Headlines

‘വന്ദേമാതരം മുഴുവൻ പാടിയില്ലെങ്കിൽ ശിക്ഷിക്കാൻ നിയമമില്ല’, വിഡി സതീശൻ പറഞ്ഞത് നുണയെന്ന് പി രാജീവ്|’There is no law to punish anyone for not singing Vande Mataram in full,’ says P Rajeev, calling VD Satheesan’s statement a lie.


Kerala

oi-Sajitha Gopie

വന്ദേമാതരവുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രി വിഡി സതീശൻ വാർത്താ സമ്മേളനത്തിൽ പറഞ്ഞത് നുണയെന്ന് പി രാജീവ്. വന്ദേമാതരം മുഴുവൻ ആലപിച്ചില്ലെങ്കിൽ മൂന്നു വർഷം ജയിൽ ശിക്ഷ കിട്ടുന്ന നിയമം രാജ്യത്ത് വന്നുകഴിഞ്ഞെന്ന് മുഖ്യമന്ത്രി പറഞ്ഞത് നുണയാണെന്ന് പി രാജീവ് ചൂണ്ടിക്കാട്ടി.

വന്ദേമാതരം പാടുന്നത് തടയുന്നതും പാടുമ്പോൾ ശല്യമുണ്ടാക്കുന്നതും കുറ്റകരമാക്കുന്ന നിയമമാണ് പാസ്സാക്കിയിട്ടുളളതെന്നും ആർഎസ്എസ് അജണ്ടയ്ക്ക് ഇല്ലാത്ത നിയമസാധുത നൽകാനാണ് മുഖ്യമന്ത്രി ശ്രമിക്കുന്നതെന്നും പി രാജീവ് കുറ്റപ്പെടുത്തി.

പി രാജീവിന്റെ ഫേസ്ബുക്ക് പോസ്റ്റ്: ‘എത്ര സമർത്ഥമായാണ് കേരള മുഖ്യമന്ത്രി ആർ.എസ്.എസ്. അജണ്ടയ്ക്ക് ഇല്ലാത്ത നിയമസാധുത നൽകി പൊതുബോധം സൃഷ്ടിക്കാൻ ശ്രമിക്കുന്നതെന്ന് നോക്കൂ. ‘നിയമം പാസാക്കി പ്രസിഡന്റ് ഒപ്പുവെച്ച് നോട്ടിഫിക്കേഷനായി വന്നിട്ടുണ്ട്. ആ നിയമത്തിൽ അത് (വന്ദേമാതരം) മുഴുവൻ പാടണമെന്നാണ്. നിയമപരമായി പറയുന്നതാണ്. പാർലമെന്റ് പാസാക്കിയ നിയമമാണ്. അതിനെ അധിക്ഷേപിക്കുകയോ ചെയ്യാതിരിക്കുകയോ ചെയ്താൽ മൂന്നു വർഷം വരെ തടവുശിക്ഷയുണ്ട്.’ഇതാണ് ഇന്നത്തെ മാധ്യമസമ്മേളനത്തിൽ ആധികാരികമായി പ്രഖ്യാപിച്ചത്.

Vande Mataram

വന്ദേമാതരം മുഴുവനായി പാടണമെന്നും അങ്ങനെ ചെയ്തില്ലെങ്കിൽ മൂന്നു വർഷം വരെ ശിക്ഷ ലഭിക്കുമെന്നും വ്യവസ്ഥ ചെയ്യുന്ന ഒരു ബില്ലും പാർലമെന്റ് പാസാക്കിയിട്ടില്ല. വന്ദേമാതരം പാടുന്നത് തടയുന്നതും പാടുമ്പോൾ ശല്യമുണ്ടാക്കുന്നതും കുറ്റകരമാക്കുന്ന നിയമമാണ് ഇപ്പോൾ പാർലമെന്റ് പാസാക്കിയത്. വന്ദേമാതരം പൂർണ്ണമായും ആലപിക്കണമെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെ 2026-ലെ മാർഗ്ഗനിർദ്ദേശം ഉപദേശ സ്വഭാവത്തിലുള്ളത് മാത്രമാണെന്നും അതുകൊണ്ട് ഇടപെടുന്നില്ലെന്നുമുള്ള സുപ്രീം കോടതി ഉത്തരവിന്റെ മാധ്യമ റിപ്പോർട്ടാണ് രണ്ടാമത്തേത്.

യഥാർത്ഥത്തിൽ ഭരണഘടനയിൽ (ആർട്ടിക്കിൾ 51 എ) ദേശീയഗാനവും ദേശീയപതാകയുമാണ് അംഗീകരിച്ചിട്ടുള്ളൂ. ദേശീയഗാനത്തിന് തുല്യമായി വന്ദേമാതരത്തിനും ബഹുമാനം നൽകണമെന്ന് ഭരണഘടനാ അസംബ്ലി പ്രസിഡന്റ് രാജേന്ദ്രപ്രസാദ് പ്രഖ്യാപിച്ചെങ്കിലും ഭരണഘടനയിൽ ഉൾപ്പെടുത്തിയില്ല. അതുകൊണ്ടാണ് ഔദ്യോഗിക ചടങ്ങുകളിൽ വന്ദേമാതരം നിർബന്ധമായും പാടണമെന്ന് ആവശ്യപ്പെട്ടുള്ള ഹർജികളൊന്നും കോടതികൾ അനുവദിക്കാത്തത്.

ഭരണഘടന അംഗീകരിച്ച ദേശീയഗാനം പോലും പാടാൻ ആരെയും നിർബന്ധിക്കാൻ പാടില്ലെന്നാണ് ബിജോയ് ഇമ്മാനുവൽ കേസിൽ സുപ്രീം കോടതി വിധിച്ചത്. അഭിപ്രായസ്വാതന്ത്ര്യത്തിന്റെയും വിശ്വാസസ്വാതന്ത്ര്യത്തിന്റെയും ഭരണഘടന ഉറപ്പുതരുന്ന മൗലികാവകാശം സംരക്ഷിക്കപ്പെടണമെന്നും ദേശീയഗാനം ആലപിക്കണമെന്ന് ഭരണഘടനയോ നിയമമോ പറയുന്നില്ലെന്നും ആലപിക്കുമ്പോൾ എഴുന്നേറ്റ് നിന്നാൽ ഭരണഘടന നിഷ്കർഷിക്കുന്ന ആദരവായെന്നും സുപ്രീം കോടതി വ്യക്തമാക്കി.

അപ്പോഴാണ് വന്ദേമാതരം മുഴുവൻ ആലപിച്ചില്ലെങ്കിൽ മൂന്നു വർഷം ജയിൽ ശിക്ഷ കിട്ടുന്ന നിയമം രാജ്യത്ത് വന്നുകഴിഞ്ഞെന്ന നുണ മുഖ്യമന്ത്രിയായ ഒരാൾ തന്നെ ആധികാരികമെന്ന മട്ടിൽ അവതരിപ്പിച്ച് പൊതുബോധം നിർമ്മിക്കുന്നത്. വാൽക്കഷ്ണം: ഇങ്ങനെ നിയമമുണ്ടായിട്ടും ഞങ്ങൾ സ്വാതന്ത്ര്യദിനത്തിൽ മുഴുവനും പാടിയില്ലെന്നും വേണമെങ്കിൽ മൂന്നു വർഷം ജയിലിൽ കിടക്കാനും തയ്യാറെന്ന് അടുത്ത വൈകാരിക നുണയ്ക്കായി പരിസരം ഒരുക്കിയതാകാം’!



Source link

Leave a Reply

Your email address will not be published. Required fields are marked *