ ഉയർന്നു കേൾക്കുന്ന പ്രധാന പേരായിരിക്കും ‘കിരീടം’ (Kireedam). സേതുമാധവൻ എന്ന ആ കഥാപാത്രവും ചിത്രവും ഇന്നും മലയാളികൾ നെഞ്ചേറ്റുന്നു. മലയാള സിനിമാ ചരിത്രത്തില്‍ ഇടം നേടിയ ചിത്രമാണ് ലോഹിതദാസ്–സിബി മലയിൽ ടീമിന്റെ ‘കിരീടം’. മോഹന്‍ലാലിന്റെ കരിയറിലെ ഏറ്റവും മികച്ച കഥാപാത്രങ്ങിലൊന്നായി സേതുമാധവന് മാറി. 1989ൽ പുറത്തിറങ്ങിയ ചിത്രം റിലീസ് ചെയ്തിട്ട് 36 വർഷങ്ങൾ പിന്നിടുന്നു.
ദേശീയ ചലച്ചിത്ര വികസന കോർപ്പറേഷനുമായി (NFDC) സഹകരിച്ചുകൊണ്ട് സെവൻ ആർട്സ് ഇൻ്റർനാഷണൽ ലിമിറ്റഡ് അവതരിപ്പിക്കുന്ന ചിത്രം ജൂൺ മാസത്തിൽ റീ-റിലീസിന് എത്തും.
കൃപാ ഫിലിംസിന്റെ ബാനറില്‍ എൻ. കൃഷ്ണകുമാറും (കിരീടം ഉണ്ണി) ദിനേശ് പണിക്കരും ചേര്‍ന്നാണ് കിരീടം നിർമിച്ചത്. മോഹന്‍ലാല്‍ എന്ന നടനെ അതുവരെ കാണാത്ത തലത്തിലേക്ക് ഉയര്‍ത്തിയ സിനിമ, കീരീടം എന്ന് കേള്‍ക്കുമ്പോള്‍ സേതുമാധവനെ ആദ്യവും ലാലിനെ പിന്നീടും ഓര്‍ക്കുന്ന തലത്തിലേക്ക് ഉയര്‍ത്തപ്പെട്ട സിനിമ.
മനുഷ്യരിലെ നിസഹായതയെ ആഴത്തില്‍ പ്രതിഫലിപ്പിക്കാനറിയുന്ന, ലോഹിതദാസ് എന്ന മനുഷ്യമനസിന്റെ ഉള്‍പ്പെരുപ്പറിയുന്ന മാസ്റ്റര്‍ സ്റ്റോറി ടെല്ലറുടെ, സിബി മലയില്‍ എന്ന മാസ്റ്റര്‍ ക്രാഫ്റ്റ്മാന്റെ, ജോൺസൺ എന്ന സംഗീത മാന്ത്രികൻ്റെ സിനിമ. സേതുമാധവനും അച്യുതൻ നായരുമായി മോഹന്‍ലാല്‍-തിലകന് ഓണ്‍സ്ക്രീന്‍ രസതന്ത്രം സൃഷ്ടിച്ച മനോഹര ഭാവമുഹൂര്‍ത്തങ്ങളിലൂടെ പ്രേക്ഷക മനസിൽ ഇന്നും നൊമ്പരമായി മാറിയ സിനിമ. ഒരു കുടുംബത്തിന്റെ സ്വപ്നങ്ങളാകെ തകര്‍ത്ത്, ഒരു ചെറുപ്പക്കാരനെ കുറ്റവാളിയും ഗുണ്ടയുമാക്കി അയാളുടെ ശിരസില്‍ ഉറച്ചുപോയ മുള്‍ക്കിരീടം ആണ് ലോഹിതദാസ് സിബി മലയിൽ കൂട്ടുകെട്ടിലൂടെ കിരീടം എന്ന മികച്ച ക്ലാസിക്കായി മാറിയത്.
ജീവിതം മുഴുവന്‍ കരിനിഴല്‍ വീഴ്ത്തിയ മനുഷ്യനെ അടിച്ചുവീഴ്ത്തിയപ്പോള്‍ “കത്തി താഴെയിടെടാ, നിന്റച്ഛനാടാ പറയുന്നത്” എന്ന രംഗം ഇന്നും മലയാളത്തിലെ വൈകാരിക തീവ്രതയുള്ള മികച്ച രംഗങ്ങളിലൊന്നാണ്. അത്രയേറെ പ്രാധാന്യമുള്ള ഗാനങ്ങളും അതിനൊത്ത ദൃശ്യഭംഗിയും ചേർന്ന മലയാളത്തിൻ്റെ എക്കാലത്തെയും ക്ലാസിക് വീണ്ടും സ്ക്രീനിൽ എത്തുമ്പോൾ അകാലത്തിൽ പൊലിഞ്ഞ തിലകൻ, മാമുക്കോയ, ഒടുവിൽ ഉണ്ണികൃഷ്ണൻ, മുരളി, കൊച്ചിന് ഹനീഫ, തിക്കുറിശ്ശി, കവിയൂർ പൊന്നമ്മ, ഫിലോമിന, ശ്രീനാഥ്, മോഹൻരാജ് (കീരിക്കാടൻ ജോസ്), കുണ്ടറ ജോണി, കനകലത തുടങ്ങിയവരെ ഒന്നുകൂടി കാണാൻ സാധിക്കുന്നതിലെ സന്തോഷവും, ഒപ്പം മനസിൽ ഒരുനോവും പ്രേക്ഷകന് സമ്മാനിക്കും എന്ന് ഉറപ്പാണ്.
ജഗതി ശ്രീകുമാർ, ജഗദീഷ്, പാർവതി, മണിയൻപിള്ള രാജു, ഉഷ, യദു കൃഷ്ണൻ, കൊല്ലം തുളസി, പൂജപ്പുര രാധാകൃഷ്ണൻ തുടങ്ങിയവരുടെ മികച്ച പ്രകടനം കാഴ്ചവച്ച സിനിമയുടെ ഛായാഗ്രാഹണം നിര്‍വഹിച്ചത് എസ് കുമാറാണ്.