Headlines

കേരളത്തിൽ ശബരിമല; തമിഴ്നാട്ടിൽ ദീപാവലി; ‘ട്വൻ്റി 20’ ക്ലൈമാക്സിൽ ജയറാം ശരിക്കും എവിടെയായിരുന്നു? | Buzz News


ചിത്രത്തിന്റെ മാസ്സ് ക്ലൈമാക്സ് ഫൈറ്റിന് ശേഷം മമ്മൂട്ടി, മോഹൻലാൽ, സുരേഷ് ഗോപി, ദിലീപ് എന്നിവർക്കൊപ്പം നടൻ ജയറാം എന്തുകൊണ്ട് ഉണ്ടായിരുന്നില്ല? സൂപ്പർതാരങ്ങൾ ഒരുമിച്ച് നടന്നു വരുന്ന ആ ഐക്കോണിക് മാസ്സ് രംഗത്തിൽ നിന്ന് ജയറാം മാത്രം മാറിനിന്നതിനെക്കുറിച്ച് താരം പല അഭിമുഖങ്ങളിൽ നൽകിയ വ്യത്യസ്ത മറുപടികളാണ് ഇപ്പോൾ പ്രേക്ഷകർക്കിടയിൽ വലിയ ചിരിയും ചർച്ചയും ഉണർത്തുന്നത്. തമിഴ്, മലയാളം മാധ്യമങ്ങൾക്ക് നൽകിയ അഭിമുഖങ്ങളിൽ ജയറാം പറഞ്ഞ കാര്യങ്ങളിലെ വൈരുധ്യം ചൂണ്ടിക്കാണിച്ചാണ് സിനിമാ ഗ്രൂപ്പുകളിൽ കുറിപ്പുകൾ വൈറലാകുന്നത്.

തമിഴിൽ പറഞ്ഞ ‘ദീപാവലി കഥ’

ട്വന്റി 20 ക്ലൈമാക്സിൽ താൻ ഇല്ലാത്തതിന്റെ കാരണം ഒരു തമിഴ് ചാനൽ അഭിമുഖത്തിൽ ജയറാം വിശദീകരിച്ചത് ഇങ്ങനെയാണ്:

‘‘നിങ്ങൾ ആ ക്ലൈമാക്സ് ഒന്നുകൂടി കണ്ടുനോക്കൂ, അവസാനം ഈ ഒരാൾ (ഞാൻ) മാത്രം അതിൽ ഉണ്ടാകില്ല. എന്താണെന്നുവെച്ചാൽ, ക്ലൈമാക്സ് ഷൂട്ട് ചെയ്തുകൊണ്ടിരിക്കുമ്പോൾ എന്റെ ഫൈറ്റ് പോർഷനുകൾ ഒക്കെ കഴിഞ്ഞിരുന്നു. അവസാനം ഞങ്ങൾ അഞ്ചു പേരും ചേർന്ന് നടന്നു വരുന്ന ഒരു ഷോട്ട് മാത്രമാണ് ബാക്കിയുണ്ടായിരുന്നത്. ഡയറക്ടർ ജോഷി സാർ പറഞ്ഞു, ‘ഫൈറ്റ് ഒക്കെ കഴിഞ്ഞ് ആ രംഗം എങ്ങനെ വരുമെന്ന് നോക്കിയിട്ടേ ഇത് എടുക്കാൻ പറ്റൂ, അതിന് ഇനി രണ്ടു ദിവസം കൂടിയെടുക്കും’ എന്ന്.

കറക്റ്റ് ദീപാവലി സമയമായിരുന്നു അത്. ഞാൻ സാറിനോട് പറഞ്ഞു, ‘സർ എനിക്ക് വീട്ടിൽ പോകണം, ചെന്നൈയിൽ പോകണം’. അപ്പോൾ ജോഷി സാർ ചോദിച്ചു, ‘നിനക്ക് ദീപാവലിയാണോ വലുത്? അതോ അവസാനം അഞ്ചു പേരും ഒന്നിച്ച് നടന്നു വരുന്നതാണോ വലുത്?’. ഞാൻ കുറച്ചുനേരം ആലോചിച്ചിട്ട് പറഞ്ഞു, ‘സർ, എനിക്ക് ദീപാവലിയാണ് പ്രധാനം’. ‘എങ്കിൽ പൊയ്ക്കോ’ എന്ന് അദ്ദേഹം പറഞ്ഞു.’’

മലയാളത്തിൽ എത്തിയപ്പോൾ അത് ‘ശബരിമല’യായി!

