Headlines

ബിദാദി ടൗൺഷിപ്പ് പദ്ധതി; കർഷകർക്ക് ഏക്കറിന് 3 കോടി നൽകാമെന്ന് വാഗ്‌ദാനം, എതിർപ്പ് ശക്തമായി തുടരുന്നു | Bidadi Township Project; Promise Of ₹3 Crore Per Acre Made To Farmers, Opposition Remains Strong


India

oi-Nidhin Illikkambath

ബെംഗളൂരു: ബിദാദി ടൗൺഷിപ്പ് പദ്ധതിക്കായി ഭൂമി ഏറ്റെടുക്കുന്ന കർഷകർക്ക് ഏക്കറിന് 3 കോടിയിലധികം രൂപ നഷ്‌ടപരിഹാരമായി നൽകുമെന്ന് മുഖ്യമന്ത്രി ഡികെ ശിവകുമാർ. കർഷകരുടെയും പ്രതിപക്ഷ കക്ഷികളുടെയും പ്രക്ഷോഭം ശക്തമാവുന്ന സാഹചര്യത്തിലാണ് മുഖ്യമന്തിയുടെ നിർണായക പ്രഖ്യാപനം വന്നിരിക്കുന്നത്.

‘ഭൂമി നൽകുന്ന കർഷകർക്ക് മികച്ച വില നൽകാൻ ഞങ്ങളുടെ സർക്കാർ പ്രതിജ്ഞാബദ്ധമാണ്. മുൻ സർക്കാർ ഏക്കറിന് വെറും 25 ലക്ഷം രൂപ മാത്രമാണ് നിശ്ചയിച്ചിരുന്നത്. എന്നാൽ ഞങ്ങളുടെ സർക്കാർ ഏക്കറിന് 3 കോടിയിലധികം രൂപ നൽകാൻ തീരുമാനിച്ചിട്ടുണ്ട്. പണം വേണ്ടാത്ത കർഷകർക്ക് വികസനത്തിന് ശേഷം സ്ഥലത്തിന്റെ 50 ശതമാനം നൽകാനും തീരുമാനിച്ചിട്ടുണ്ട്. ഭൂമി നൽകാൻ താൽപര്യമില്ലാത്ത ആരെയും നിർബന്ധിക്കാൻ ഞങ്ങൾ തയ്യാറല്ല’ അദ്ദേഹം എക്‌സിൽ കുറിച്ചു.

bidadi township

‘നിരവധി വർഷങ്ങളായി മുടങ്ങിക്കിടന്ന ബിദാദി ടൗൺഷിപ്പ് പദ്ധതി ഞങ്ങൾ വീണ്ടും മുന്നോട്ടുകൊണ്ടുപോകുകയാണ്. ഈ എഐ സിറ്റിയിൽ മികച്ച റോഡുകൾ, മെട്രോ സൗകര്യം, സ്പോർർട്‌സ് ഗ്രൗണ്ട്, വീടുകൾ, പാർക്കുകൾ എന്നിവ ഉണ്ടാകും. ഈ പദ്ധതി യുവാക്കൾക്ക് തൊഴിലവസരങ്ങൾ നൽകുകയും കർഷകർക്ക് മെച്ചപ്പെട്ട ജീവിതം ഉറപ്പാക്കുകയും ബെംഗളൂരു സൗത്ത് ജില്ലയ്ക്ക് പുതിയ രൂപം നൽകുകയും ചെയ്യും’ ശിവകുമാർ കൂട്ടിച്ചേർത്തു.

അതേസമയം, ജെഡിഎസും ബിജെപിയും നടത്തുന്ന പ്രതിഷേധത്തെക്കുറിച്ചും ശിവകുമാർ തുറന്ന് സംസാരിച്ചു: ‘ജനാധിപത്യ സംവിധാനത്തിൽ എല്ലാവർക്കും പ്രതിഷേധിക്കാനും പദയാത്ര നടത്താനും അവകാശമുണ്ട്. അവർക്ക് ഇഷ്‌ടമുള്ളത് ചെയ്യാം. എവിടെ വേണമെങ്കിലും പരാതി നൽകാം. ഞങ്ങൾ ആരെയും നിർബന്ധിക്കുന്നില്ല. സമയമാകുമ്പോൾ അതിന് മറുപടി നൽകും’ എന്നായിരുന്നു ശിവകുമാറിന്റെ പ്രതികരണം.

അതിനിടെ ജെഡിഎസ് പ്രതിഷേധം ശക്തമാക്കുകയാണ്. ടൗൺഷിപ്പ് പദ്ധതിക്കെതിരെ ബിജെപിയും ജെഡിഎസും സംയുക്തമായാണ് പ്രതിഷേധം ശക്തമാക്കാൻ തീരുമാനിച്ചത്. വിഷയത്തിൽ ശക്തമായ പ്രതിഷേധം ഉന്നയിക്കാൻ ഇരുപാർട്ടികളിൽ നിന്നും അഞ്ച് നേതാക്കൾ വീതം ഉൾപ്പെടുന്ന ഏകോപന സമിതി രൂപീകരിക്കും.

പദ്ധതിക്കെതിരായ ജെഡിഎസ് പ്രതിഷേധം കഴിഞ്ഞ ദിവസവും തുടർന്നിരുന്നു. ബെംഗളൂരു-മൈസൂരു ഹൈവേയിലെ കനമിനികെ ഗ്രാമത്തിന് സമീപം പൊലീസ് പാർട്ടിയുടെ പദയാത്ര തടഞ്ഞു. ഇതിനെ തുടർന്ന് മൂന്ന് ദിവസത്തെ പദയാത്രയ്ക്ക് നേതൃത്വം നൽകിയ നിഖിൽ കുമാരസ്വാമി രണ്ടാം ദിവസം തന്നെ യാത്ര അവസാനിപ്പിച്ചു. ബിദാദി ടൗൺഷിപ്പ് പദ്ധതിക്കായി സർക്കാർ ഭൂമി ഏറ്റെടുക്കുന്നതിനെ എതിർക്കുന്ന ജെഡിഎസ് നേതാക്കളും കർഷകരും ചേർന്നാണ് പദയാത്ര നടത്തിയത്.

പദ്ധതിക്കെതിരായ ജെഡിഎസിന്റെ വലിയ പ്രതിഷേധ പരിപാടിയുടെ ഭാഗമായിരുന്നു ഇത്. ബിദാദി ടൗൺഷിപ്പ് പദ്ധതിക്കെതിരെ ഡികെ ശിവകുമാർ സർക്കാരിനെതിരെ ജെഡിഎസ് ശക്തമായ പ്രതിഷേധം നടത്തിയിരുന്നു. എന്നാൽ, മുൻ പ്രധാനമന്ത്രി എച്ച്ഡി ദേവഗൗഡയുടെ ഭാര്യ ചെന്നമ്മ കഴിഞ്ഞ മാസം മരിച്ചതിനെ തുടർന്ന് പ്രതിഷേധ പരിപാടികൾ താൽക്കാലികമായി നിർത്തിവെച്ചിരുന്നു. ചെന്നമ്മയുടെ മരണത്തെ തുടർന്ന് മാറ്റിവെച്ച പദയാത്ര ഞായറാഴ്‌ച ബൈരമംഗലയിൽ നിന്നാണ് പുനരാരംഭിച്ചത്.



Source link

Leave a Reply

Your email address will not be published. Required fields are marked *