Headlines

ഇറാന്‍ ഒറ്റപ്പെട്ടു? സൗദി അറേബ്യ, തുര്‍ക്കി, പാകിസ്താന്‍ നേതാക്കള്‍ ജിദ്ദയില്‍, ‘ഇസ്ലാമിക് നാറ്റോ’ പിറക്കുന്നു | Saudi Arabia, Turkey And Pakistan Sign Defense Deal Today; Is It Setback For Iran And US, Details


Gulf

oi-Ashif N

റിയാദ്: മുസ്ലിം രാജ്യങ്ങളിലെ പ്രധാന നേതാക്കളുടെ യോഗം ഇന്ന് സൗദി അറേബ്യയിലെ ജിദ്ദയില്‍. സൗദി കിരീടവകാശി മുഹമ്മദ് ബിന്‍ സല്‍മാന്‍, തുര്‍ക്കി പ്രസിഡന്റ് റജബ് ഉര്‍ദുഗാന്‍, പാകിസ്താന്‍ പ്രധാനമന്ത്രി ഷെഹ്ബാസ് ഷരീഫ് എന്നിവരാണ് യോഗം ചേരുന്നത്. മൂന്ന് രാജ്യങ്ങളും സംയുക്ത പ്രതിരോധ കരാര്‍ ഒപ്പുവെക്കും.

ആദ്യമായിട്ടാണ് ഇത്തരം ഒരു കരാര്‍ വരുന്നത്. മുസ്ലിം രാജ്യങ്ങളുടെ സൈനിക സഖ്യം രൂപീകരിക്കുമെന്ന് നേരത്തെ പാകിസ്താന്‍ നേതാക്കളെ ഉദ്ധരിച്ച് വാര്‍ത്തകള്‍ വന്നിരുന്നു. ഇസ്ലാമിക് നാറ്റോ എന്നാണ് അന്തര്‍ദേശീയ മാധ്യമങ്ങള്‍ ഈ നീക്കത്തെ വിശേഷിപ്പിച്ചത്. ഇതിലേക്കുള്ള ചുവടായി പുതിയ കരാറിനെ കാണുന്നു. എന്നാല്‍ ഇറാന്‍ ഒറ്റപ്പെടുമോ എന്ന ചോദ്യവും ബാക്കിയാണ്.

saudi turkey pakistan defense deal

പാകിസ്താന്‍ പ്രധാനമന്ത്രി ഷഹ്ബാസ് ഷരീഫും സൈനിക മേധാവി അസിം മുനീറും വ്യാഴാഴ്ച ജിദ്ദയിലെത്തി. ഉര്‍ദുഗാന്‍ ഇന്ന് എത്തും. കരാറിന്റെ വ്യവസ്ഥകള്‍ സംബന്ധിച്ച് മൂന്ന് രാജ്യങ്ങളിലെയും പ്രതിരോധ-വിദേശകാര്യ വകുപ്പ് മന്ത്രിമാര്‍ ധാരണയിലെത്തിയിട്ടുണ്ടത്രെ. ഇന്ന് ഒപ്പുവെക്കല്‍ ചടങ്ങ് മാത്രമായിരിക്കും നടക്കുക എന്നാണ് വിവരം.

മൂന്ന് രാജ്യങ്ങളും പുതിയ പ്രതിരോധ കരാര്‍ ഒപ്പുവെക്കാന്‍ പോകുന്നു എന്ന വിവരം തുര്‍ക്കി രഹസ്യാന്വേഷണ വൃത്തങ്ങളെ ഉദ്ധരിച്ച് സിഎന്‍എന്‍-ന്യൂസ്18 ആണ് വാര്‍ത്ത നല്‍കിയത്. പാകിസ്താനും സൗദി അറേബ്യയും നേരത്തെ പ്രതിരോധ കരാര്‍ ഒപ്പുവച്ചിരുന്നു. ഇതിലേക്ക് തുര്‍ക്കി കൂടി ചേരുകയാണ് ഇപ്പോള്‍. സമാന മനസ്‌കരായ മറ്റു രാജ്യങ്ങളെ കൂടി കരാറിന്റെ ഭാഗമാക്കാന്‍ നീക്കം നടക്കുന്നുണ്ട്.

ലോകത്തെ പ്രധാന ആയുധ നിര്‍മാതാക്കളാണ് തുര്‍ക്കി. ഡ്രോണ്‍ നിര്‍മാണ രംഗത്ത് സജീവമായ നിരവധി തുര്‍ക്കി കമ്പനികളുണ്ട്. നാറ്റോ അംഗ രാജ്യം കൂടിയാണ് തുര്‍ക്കി. നാറ്റോ സൈനിക സഖ്യത്തില്‍ ഏറ്റവും കൂടുതല്‍ സൈന്യമുള്ളത് അമേരിക്ക കഴിഞ്ഞാല്‍ തുര്‍ക്കിക്കാണ്. അമേരിക്കയുടെ ആണവായുധങ്ങള്‍ സൂക്ഷിച്ചിട്ടുള്ള രാജ്യം കൂടിയാണ് തുര്‍ക്കി.

സൗദി അറേബ്യയുടെ സാമ്പത്തിക ശക്തിയും പാകിസ്താന്റെ ആണവ ശക്തിയും തുര്‍ക്കിയുടെ ആയുധ ബലവും ചേരുമ്പോള്‍ മേഖലയില്‍ പുതിയ ശക്തി രൂപപ്പെടുകയാണ്. അതേസമയം, ഇറാന്‍ എങ്ങനെ ഇതിനോട് പ്രതികരിക്കുമെന്നത് നിര്‍ണായകമാണ്. അമേരിക്കയും സംശയത്തോടെയാണ് പുതിയ കരാറിനെ നോക്കിക്കാണുന്നത്. ഇറാനുമായി സൗഹൃദം നിലനിര്‍ത്തുന്ന രാജ്യങ്ങളാണ് പാകിസ്താനും തുര്‍ക്കിയും. അമേരിക്കയെ മേഖലയില്‍ നിന്ന് പുറത്താക്കണം എന്ന് ഇറാന്‍ ഗള്‍ഫ് രാജ്യങ്ങളഓട് ആവശ്യപ്പെട്ടിട്ടുണ്ട്.

25000 പാകിസ്താന്‍ സൈനികരെ സൗദിയില്‍ വിന്യസിക്കാന്‍ നേരത്തെ തയ്യാറാക്കിയ പ്രതിരോധ കരാര്‍ പ്രകാരം സാധിക്കും. 8000 പാക് സൈനികര്‍ നിലവില്‍ സൗദിയിലുണ്ട്. പുതിയ കരാര്‍ ഒപ്പുവെക്കുന്നതോടെ തുര്‍ക്കിയുടെ സൈന്യവും സൗദിയിലേക്ക് വരുമോ എന്നാണ് അറിയേണ്ടത്. കരാര്‍ വ്യവസ്ഥതകളുടെ വിവരങ്ങള്‍ പുറത്തുവരുന്നതോടെ ഇക്കാര്യത്തില്‍ വ്യക്തത വരും.



Source link

Leave a Reply

Your email address will not be published. Required fields are marked *