എന്നാൽ, ഒരു മലയാളം ചാനൽ അഭിമുഖത്തിൽ ഇതേ ചോദ്യം ഉയർന്നപ്പോൾ ജയറാം നൽകിയ മറുപടി തികച്ചും വ്യത്യസ്തമായിരുന്നു. ശബരിമലയ്ക്ക് പോകാൻ മാലയിട്ട് തീയതി ബുക്ക് ചെയ്തതിനാലാണ് താൻ ക്ലൈമാക്സ് ഷൂട്ടിന് നിൽക്കാതെ പോയതെന്നാണ് ജയറാം മലയാളത്തിൽ വ്യക്തമാക്കിയത്:

‘‘സത്യമാണ്, അതങ്ങനെയാണ് സംഭവിച്ചത്. എന്റെ ഫൈറ്റ് സീനുകളൊക്കെ കഴിഞ്ഞതുമുതൽ ഞാൻ ജോഷി സാറിനോട് ചോദിച്ചുകൊണ്ടേയിരിക്കുകയായിരുന്നു. ‘വെയ്റ്റ് ചെയ്യെടാ, നിങ്ങളഞ്ചുപേരും കൂടി നടന്നു വരുന്ന ആ ഷോട്ടും കൂടി എടുക്കാം, വൈകുന്നേരത്തിനുള്ളിൽ തീർക്കാം’ എന്ന് അദ്ദേഹം പറയും. അങ്ങനെ അന്ന് വൈകുന്നേരമായിട്ടും ആ ഷോട്ട് എടുക്കാൻ പറ്റിയില്ല. അടുത്ത ദിവസം രാവിലെ മുതൽ ഞാൻ വീണ്ടും പറഞ്ഞു, ‘സർ ഇത് എടുക്ക്’. ‘ഇപ്പൊ എടുക്കാം, ഇപ്പൊ എടുക്കാം’ എന്ന് പറഞ്ഞ് അന്നും അത് നീണ്ടുപോയി.

ഒടുവിൽ തീരുമാനം എടുക്കേണ്ടത് എന്റെ ആവശ്യമായിരുന്നു. എനിക്ക് ശബരിമലയ്ക്ക് പോകണമായിരുന്നു. അപ്പോൾ ആ യാത്ര വേണ്ടെന്നു വെച്ചിട്ട്, ഈ അഞ്ചുപേർ ഒന്നിച്ച് നടന്നു വരുന്നതാണോ അതോ ശബരിമല ദർശനമാണോ വലുത് എന്ന് ചിന്തിച്ചപ്പോൾ, എനിക്ക് ശബരിമലയ്ക്ക് പോകുന്നതാണ് വലുതെന്ന് തോന്നി. അങ്ങനെ ഞാൻ ഇറങ്ങി.’’

‘മറന്നതോ കഥ ഉണ്ടാക്കി പറഞ്ഞതോ’ എന്ന് പ്രേക്ഷകർ

തമിഴ് പ്രേക്ഷകർക്ക് മുന്നിൽ ‘ദീപാവലി’ എന്നും, മലയാളികൾക്ക് മുന്നിൽ ‘ശബരിമല’ എന്നും താരം മാറ്റിപ്പറഞ്ഞത് വെറും മറവി കൊണ്ടാണോ അതോ കഥകൾ ഉണ്ടാക്കി പറയുന്ന ജയറാമിന്റെ പതിവ് ശൈലി കൊണ്ടാണോ എന്നാണ് സിനിമാ പ്രേമികളുടെ സംശയം.

ഇത് കൂടാതെ മറ്റൊരു രസകരമായ കാര്യവും ആരാധകർ ഓർത്തെടുക്കുന്നുണ്ട്. കുടുംബത്തോടൊപ്പം ‘ഓണം’ ആഘോഷിക്കാൻ ചെന്നൈയിലേക്ക് പോയതുകൊണ്ടാണ് ജയറാം ക്ലൈമാക്സിൽ ഉണ്ടാകാതിരുന്നതെന്ന മറ്റൊരു കഥയും മുൻപ് സോഷ്യൽ മീഡിയയിൽ പ്രചരിച്ചിരുന്നു. ഏതായാലും ദീപാവലിയായാലും ഓണമായാലും ശബരിമലയായാലും, മലയാള സിനിമയിലെ ആ ചരിത്ര ഫ്രെയിമിൽ ജയറാം കൂടി ഉണ്ടായിരുന്നുവെങ്കിൽ അത് കൂടുതൽ ഗംഭീരമാകുമായിരുന്നു എന്നാണ് ആരാധകരുടെ പക്ഷം.



Source link

Leave a Reply

Your email address will not be published. Required fields are marked *