Headlines

60 വർഷത്തെ കാത്തിരിപ്പ്; ഒടുവിൽ ഒരു കോടി രൂപ സ്വന്തമായി സമാഹരിച്ച് ഉത്തർപ്രദേശിൽ ഗ്രാമവാസികൾ പാലം പണിതു | Buzz News


Last Updated:

60 വർഷത്തെ കാത്തിരിപ്പിനൊടുവിൽ ഒരു കോടി രൂപ സമാഹരിച്ച് ഉത്തർപ്രദേശ് ഗ്രാമവാസികൾ പാലം പണിതു

News18
News18

തിരഞ്ഞെടുപ്പുകൾ പലതുവന്നു, ജനപ്രതിനിധികൾ മാറിമാറി വാഗ്ദാനങ്ങൾ നൽകി, സർവേകൾ നടന്നു… പക്ഷേ ഉത്തർപ്രദേശിലെ ഗാസിപൂർ ജില്ലയിലുള്ള മാഗായി നദിക്ക് കുറുകെ ഒരു പാലമെന്ന ഗ്രാമവാസികളുടെ സ്വപ്നം മാത്രം ആറ് പതിറ്റാണ്ടുകളായി ചുവപ്പുനാടയിൽ കുരുങ്ങിക്കിടന്നു. ഒടുവിൽ, 2024-ൽ ആ കാത്തിരിപ്പ് അവസാനിപ്പിക്കാൻ നാട്ടുകാർ ഒന്നിച്ച് തീരുമാനിച്ചു. ഫലം, ഗ്രാമീണ ഇന്ത്യയുടെ ചരിത്രത്തിലെ ഏറ്റവും വലിയ ജനകീയ നേട്ടങ്ങളിലൊന്നായി മാറിയ ഒരു അത്ഭുത പാലത്തിന്റെ നിർമ്മാണം.

മാഗായി നദിയുടെ ഇരുവശങ്ങളിലുമായി കിടക്കുന്ന അമ്പതോളം ഗ്രാമങ്ങളിലെ ജനങ്ങളാണ് പതിറ്റാണ്ടുകളായി യാത്രാക്ലേശം അനുഭവിച്ചത്. സ്കൂളുകൾ, ആശുപത്രികൾ, മാർക്കറ്റുകൾ, ജോലിസ്ഥലങ്ങൾ എന്നിവയെല്ലാം നദിക്ക് അക്കരെയായിരുന്നു. ഒരു പാലമില്ലാത്തതിനാൽ കിലോമീറ്ററുകളോളം ചുറ്റിക്കറങ്ങിയാണ് ഇവർ നഗരത്തിലെത്തിയിരുന്നത്.

മഴക്കാലമായാൽ ദുരിതം ഇരട്ടിയാകും. ചെറിയ ബോട്ടുകളെ ആശ്രയിച്ച് നദി മുറിച്ചുകടക്കാൻ ശ്രമിക്കുന്നതിനിടെ ശക്തമായ ഒഴുക്കിൽപ്പെട്ട് നിരവധി ജീവനുകൾ ഇവിടെ പൊലിഞ്ഞിട്ടുണ്ട്. ഈ പ്രശ്നം പരിഹരിക്കാൻ 58 വർഷത്തോളമായി നാട്ടുകാർ മുട്ടാത്ത വാതിലുകളില്ല.

വർഷങ്ങളായുള്ള ഈ കാത്തിരിപ്പിന് അറുതിവരുത്താൻ മുന്നിട്ടിറങ്ങിയത് ഇന്ത്യൻ സൈന്യത്തിന്റെ എഞ്ചിനീയറിംഗ് കോർപ്സിൽ നിന്ന് വിരമിച്ച രവീന്ദ്ര യാദവ് എന്ന മുൻ സൈനികനാണ്. സ്വന്തം നാട്ടുകാരുടെ കണ്ണീരൊപ്പാൻ അദ്ദേഹമെടുത്ത തീരുമാനമാണ് ഈ പാലം പണിക്ക് പിന്നിൽ.

