Headlines

ഇന്ത്യ എല്ലാ പ്രതിസന്ധിയിലും ഒപ്പം നിന്നുവെന്ന് ഷെയ്ഖ് ഹസീന; ‘ബംഗ്ലാദേശിലേക്ക് മടങ്ങും, പിന്തിരിയില്ല’ | Sheikh Hasina Says India Stood By Us Through Every Crisis Vows To Return To Bangladesh


India

oi-Nidhin Illikkambath

ന്യൂഡൽഹി: അധികാരത്തിൽ നിന്ന് പുറത്തായതിന് ശേഷമുള്ള ആദ്യ വാർത്താ സമ്മേളനത്തിൽ ഇന്ത്യയെയും പ്രധാനമന്ത്രി നരേന്ദ്ര മോദിയെയും പ്രശംസിച്ച് മുൻ ബംഗ്ലാദേശ് പ്രധാനമന്ത്രി ഷെയ്ഖ് ഹസീന. ഓൺലൈനായി നടന്ന അന്താരാഷ്ട്ര വാർത്താസമ്മേളനത്തിൽ ഡൽഹിയിൽ നിന്ന് സംസാരിച്ച ഷെയ്ഖ് ഹസീന, തനിക്കെതിരെ നിയമനടപടികൾ തുടരുന്നുണ്ടെങ്കിലും ബംഗ്ലാദേശിലേക്ക് മടങ്ങാനുള്ള തീരുമാനത്തിൽ നിന്ന് പിന്നോട്ടില്ലെന്ന് വ്യക്തമാക്കി.

ഇന്ത്യ ബംഗ്ലാദേശിന്റെ മികച്ച സുഹൃത്താണെന്ന് വിശേഷിപ്പിച്ച ഹസീന, പ്രതിസന്ധിഘട്ടങ്ങളിൽ ഇന്ത്യ എപ്പോഴും ബംഗ്ലാദേശിനൊപ്പം നിന്നിട്ടുണ്ടെന്നും ഇനിയും അതേ പിന്തുണ തുടരുമെന്നും പറഞ്ഞു. ഇന്ത്യയിലെ ഷെയ്ഖ് ഹസീനയുടെ താമസത്തെക്കുറിച്ച് പ്രതികരിച്ച മകനും മുൻ ഐസിടി ഉപദേഷ്‌ടാവുമായ സജീബ് വാസെദ് ജോയ്, പ്രധാനമന്ത്രി നരേന്ദ്ര മോദി ഷെയ്ഖ് ഹസീനയെ ഒരു രാജ്യത്തലവന് നൽകേണ്ട ആദരവോടെയാണ് പരിഗണിച്ചതെന്നും പറഞ്ഞു.

sheikh hasina

ഷെയ്ഖ് ഹസീനയ്ക്ക് പൂർണ സുരക്ഷ ഒരുക്കിയിട്ടുണ്ടെന്നും ഇന്ത്യൻ സർക്കാർ പരമാവധി ബഹുമാനത്തോടെയാണ് പെരുമാറിയതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. എന്നാൽ ഷെയ്ഖ് ഹസീന ബംഗ്ലാദേശിലേക്ക് മടങ്ങാനുള്ള തന്റെ തീരുമാനം വീണ്ടും ആവർത്തിച്ചു. മടങ്ങിയാൽ അറസ്‌റ്റിലാകുകയോ ജയിലിൽ കഴിയേണ്ടിവരികയോ ചെയ്തേക്കാമെന്ന് അറിയാമെങ്കിലും, ജനങ്ങളോടുള്ള തന്റെ ഉത്തരവാദിത്വം നിറവേറ്റുന്നതിൽ നിന്ന് ഭയം തന്നെ പിന്തിരിപ്പിക്കില്ലെന്ന് അവർ പറഞ്ഞു.

അവാമി ലീഗ് അധികാരത്തിൽ നിന്ന് പുറത്തായതിന് ശേഷം ബംഗ്ലാദേശിന്റെ സമ്പദ്‌വ്യവസ്ഥ കുത്തനെ തകർന്നുവെന്ന് ഷെയ്ഖ് ഹസീന ആരോപിച്ചു. രാജ്യത്തിന്റെ ജിഡിപി വളർച്ചാ നിരക്ക് ഗണ്യമായി കുറഞ്ഞതായും, പതിറ്റാണ്ടുകൾക്ക് ശേഷം ആദ്യമായി വ്യവസായ ഉൽപ്പാദനം ഇടിഞ്ഞതായും, ബാങ്കുകളിലെ കിട്ടാക്കടം വലിയ തോതിൽ വർധിച്ചതായും അവർ ചൂണ്ടിക്കാട്ടി.

