Headlines

നെടുമ്പാശ്ശേരി വിമാനത്താവളത്തെ കൊച്ചി ഔട്ടർ റിംഗ് റോഡുമായി ബന്ധിപ്പിക്കും; 2 കിലോമീറ്ററിൽ ലിങ്ക് റോഡ് വരും | Nedumbassery Airport To Be Connected With Kochi Outer Ring Road; 2 Km Link Road To Be Constructed


Kerala

oi-Nidhin Illikkambath

കൊച്ചി: നെടുമ്പാശ്ശേരി വിമാനത്താവളത്തിലേക്കുള്ള യാത്ര കൂടുതൽ സുഗമമാക്കുന്നതിനായി പദ്ധതിയുമായി അധികൃതർ. നെടുമ്പാശ്ശേരി വിമാനത്താവളത്തെ നിർമ്മാണം ആരംഭിക്കാനിരിക്കുന്ന കൊച്ചി ഔട്ടർ റിംഗ് റോഡുമായി ബന്ധിപ്പിക്കുന്ന 2 കിലോമീറ്റർ നീളമുള്ള പുതിയ ലിങ്ക് റോഡ് നിർമ്മിക്കാനാണ് പദ്ധതി. അങ്കമാലിയിലെ കരയംപറമ്പിൽ നിന്ന് ആരംഭിച്ച് അരൂരിലെത്തുന്ന ഔട്ടർ റിംഗ് റോഡിലേക്കാണ് ഈ പുതിയ റോഡ് ബന്ധിപ്പിക്കുക.

ഇതിനായി *ദേശീയപാത അതോറിറ്റിയും കൊച്ചി അന്താരാഷ്ട്ര വിമാനത്താവളം (സിയാൽ) അധികൃതരും തമ്മിൽ ചർച്ച നടത്തി. പദ്ധതിക്കായി ആവശ്യമായ ഭൂമി വിട്ടുനൽകാൻ സിയാൽ സമ്മതിച്ചതായാണ് വിവരം.
പുതിയ ലിങ്ക് റോഡ് യാഥാർഥ്യമായാൽ വിമാനത്താവളത്തിലേക്ക് നേരിട്ട് എത്താൻ കഴിയുന്നതിനാൽ പ്രാദേശിക റോഡുകളിലെ ഗതാഗതക്കുരുക്ക് ഒഴിവാക്കാനും യാത്രാസമയം ഗണ്യമായി കുറയ്ക്കാനും സാധിക്കുമെന്ന് എൻഎച്ച്എഐ ഉദ്യോഗസ്ഥർ അറിയിച്ചു.

kochi

അതേസമയം, പദ്ധതിക്ക് ആവശ്യമായ സ്വകാര്യഭൂമി ഏറ്റെടുക്കുന്നതിനുള്ള ചെലവ് സർക്കാർ വഹിക്കണമെന്നാണ് സിയാലിന്റെ ആവശ്യം. വിമാനത്താവള ഭൂമിക്ക് പുറമെ ഏകദേശം 1.5 കിലോമീറ്റർ ദൂരത്തിൽ സ്വകാര്യഭൂമി ഏറ്റെടുത്താൽ മാത്രമേ ലിങ്ക് റോഡിന്റെ നിർമ്മാണം പൂർത്തിയാക്കാനാകൂവെന്നാണ് സിയാൽ അധികൃതർ പറയുന്നത്.

വിമാനത്താവള ടെർമിനലിന്റെയും റൺവേയുടെയും വടക്കുകിഴക്കൻ ഭാഗത്ത് നിന്ന് ആരംഭിക്കുന്ന ഈ റോഡ് മറ്റൂരിന് സമീപം ഔട്ടർ റിങ് റോഡുമായി ചേരും. പദ്ധതിയുടെ എൻജിനീയറിങ് രൂപകൽപനയും ഗതാഗത ഏകോപനവും അന്തിമമാക്കുന്നതിനായി നാഷണൽ ട്രാൻസ്പോർട്ടേഷൻ പ്ലാനിങ് ആൻഡ് റിസർച്ച് സെന്റർ സാധ്യതാപഠനം ആരംഭിച്ചിട്ടുണ്ട്.

ഈ ലിങ്ക് റോഡ്, നേരത്തെ അങ്കമാലി-അരൂർ ബൈപാസ് എന്നറിയപ്പെട്ടിരുന്ന കൊച്ചി ഔട്ടർ റിംഗ് റോഡിന്റെ പ്രധാന ഫീഡർ റോഡായിരിക്കും. കേന്ദ്ര സർക്കാർ വീണ്ടും അംഗീകാരം നൽകിയ 6935.6 കോടി രൂപയുടെ ഈ പദ്ധതി കൊച്ചി നഗരത്തിലെ രൂക്ഷമായ ഗതാഗതക്കുരുക്ക് കുറയ്ക്കുക എന്ന ലക്ഷ്യത്തോടെയാണ് നടപ്പാക്കുന്നത്.

ആദ്യഘട്ടത്തിൽ 44.7 കിലോമീറ്റർ ദൈർഘ്യമുള്ള ആറുവരി ബൈപാസായി കുണ്ടന്നൂർ വരെ മാത്രമായിരുന്നു പദ്ധതി വിഭാവനം ചെയ്‌തിരുന്നത്. എന്നാൽ വാഹനങ്ങളുടെ എണ്ണം വൻതോതിൽ വർധിച്ചതായി പഠനങ്ങൾ കണ്ടെത്തിയതിനെ തുടർന്ന് പദ്ധതി 49.5 കിലോമീറ്റർ നീളമുള്ള എട്ടുവരി എക്‌സ്പ്രസ് ഹൈവേയായി വികസിപ്പിക്കുകയും അരൂർ വരെ നീട്ടുകയും ചെയ്യുകയായിരുന്നു.

അരൂരിൽ ഈ റോഡ് നിലവിൽ നിർമ്മാണത്തിലിരിക്കുന്ന അരൂർ-തുറവൂർ ഉയരപ്പാതയുമായി നേരിട്ട് ബന്ധിപ്പിക്കും. ഇതോടെ മധ്യകേരളത്തിലുടനീളമുള്ള ഗതാഗതത്തിന് തടസ്സമില്ലാത്ത ഒരു പ്രധാന പാത രൂപപ്പെടും. അതേസമയം, ജൂൺ 19-ന് കേന്ദ്ര റോഡ് ഗതാഗത മന്ത്രാലയം അനുമതി നൽകിയ ഔട്ടർ റിംഗ് റോഡ് പദ്ധതിക്കായുള്ള ഭൂമി ഏറ്റെടുക്കൽ നടപടികൾ ഔദ്യോഗികമായി ആരംഭിച്ചിട്ടുണ്ട്.



Source link

Leave a Reply

Your email address will not be published. Required fields are marked *