തന്റെ പെൻഷൻ ഫണ്ടിൽ നിന്ന് സമാഹരിച്ച 10 ലക്ഷം രൂപയാണ് പദ്ധതിക്കായി അദ്ദേഹം ആദ്യം മാറ്റിവെച്ചത്. ഒരു ആർമി എഞ്ചിനീയർ എന്ന നിലയിലുള്ള തന്റെ സാങ്കേതിക വിജ്ഞാനം ഉപയോഗിച്ച് അദ്ദേഹം പാലത്തിന്റെ രൂപരേഖ തയ്യാറാക്കുകയും നിർമ്മാണത്തിന് നേരിട്ട് നേതൃത്വം നൽകുകയും ചെയ്തു.

രവീന്ദ്ര യാദവിന്റെ ആത്മാർത്ഥത കണ്ട് ഗ്രാമം ഒന്നടങ്കം അദ്ദേഹത്തിനൊപ്പം നിന്നു. സാമ്പത്തികമായി സഹായിക്കാൻ കഴിയുന്നവർ പണം നൽകി. ഇല്ലാത്തവർ നിർമ്മാണത്തിനായി കഠിനമായി അധ്വാനിച്ചു. പ്രായഭേദമന്യേ കുട്ടികളും മുതിർന്നവരും സ്ത്രീകളും ഒരേ മനസ്സോടെ മണ്ണും സിമന്റും ചുമന്നു.

സർക്കാരിൽ നിന്ന് ഒരു രൂപയുടെ പോലും സഹായമില്ലാതെ, ജനങ്ങളിൽ നിന്ന് മാത്രം ഏകദേശം ഒരു കോടി രൂപ സമാഹരിച്ചാണ് മാഗായി നദിക്ക് കുറുകെയുള്ള ഈ വലിയ പാലം അവർ യാഥാർത്ഥ്യമാക്കിയത്.

നാട്ടുകാരുടെ ഈ അതിശയിപ്പിക്കുന്ന കൂട്ടായ്മയുടെ കഥ സമൂഹമാധ്യമങ്ങളിലൂടെയാണ് പുറത്തു വന്നത്. ഒടുവിൽ, സംഭവം വലിയ വാർത്തയായതോടെ നിർമ്മാണ പ്രവർത്തനങ്ങൾ നേരിട്ട് വിലയിരുത്താൻ സർക്കാർ ഉദ്യോഗസ്ഥർക്കും സ്ഥലത്തെത്തേണ്ടി വന്നു.

വർഷങ്ങൾ നീണ്ട കഠിനാധ്വാനത്തിനൊടുവിൽ ആ പാലം ഇന്ന് ജനങ്ങൾക്കായി തുറന്നു കൊടുത്തിരിക്കുകയാണ്. അറുപത് വർഷത്തെ അവഗണനയ്ക്ക് ഗാസിപൂരിലെ ജനങ്ങൾ തങ്ങളുടെ അധ്വാനം കൊണ്ട് നൽകിയ മറുപടിയാണത്. ഈ പാലം വെറുമൊരു യാത്രാമാർഗ്ഗം മാത്രമല്ല, ഒരു നാട് ഒന്നിച്ചുനിന്നാൽ ഏത് പ്രതിസന്ധിയും മറികടക്കാമെന്ന് തെളിയിക്കുന്ന ആത്മവിശ്വാസത്തിന്റെ വലിയൊരു പ്രതീകം കൂടിയാണ്.

മലയാളം വാർത്തകൾ/ വാർത്ത/Buzz/

60 വർഷത്തെ കാത്തിരിപ്പ്; ഒടുവിൽ ഒരു കോടി രൂപ സ്വന്തമായി സമാഹരിച്ച് ഉത്തർപ്രദേശിൽ ഗ്രാമവാസികൾ പാലം പണിതു



Source link

Leave a Reply

Your email address will not be published. Required fields are marked *