കൂടാതെ, രാജ്യത്ത് ദാരിദ്ര്യം വർധിച്ചുവെന്നും, ആഭ്യന്തരവും വിദേശവുമായ നിക്ഷേപങ്ങൾ ഗണ്യമായി കുറഞ്ഞുവെന്നും ഷെയ്ഖ് ഹസീന ആരോപിച്ചു. താൻ അധികാരത്തിലിരുന്ന കാലത്ത് കൈവരിച്ച സാമ്പത്തിക പുരോഗതിയും വികസന നേട്ടങ്ങളും നിലവിലെ സാഹചര്യത്തിൽ തിരിച്ചടിയേറ്റിരിക്കുകയാണെന്നും അവർ അവകാശപ്പെട്ടു.

2024 ഓഗസ്‌റ്റ് 5-ന് ദിവസങ്ങളോളം നീണ്ട പ്രതിഷേധങ്ങൾക്കൊടുവിൽ പ്രതിഷേധക്കാർ ഔദ്യോഗിക വസതി വളഞ്ഞതിനെ തുടർന്ന് സർക്കാർ വീണതോടെയാണ് ഷെയ്ഖ് ഹസീന ബംഗ്ലാദേശ് വിട്ട് ഇന്ത്യയിലേക്ക് എത്തിയത്. ന്യൂഡൽഹിയിൽ അഭയം തേടി ഏകദേശം രണ്ട് വർഷം പിന്നിടുമ്പോഴും ഷെയ്ഖ് ഹസീനയുടെ ഇന്ത്യയിലെ താമസം ഇന്ത്യ-ബംഗ്ലാദേശ് ബന്ധത്തിൽ ഇപ്പോഴും തർക്ക വിഷയമായി തുടരുകയാണ്.

ഷെയ്ഖ് ഹസീനയെ തിരിച്ചയക്കണമെന്ന് ബംഗ്ലാദേശ് പലവട്ടം ആവശ്യപ്പെട്ടിരുന്നു. നിലവിലെ ബംഗ്ലാദേശ് ഭരണകൂടം ഇത് നിയമപരമായ നടപടിക്രമമാണെന്നും അതനുസരിച്ച് തീരുമാനമുണ്ടാകുമെന്നും അറിയിച്ചിട്ടുണ്ട്. അതേസമയം, സജീബ് വാസെദ് ജോയ് ബംഗ്ലാദേശ് ഇപ്പോൾ ഇന്ത്യയുടെ കിഴക്കൻ അതിർത്തിയിലെ മറ്റൊരു പാകിസ്ഥാനായി മാറിയിരിക്കുകയാണെന്നാണ് പറഞ്ഞത്.

അവാമി ലീഗ് ഭരണകാലത്ത് അറസ്‌റ്റ് ചെയ്‌ത നൂറുകണക്കിന് ശിക്ഷിക്കപ്പെട്ട തീവ്രവാദികളെ ജയിലിൽ നിന്ന് മോചിപ്പിച്ചെന്നും, ഹിസ്ബ് ഉത്-തഹ്റീർ, അൽ-ഖ്വയ്‌ദ പോലുള്ള സംഘടനകളുമായി ബന്ധപ്പെട്ട പ്രവർത്തകർ ഇപ്പോൾ പരസ്യമായി പ്രവർത്തിക്കുന്നുവെന്നും അദ്ദേഹം ആരോപിച്ചു. ഇത് ഇന്ത്യയ്ക്ക് മാത്രമല്ല, അന്താരാഷ്ട്ര സമൂഹത്തിനാകെ ഭീഷണിയാണെന്നും, ആവശ്യമായ നടപടികൾ സ്വീകരിച്ചില്ലെങ്കിൽ ഭാവിയിൽ ബംഗ്ലാദേശ് ആഗോള തീവ്രവാദത്തിന്റെ പ്രധാന കേന്ദ്രങ്ങളിലൊന്നായി മാറാൻ സാധ്യതയുണ്ടെന്നും അദ്ദേഹം മുന്നറിയിപ്പ് നൽകി.



Source link

Leave a Reply

Your email address will not be published. Required fields are marked *