Last Updated:
അർബുദ രോഗബാധയെ തുടർന്ന് ചികിത്സയിലായിരുന്നു
ഗജിനി എന്ന ചിത്രത്തിലെ വില്ലൻ കഥാപാത്രത്തിലൂടെ പ്രേക്ഷകശ്രദ്ധ നേടിയ നടൻ പ്രദീപ് റാവത്ത് (74) അന്തരിച്ചു. അർബുദ രോഗബാധയെ തുടർന്ന് ചികിത്സയിലായിരുന്നു. ചൊവ്വാഴ്ച വൈകിട്ടോടെയാണ് അന്ത്യം സംഭവിച്ചത്.
നാല് വർഷം മുമ്പ് അർബുദ രോഗമുക്തി നേടിയിരുന്നെങ്കിലും ഒന്നര മാസം മുമ്പ് രോഗം വീണ്ടും ബാധിക്കുകയായിരുന്നു. തുടർന്ന് കഴിഞ്ഞ ഒരു മാസമായി അദ്ദേഹം ആശുപത്രിയിൽ തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലായിരുന്നു. ആഗസ്റ്റ് 4-ന് വൈകിട്ട് 6-നും 6.30-നും ഇടയിലാണ് അന്ത്യം സംഭവിച്ചതെന്ന് അദ്ദേഹത്തിന്റെ മാനേജർ സിദ്ധാർത്ഥ് തിവാരി സ്ഥിരീകരിച്ചു. ചൊവ്വാഴ്ച വൈകിട്ടോടെ രക്തത്തിലെ പ്ലേറ്റ്ലെറ്റ് നിരക്ക് താഴുകയും ആരോഗ്യം വഷളാവുകയുമായിരുന്നു.
ബുധനാഴ്ച വൈകിട്ടോടെ മുംബൈ ഗോരേഗാവിലെ വസതിയിൽ പൊതുദർശനത്തിന് വെച്ച ശേഷം സംസ്കാര ചടങ്ങുകൾ നടക്കും. ഭാര്യ കല്യാണി റാവത്തും മകൻ വിക്രമാദിത്യയുമാണ് അദ്ദേഹത്തിന്റെ കുടുംബം. നടൻ യശ്പാൽ ശർമ്മ ഉൾപ്പെടെയുള്ള ചലച്ചിത്ര മേഖലയിലെ പ്രമുഖരും ആരാധകരും സോഷ്യൽ മീഡിയയിലൂടെ അദ്ദേഹത്തിന് ആദരാഞ്ജലികൾ അർപ്പിച്ചു.
ടെലിവിഷൻ പരമ്പരകളിലൂടെ അഭിനയരംഗത്തെത്തിയ പ്രദീപ് റാവത്ത് 1988-ൽ ബി.ആർ. ചോപ്രയുടെ ‘മഹാഭാരതം’ പരമ്പരയിലെ അശ്വത്ഥാമാവ് എന്ന കഥാപാത്രത്തിലൂടെയാണ് രാജ്യത്തുടനീളം ശ്രദ്ധേയനായത്.
പിന്നീട് ഹിന്ദി, തമിഴ്, തെലുങ്ക് തുടങ്ങി വിവിധ ഭാഷകളിൽ ശ്രദ്ധേയമായ നിരവധി കഥാപാത്രങ്ങൾക്ക് ജീവൻ നൽകി. തമിഴ്, ഹിന്ദി പതിപ്പുകളിൽ ഒരുപോലെ തരംഗമായ എ.ആർ. മുരുഗദോസ് ചിത്രം ഗജിനിയിലെ വില്ലൻ കഥാപാത്രം (അദ്ദേഹത്തിന്റെ കരിയറിലെ ഏറ്റവും മികച്ച പ്രകടനങ്ങളിൽ ഒന്നാണ്. അമീർ ഖാൻ ചിത്രം ലഗാനിലെ പഹൽവാൻ ദേവ എന്ന കഥാപാത്രവും, സർഫറോഷ് തുടങ്ങിയ ചിത്രങ്ങളിലെ വേഷങ്ങളും പ്രദീപ് റാവത്ത് എന്ന നടന്റെ വൈവിധ്യം തെളിയിച്ചവയാണ്.
New Delhi,New Delhi,Delhi
