Headlines

പെട്രോള്‍ വില കൂട്ടി; അധിക വരുമാനം വിധവകളെ സംരക്ഷിക്കാന്‍, സെസ് ഏര്‍പ്പെടുത്തി ഹിമാചല്‍ പ്രദേശ് | Petrol, Diesel Price Hike: Himachal Pradesh Congress Govt Impose Widow and Orphan Cess, What It Mean


India

oi-Ashif N

പെട്രോളിനും ഡീസലും പുതിയ സെസ് ഏര്‍പ്പെടുത്തി കോണ്‍ഗ്രസ് ഭരിക്കുന്ന ഹിമാചല്‍ പ്രദേശിലെ സുഖ്‌വീന്ദര്‍ സുഖു സര്‍ക്കാര്‍. ലിറ്ററിന് 60 പൈസയാണ് സെസ്. ഹിമാചല്‍ പ്രദേശ് വാറ്റ് നിയമത്തില്‍ ഭേദഗതി വരുത്തിയാണ് പുതിയ തീരുമാനം. പെട്രോളിനും ഹൈസ്പീഡ് ഡീസലിനുമാണ് സെസ് പിരിക്കുന്നത്. വില്‍പ്പനയുടെ ആദ്യ ഘട്ടത്തില്‍ മാത്രമായിരിക്കും അധിക നികുതി.

ഇതിലൂടെ ലഭിക്കുന്ന അധിക വരുമാനം വിധവകളെയും അനാഥ മക്കളെയും സംരക്ഷിക്കാന്‍ ഉപയോഗിക്കുമെന്നാണ് സര്‍ക്കാര്‍ പറയുന്നത്. എന്നാല്‍ ഇതിനെതിരെ പ്രതിപക്ഷമായ ബിജെപി രംഗത്തുവന്നു. വിധവകളുടെ പേരില്‍ വരുമാനം ഉണ്ടാക്കാന്‍ ശ്രമിക്കരുതെന്നും പണപ്പെരുപ്പത്തിന് ഇടയാക്കുമെന്നും സംസ്ഥാനത്തിന്റെ സാമ്പത്തിക സ്ഥിതിയെ ബാധിക്കുമെന്നും ബിജെപി മുന്നറിയിപ്പ് നല്‍കി.

petrol price hike today in himachal pradesh

ഇന്നലെ അര്‍ധരാത്രി മുതല്‍ പുതിയ സെസ് നിലവില്‍ വന്നു. നിയമസഭയുടെ ബജറ്റ് സമ്മേളനത്തില്‍ പുതിയ ഭേദഗതി പാസാക്കിയിരുന്നു. ലിറ്ററിന് അഞ്ച് രൂപ വരെ പുതിയ സെസ് പിരിക്കാന്‍ സാധിക്കും. വിലയുടെ ഏറ്റക്കുറച്ചിലുകള്‍ നോക്കിയാണ് സെസ് തുകയില്‍ മാറ്റം വരുത്തുക. നിലവില്‍ ലിറ്ററിന് 60 പൈസയാണ് പിരിക്കാന്‍ തീരുമാനിച്ചത്. മന്ത്രിസഭാ തീരുമാനത്തിന് പിന്നാലെ എക്‌സൈസ് വകുപ്പ് വിജ്ഞപനം പുറത്തിറക്കി.

കടുത്ത സാമ്പത്തിക പ്രതിസന്ധി നേരിടുന്ന സംസ്ഥാനങ്ങളിലൊന്നാണ് ഹിമാചല്‍ പ്രദേശ്. കേന്ദ്ര സര്‍ക്കാര്‍ നല്‍കേണ്ട ധനസഹായം അനുവദിക്കുന്നില്ല എന്നത് സുഖ്‌വീന്ദര്‍ സിങ് സുഖു സര്‍ക്കാരിന്റെ ഏറെ കാലമായുള്ള ആക്ഷേപമാണ്. കോണ്‍ഗ്രസ് ഭരിക്കുന്ന സംസ്ഥാനത്തോട് കേന്ദ്രം സഹകരിക്കുന്നില്ലെന്നും അവര്‍ കുറ്റപ്പെടുത്തുന്നു. തുടര്‍ന്നാണ് അധിക വരുമാനം കണ്ടെത്താന്‍ നികുതി വര്‍ധിപ്പിക്കുന്നത്.

വിധവകളുടെയും അനാഥകളുടെയും പേരില്‍ അധിക പണം പിരിക്കരുത് എന്ന് പ്രതിപക്ഷ നേതാവ് ജയ് റാം താക്കൂര്‍ പ്രതികരിച്ചു. ഇത്തരത്തില്‍ വരുമാനം കണ്ടെത്തുന്നത് പണപ്പെരുപ്പത്തിന് ഇടയാക്കുമെന്നും അദ്ദേഹം പറഞ്ഞു. എന്നാല്‍ അഞ്ച് രൂപ സെസ് ആയി ഇപ്പോള്‍ പിരിക്കില്ലെന്ന് മുഖ്യമന്ത്രി വ്യക്തമാക്കി. പരമാവധി പരിധിയാണ് അഞ്ച് രൂപ എന്നും സുഖു വിശദീകരിച്ചു.

സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്നവരെ സഹായിക്കാനാണ് സര്‍ക്കാര്‍ ശ്രമം. ഇതിന് തടസം നില്‍ക്കാതെ പിന്തുണയ്ക്കുകയാണ് പ്രതിപക്ഷം ചെയ്യേണ്ടത് എന്ന് സുഖു പറയുന്നു. പുതിയ തീരുമാനം സംസ്ഥാനത്ത് പെട്രോളിന്റെയും ഡീസലിന്റെയും വില വര്‍ധിപ്പിക്കും. മറ്റു സംസ്ഥാനങ്ങളിലേക്കാള്‍ വില കൂടുതലാണ് ഹിമാചല്‍ പ്രദേശില്‍ പെട്രോളിന്. പുതിയ നികുതി വരുമാനം ഇല്ലെങ്കില്‍ പിടിച്ചുനില്‍ക്കാന്‍ സാധിക്കില്ല എന്നാണ് സര്‍ക്കാര്‍ നിലപാട്.



Source link

Leave a Reply

Your email address will not be published. Required fields are marked *